തൃക്കരിപ്പൂർ ∙ പുഴയുടെ അടിത്തട്ടിലെ ചുഴിയിൽ അകപ്പെട്ട വിദ്യാർഥിയെ മുങ്ങിയെടുത്ത് ഓടി ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല.
അവധിദിവസം കൂട്ടുകാർക്കൊപ്പം പുഴയിൽ ചൂണ്ടയിടാനെത്തിയ തൃക്കരിപ്പൂർ കടപ്പുറം ബീരാൻ കടവിലെ ഇ.എം.ബി.മുഹമ്മദാണു (13) മരിച്ചത്. ഇന്നലെ ഉച്ചയോടെ ബീരാൻകടവ് ബോട്ടുജെട്ടി പരിസരത്താണു സംഭവം. ചൂണ്ട
ആഴത്തിൽ കുരുങ്ങിയതോടെ, പുഴയിലേക്കിറങ്ങിയപ്പോഴാണു മുഹമ്മദ് ചുഴിയിൽപെട്ടത്. ഉടൻ കൂട്ടുകാർ നിലവിളിച്ചു പരിസരവാസികളെ വിവരമറിയിച്ചു.
നാട്ടുകാർ പുഴയിലിറങ്ങി തിരയുന്നതിനിടെ, തൃക്കരിപ്പൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി.
കരയിൽനിന്ന് 5 മീറ്റർ അകലെനിന്നാണു മുഹമ്മദിനെ കണ്ടെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പെയ്ന്റിങ് തൊഴിലാളി ഇ.എം.ബി.നിസാറിന്റെയും കെ.പി.സമീറയുടെയും മകനാണ്. സഹോദരി: ജുമാന.
ജീവൻ കയ്യിലെടുത്ത് ഓടി; എന്നിട്ടും….
തൃക്കരിപ്പൂർ ∙ തൃക്കരിപ്പൂർ കടപ്പുറം ബീരാൻകടവിൽ പുഴയിൽ വീണ വിദ്യാർഥി ഇ.എം.പി.മുഹമ്മദിന്റെ(13) ജീവനെടുത്തത് പുഴയിൽ കുടുങ്ങിയ ചൂണ്ടക്കൊളുത്ത് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ.
സ്കൂൾ അവധിയായതിനാൽ രാവിലെ 11ഓടെ കൂട്ടുകാരൊടൊപ്പമാണ് മുഹമ്മദ് മീൻ പിടിക്കാനിറങ്ങിയത്. ബന്ധുവായ റാഫിയും അയൽവാസി ഹർഷിദുമുണ്ടായിരുന്നു കൂടെ.മൂവരും രാവിലെ വീട്ടിൽ നിന്നിറങ്ങി ബീരാൻകടവ് ബോട്ടു ജെട്ടിയ്ക്കടുത്തെത്തി ചൂണ്ടയിട്ടു.
അൽപം കഴിഞ്ഞപ്പോൾ ചൂണ്ട പുഴയിലെവിടെയോ കുരുങ്ങി.
ഈ സമയത്ത് കുരുക്കഴിക്കാൻ മുഹമ്മദ് പുഴയിലേക്കിറങ്ങി. പുഴയിലെ ചെളിയിൽ കാല് പൂണ്ടു.
ഇതോടെ കൂടെയുണ്ടായിരുന്ന റാഫിയും ഹർഷിദും ബഹളം വച്ചു.
തൊട്ടടുത്ത് അധികം വീടുകളോ ആളുകളോ ഉള്ള സ്ഥലമായിരുന്നില്ല. റാഫിയും ഹർഷിദും സമീപത്തെ രാജന്റെ വീട്ടിലേക്ക് ഓടിച്ചെന്ന് വിവരം പറഞ്ഞു.
രാജൻ തൊട്ടടുത്ത പറമ്പിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൂട്ടി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള മാടക്കാലിലെ രാധാകൃഷ്ണനും വിവരമറിഞ്ഞെത്തി. ഈ സമയത്തു തന്നെ അഗ്നിരക്ഷാസേനയും തിരച്ചിലിനിറങ്ങി.
രാധാകൃഷ്ണനും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ മുഹമ്മദിനെ കണ്ടെടുത്തത്.
നല്ല ചെളിയുള്ള സ്ഥലമായതിനാലും അടിയൊഴുക്കു കാരണവും മുഹമ്മദിന്റെ കാൽ കുടുങ്ങിപ്പോയിരിക്കാനാണ് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. കാൽ വലിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു കാണുമെന്നും നാട്ടുകാർ കരുതുന്നു. കരയിലേക്ക് എടുക്കുമ്പോൾ ശ്വാസം ഉണ്ടായിരുന്നെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവാതിരുന്നത് നാടിന്റെ നൊമ്പരമായി.
സൗത്ത് തൃക്കരിപ്പൂർ ഗുരുചന്തുപ്പണിക്കർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർഥിയായിരുന്നു ഇ.എം.പി.മുഹമ്മദ്. ബീരാൻ കടവിലെ നിസാറിന്റെയും സമീറയുടേയും മകനാണ്.
ആ മേൽപാലമുണ്ടായിരുന്നെങ്കിൽ…
റെയിൽവേ മേൽപാലത്തിന്റെ അഭാവം ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കും കടുത്ത തടസ്സം സൃഷ്ടിക്കുന്നതിന്റെ തെളിവാണ് ഇന്നലെ വെള്ളാപ്പ് റെയിൽവേ ഗേറ്റിൽ കണ്ടത്.
അഗ്നിരക്ഷാസേനയുടെ ആംബുലൻസിനു തടസ്സമില്ലാതെ മുന്നോട്ടു കുതിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, മുഹമ്മദിന്റെ ജീവൻ വിട്ടു പിരിയില്ലായിരുന്നുവെന്നു കരുതുന്നവരുണ്ട്. തൃക്കരിപ്പൂരിലെ വെള്ളാപ്പ്, ബീരിച്ചേരി തുടങ്ങിയ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങൾ പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും നടപടികൾ പൂർത്തിയായില്ല.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേൽപാലം പ്രവൃത്തിക്കുള്ള അനുമതി തടസ്സപ്പെട്ടു കിടക്കുന്നത്. ബന്ധപ്പെട്ടവരുടെ നിർദേശപ്രകാരം പലവട്ടം സ്കെച്ചിൽ മാറ്റം വരുത്തിയെങ്കിലും ജിഎഡി അംഗീകാരം ലഭിച്ചില്ല. കഴിഞ്ഞദിവസവും അധികൃതർ സാങ്കേതിക കുരുക്കുണ്ടെന്ന് വിശദീകരിച്ചു.
ഇതാണ് പ്രവൃത്തിക്ക് തടസ്സം. സാങ്കേതിക കുരുക്ക് നീക്കുന്നതിൽ അധികൃതർ ആവശ്യമായ ശ്രമം നടത്തുന്നില്ലെന്ന പരാതിയും ജനങ്ങളുടെ പ്രതിഷേധവും ശക്തമാണ്. അധികൃതർക്കെതിരെ ആക്ഷേപം നിലനിൽക്കുന്നതിനിടയിലാണ് കുരുന്നുജീവൻ പിടഞ്ഞു തീർന്നത്.
റെയിൽവേ ഗേറ്റ് ആംബുലൻസിന്റെ വഴി അടച്ചു; ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ
രക്ഷാപ്രവർത്തനത്തിൽ മുഹമ്മദിനെയും കൊണ്ട് അഗ്നിരക്ഷാസേനയും നാട്ടുകാരും ആശുപത്രിയിലേക്ക് ഓടിയത് അടച്ചിട്ട
റെയിൽവേ ഗേറ്റും ചാടിക്കടന്ന്. പുഴയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ശ്വാസമുണ്ടായിരുന്നതിനാൽ എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കണം എന്നതു മാത്രമായിരുന്നു നാട്ടുകാരുടെ മനസ്സിൽ.ആ പരിശ്രമത്തിനു മുന്നിൽ ട്രെയിൻ കടന്നുപോകാൻ അടച്ചിട്ട
റെയിൽവേ ഗേറ്റ് പുഴയിൽ വീണ ജീവനുമെടുത്ത് കുതിച്ചവർക്ക് തടസ്സമായില്ല. അപായത്തിൽപെട്ട
ബാലനെയും കോരിയെടുത്ത് അടച്ചിട്ട റെയിൽവേ ഗേറ്റ് മറികടന്ന് ജീവൻരക്ഷാ പ്രവർത്തകർ ആശുപത്രിയിലേക്കു കുതിച്ചു.
പക്ഷേ, വിധിയുടെ ഫലം മറ്റൊന്നായി.
മുഹമ്മദിനെയുമായി തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിക്കുമ്പോൾ ആംബുലൻസ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനരികിലെ വെള്ളാപ്പ് റെയിൽവേ ഗേറ്റിൽ എത്തിയപ്പോഴാണ് ട്രെയിൻ കടന്നുപോകുന്നതിനു ഗേറ്റ് അടച്ചിട്ടതായി കണ്ടത്.മുഹമ്മദിനെ ആംബുലൻസിൽ നിന്ന് വാരിയെടുത്ത് രക്ഷാപ്രവർത്തകർ ഗേറ്റ് കടത്തി ഓടി. അപ്പോഴേക്കും മറ ഭാഗത്ത് ഓട്ടോറിക്ഷ തയാറായി നിന്നു. ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ എത്തിയപ്പോഴേക്കും മുഹമ്മദ് മരണപ്പെട്ടു.
നാട്ടുകാരുടെയെല്ലാം പ്രാർഥനയും ജീവൻ രക്ഷിക്കാൻ സകലതും മറന്നു കുതിച്ച രക്ഷാപ്രവർത്തകരുടെ പ്രയത്നവും ഫലം കണ്ടില്ല. മുഹമ്മദിന്റെ വിയോഗം കടലോരത്തിന്റെ കണ്ണീരായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]