കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് തിരികെ നൽകണമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി. ആവശ്യം അംഗീകരിക്കാനാവില്ലെന്നും അഫ്ഗാനിസ്ഥാന്റെ മണ്ണിൽ ഒരു വിദേശ ശക്തിക്കും ഇടം നൽകില്ലെന്നും താലിബാൻ വ്യക്തമാക്കി.
2021-ൽ അധികാരം പിടിച്ചെടുത്തത് മുതൽ താലിബാന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം. ഡൊണാൾഡ് ട്രംപിന്റെ പേര് പരാമർശിക്കാതെ, അഫ്ഗാൻ സായുധ സേനാ മേധാവി ഫസിഹുദ്ദീൻ ഫിത്രാത്ത് കാബൂളിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“അഫ്ഗാനിസ്ഥാൻ ഇന്ന് പൂർണമായും സ്വതന്ത്രമാണ്. സ്വന്തം ജനങ്ങളാണ് ഈ രാജ്യം ഭരിക്കുന്നത്.
ഒരു വിദേശ ശക്തിയെയും ഞങ്ങൾ ആശ്രയിക്കുന്നില്ല. ബഗ്രാം താവളം തിരികെ നൽകുന്നത് സംബന്ധിച്ച് ഒരു ചർച്ചയ്ക്കും സാധ്യതയില്ല.
അഫ്ഗാന്റെ ഒരിഞ്ച് മണ്ണ് പോലും ഒരു കരാറിന്റെ ഭാഗമായി ആർക്കും വിട്ടുനൽകില്ല,” അദ്ദേഹം പറഞ്ഞു. വ്യോമതാവളം വിട്ടുനൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ മാത്രം അകലെയാണ് ബഗ്രാം സ്ഥിതി ചെയ്യുന്നത്. എന്താണ് ബഗ്രാം എയർ ബേസ്? അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ നടന്ന യുഎസ് സൈനിക നീക്കങ്ങളുടെയെല്ലാം പ്രധാന കേന്ദ്രമായിരുന്നു ബഗ്രാം വ്യോമതാവളം.
താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം ആയിരക്കണക്കിന് ആളുകളെ വർഷങ്ങളോളം വിചാരണ കൂടാതെ യുഎസ് സേന ഇവിടെ തടവിലാക്കിയിരുന്നു. സൈനികർക്കായി ബർഗർ കിംഗ്, പിസ്സ ഹട്ട് പോലുള്ള റെസ്റ്റോറന്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടങ്ങിയ ഒരു ചെറിയ നഗരം പോലെയായിരുന്നു ഈ താവളം.
ഒരു വലിയ ജയിലും ഇതിന്റെ ഭാഗമായിരുന്നു. 2021 ജൂലൈയിലാണ് യുഎസ്, നാറ്റോ സൈനികർ ബഗ്രാമിൽ നിന്ന് പൂർണമായി പിൻവാങ്ങിയത്.
ട്രംപ് ഭരണകൂടം താലിബാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ബൈഡൻ ഭരണകൂടത്തിന്റെ ഈ പിന്മാറ്റം. എന്തുകൊണ്ട് ബഗ്രാം യുഎസിന് നിർണായകം? ബഗ്രാമിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് അമേരിക്കയ്ക്ക് ഈ താവളത്തിലുള്ള താൽപര്യത്തിന് പ്രധാന കാരണം.
ഇറാൻ, പാകിസ്ഥാൻ, ചൈനയുടെ സിൻജിയാങ് പ്രവിശ്യ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും സ്വാധീനം ഉറപ്പിക്കാനും ബഗ്രാം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ തന്ത്രപരമായ നേട്ടം മുന്നിൽ കണ്ടാണ് ട്രംപ് വീണ്ടും ബഗ്രാം തിരികെ പിടിക്കാൻ ലക്ഷ്യമിടുന്നത്.
അടുത്തിടെ യുകെയിൽ പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ താൽപര്യം പരസ്യമാക്കിയത്. “ഞങ്ങൾ ബഗ്രാം തിരികെ നേടാൻ ശ്രമിക്കുകയാണ്.
അതൊരു ബ്രേക്കിംഗ് ന്യൂസ് ആണ്. അവർക്ക് നമ്മിൽ നിന്ന് ചിലത് ആവശ്യമുണ്ട്, അതിനാൽ നമുക്കത് തിരികെ നേടാനാകും,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]