കൊച്ചി: ആളൊഴിഞ്ഞ വീട്ടിൽ വെളിച്ചം കണ്ടെന്ന നാട്ടുകാരുടെ ഫോൺ സന്ദേശത്തെ തുടർന്ന് പോലീസ് നടത്തിയ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു ജീവൻ. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ രാത്രികാല പട്രോളിംഗ് സംഘമാണ് ആത്മഹത്യക്ക് ശ്രമിച്ചയാളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
പോലീസിന്റെ അവസരോചിതമായ ഇടപെടൽ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ രാത്രികാല പട്രോളിംഗ് സംഘത്തിന് 112 കൺട്രോൾ റൂമിൽ നിന്നാണ് അടിയന്തര സന്ദേശം ലഭിക്കുന്നത്. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്നും ആരോ അതിക്രമിച്ചു കയറിയതായി സംശയമുണ്ടെന്നും നാട്ടുകാർ അറിയിച്ചെന്നായിരുന്നു സന്ദേശം.
ഉടൻതന്നെ സ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ് സംഘം നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ആരും അവിടെ താമസിക്കാറില്ലെന്നും എന്നാൽ വൈകുന്നേരത്തോടെ കുടുംബനാഥനെ വീടിന്റെ പരിസരത്ത് കണ്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചു.
തുടർന്ന് പോലീസ് സംഘം മതിൽ ചാടിക്കടന്ന് വീടിന്റെ അടുത്തെത്തി. മുൻവശത്തെ വാതിൽ പൂട്ടിയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്ന നിലയിലായിരുന്നു.
അകത്ത് പ്രവേശിച്ച പോലീസ് കണ്ടത് കിടപ്പുമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നതാണ്. ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ താങ്ങിയെടുത്ത് തുണി അറുത്തുമാറ്റി പോലീസ് ജീപ്പിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അടിയന്തര ചികിത്സ നൽകിയെങ്കിലും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒഴിവില്ലാത്തതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഴുത്തിലെ പരിക്കിന് സാധ്യതയുള്ളതിനാൽ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ നഗരത്തിലെ മെഡിക്കൽ ഷോപ്പുകളിൽ തിരച്ചിൽ നടത്തി.
ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് കോളർ സംഘടിപ്പിച്ച് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ഇയാളുടെ ബന്ധുക്കളെയും പോലീസ് വിവരമറിയിച്ചു.
അവർ എത്തുന്നതുവരെ പോലീസ് സംഘം ആശുപത്രിയിൽ തുടർന്നു. സമർത്ഥമായ രക്ഷാപ്രവർത്തനം നടത്തിയ സബ് ഇൻസ്പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവരുടെ പ്രവൃത്തിയെ സേന അഭിനന്ദിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]