തലശ്ശേരി ∙ ഗായികയും നാടകനടിയുമായ പള്ളൂർ ഗവ.ഹൈസ്കൂളിലെ റിട്ട.സംഗീതാധ്യാപിക കാവുംഭാഗം പോസ്റ്റ് ഓഫിസിനു സമീപം ആനന്ദഭൈരവിയിൽ എം.എൽ.പൗളീന (93) അന്തരിച്ചു. ‘അമ്പിളി മാമന്റെ വെള്ളിത്തളികയിൽ തുമ്പപ്പൂ കണ്ടോ ചങ്ങാതീ’ എന്ന ഗാനത്തെ അനശ്വരമാക്കിയ ഗായികയാണു പൗളീന.
സംഗീതാധ്യാപകനും സംഗീത ഉപകരണ നിർമാതാവുമായ അച്ഛൻ എം.എൽ.തമ്പിയുടെ കൈപിടിച്ച് എട്ടാം വയസ്സിലാണു പൗളീന ആദ്യ കച്ചേരിയിൽ പങ്കെടുക്കുന്നത്. തിരുവങ്ങാട് ഭാരതീയ നാട്യ കലാലയത്തിലെ സംഗീതാധ്യാപകൻ ടി.എം.നാണു ഭാഗവതരായിരുന്നു ആദ്യ ഗുരുനാഥൻ.
24 വർഷം അദ്ദേഹത്തിന്റെ കീഴിൽ സംഗീതം പഠിച്ചു. ഇതിനിടെ, മദിരാശി ഗവ.മ്യൂസിക് ഹയർ ബിരുദം നേടി സംഗീതാധ്യാപികയായി.
ഗായകരും സംഗീത സംവിധായകരുമായിരുന്നു പൗളീനയുടെ സഹോദരങ്ങൾ ലോറൻസും സൈമണും. 1958ൽ കോഴിക്കോട് കടപ്പുറത്തു കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളന വേദിയിൽ പി.സി.ജോഷി, ഇഎംഎസ്, എം.എൻ.ഗോവിന്ദൻ നായർ, ഇ.കെ.നായനാർ എന്നിവർക്കു മുൻപിൽ ‘കൊടി കണ്ടോ ചെങ്കൊടി കണ്ടോ, കത്തിയെരിയും തീപ്പന്തം പോൽ’ എന്നു തുടങ്ങുന്ന ഗാനമാലപിച്ച് സദസ്സിൽ വിപ്ലവാവേശം ജ്വലിപ്പിച്ച പെൺകുട്ടി പൗളീനയായിരുന്നു.
എകെജിയുടെയും ഇഎംഎസിന്റെയും നിർദേശപ്രകാരം, എംഎൽ ബ്രദേഴ്സ് മ്യൂസിക് ക്ലബ് രൂപീകരിച്ച് കേരളത്തിലെ ഒട്ടേറെ വേദികളിൽ പാടി.
അന്നത്തെ കമ്യുണിസ്റ്റ് പാർട്ടി തലശ്ശേരി മണ്ഡലം സെക്രട്ടറി തലശ്ശേരി പി.അനന്തനും എം.എൽ.ലോറൻസും സൈമണും സുന്ദരവും പൗളീനയുമായിരുന്നു ട്രൂപ്പിൽ. കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ വിപ്ലവഗാനങ്ങൾ അവതരിപ്പിച്ചു. എരഞ്ഞോളി ഗ്രാമീണ കലാസമിതിയിലൂടെ അറുപതിലേറെ നാടകങ്ങളിലും പൗളീന വേഷമിട്ടു.
‘എന്റെ ഗാനം’ എന്ന നാടകത്തിൽ പാടി അഭിനയിച്ചു. ആകാശവാണി കോഴിക്കോട് നിലയത്തിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു.
തൃശൂർ സമതയുടെ രണഗീതി പുരസ്കാരം നേടി.
മാപ്പിളകലാ അക്കാദമി ഉൾപ്പെടെ ഒട്ടേറെ സംഘടനകളുടെ പുരസ്കാരം നേടിയിട്ടുണ്ട്.തന്റെ സംഗീതം തന്റെ മക്കളിലേക്കും പകർന്നു നൽകിയാണ് പൗളീനയുടെ മടക്കം. മക്കളായ എം.എൽ.ബീനയും റാണിയും റാഹിയും സംഗീതും ഗായകരാണ്.
മരുമകൻ രാജേന്ദ്രൻ മൃദംഗ വിദ്വാനാണ്. ബീന ഗാനരചനയും നിർവഹിക്കുന്നു. ബീന രചിച്ച ഗാനങ്ങൾ പൗളീന പാടിയിട്ടുമുണ്ട്.
പൗളീനയുടെ നിര്യാണത്തിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അനുശോചിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]