തിരുവനന്തപുരം ∙ നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സംസ്ഥാന അതിർത്തിയായ കളിയക്കാവിളയിൽ ആചാരപരമായ സ്വീകരണം. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്നാണ് ഘോഷയാത്രയെ വരവേറ്റത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, അംഗം അഡ്വ പി.ഡി.സന്തോഷ്കുമാർ, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ എന്നിവർ ചേർന്ന് ആചാരപരമായി താലം നൽകി വിഗ്രഹ ഘോഷയാത്രയെ സംസ്ഥാനത്തേക്ക് സ്വീകരിച്ചു.
കേരള പൊലീസ് പുരുഷ, വനിതാ ബറ്റാലിയനുകളും തമിഴ്നാട് പൊലീസും വിഗ്രഹ ഘോഷയാത്രയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകി.
കഴിഞ്ഞ ദിവസമാണ് വിഗ്രഹ ഘോഷയാത്ര പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. തിങ്കളാഴ്ച (സെപ്റ്റംബർ 22) വൈകിട്ട് വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരം നഗരത്തിൽ എത്തിച്ചേരും.
തേവാരക്കാട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് എത്തുന്നത്. കളിയക്കാവിളയിലെ സ്വീകരണ ചടങ്ങിൽ എം.വിൻസന്റ് എംഎൽഎ, തമിഴ്നാട് വിളവൻകോട് എംഎൽഎ താരഹൈ കുത്ത്ബെർട്ട്, കന്യാകുമാരി ദേവസ്വം ജോ.
കമ്മിഷണർ എ. ജാൻസി റാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ എന്നിവർ എന്നിവർ പങ്കെടുത്തു.
സാംസ്കാരിക വൈവിധ്യത്തിനിടയിലും ഐക്യത്തിന്റെ പ്രതീകമാണ് നവരാത്രി: ഗവർണർ
സാംസ്കാരിക വൈവിധ്യത്തിനിടയിലും രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് നവരാത്രി ഉത്സവമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. കേരള–തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ നവരാത്രി വിഗ്രഹങ്ങൾ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളമോ തമിഴ്നാടോ രാജ്യത്തിന്റെ മറ്റേതു ഭാഗമായാലും നവരാത്രി ആഘോഷങ്ങളുടെ ആവേശം ജാതി, വർണം, മതം, വർഗം എന്നീ മതിലുകൾ മറികടന്ന് ഒരുപോലെ പ്രകടമാകുന്നതായി ഗവർണർ നിരീക്ഷിച്ചു. അതിർത്തികളെ കവിയുന്ന ഉത്സവാത്മകമായ ഭാവമാണ് നമ്മെല്ലാവരെയും ഒന്നിച്ചു നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]