ആദ്യം ആദായനികുതി ആശ്വാസം; പിന്നാലെ പലിശഭാരം വെട്ടിക്കുറച്ച് റിസർവ് ബാങ്ക്, ഇനി ദാ നാളെ (സെപ്റ്റംബർ 22) മുതൽ ജിഎസ്ടി ഇളവും. ഉത്സവകാലത്തിനു മുന്നോടിയായി ആനുകൂല്യങ്ങളുടെ വെടിക്കെട്ട്.
നവരാത്രി, ദീപാവലി ആഘോഷക്കാലത്ത് ഇന്ത്യയിൽ ഷോപ്പിങ് പൊടിപൂരമാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
ബിസ്കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതൽ കാറുകൾക്ക് വരെ ‘ബംപർ’ വിലക്കുറവാണ് നാളെമുതൽ പ്രാബല്യത്തിലാകുന്നത്. ഒട്ടുമിക്ക കമ്പനികളും ജിഎസ്ടി ഇളവിനു പുറമേ, ഉത്സവകാലം പ്രമാണിച്ച് വൻ ഡിസ്കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
700ഓളം ഉൽപന്ന പാക്കുകളുടെ വിലയാണ് അമുൽ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്കോഡ തുടങ്ങിയ കമ്പനികളും വൻവിലക്കുറവ് പ്രഖ്യാപിച്ചുകഴിഞ്ഞു.
കുറഞ്ഞ പൈസയ്ക്ക് ഇനി കൂടുതൽ ഷോപ്പിങ്
നിത്യേന വാങ്ങുന്ന ഒട്ടുമിക്ക ഉൽപന്നങ്ങൾക്കും വില കുറയുമെന്നത് ജനങ്ങൾക്ക് ‘കുടുംബ ബജറ്റിൽ’ വലിയ ആശ്വാസം സമ്മാനിക്കും.
ഡിസ്പോസബിൾ ഇൻകം കൂടാനും അതു സഹായിക്കും. ജിഎസ്ടി 2.0 പരിഷ്കാരം വഴി 5% നികുതിബാധ്യതയുള്ള ഉൽപന്നങ്ങളുടെ എണ്ണം മൂന്നുമടങ്ങായി ഉയർന്നിട്ടുണ്ട്.
ഇത് ഗ്രാമീണമേഖലകളിലെ ഇന്ത്യൻ കുടുംബങ്ങളുടെ, ഈ ഉൽപന്നങ്ങൾ വാങ്ങുമ്പോഴുള്ള നികുതിബാധ്യത നിലവിലെ 6.03 ശതമാനത്തിൽ നിന്ന് 4.27 ശതമാനത്തിലേക്കും നഗരമേഖലകളിലുള്ളവരുടേത് 6.38ൽ നിന്ന് 4.38 ശതമാനത്തിലേക്കും കുറയാൻ സഹായിക്കുമെന്ന് ഫിക്കിയുടെ പഠനറിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
കുതിക്കാൻ ജിഡിപി
വരുമാനത്തിൽ കുടുംബങ്ങളുടെ നികുതിബാധ്യത കഴിച്ചുള്ള, ഷോപ്പിങ്ങിനും സമ്പാദ്യത്തിനുമുള്ള മിച്ചത്തുകയാണ് ഡിസ്പോസബിൾ ഇൻകം. ജിഎസ്ടി ഇളവ് അനുവദിച്ചതിലൂടെ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും സംയോജിതമായി 1.7 ലക്ഷം കോടി രൂപവരെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
എങ്കിലും, വിപണിയിൽ ഉൽപന്ന/സേവന ഡിമാൻഡ് കൂടുന്നത് നികുതിവരുമാനം മെച്ചപ്പെടാൻ സഹായിക്കുമെന്ന് കരുതുന്നു. ജിഡിപിയിൽ 0.8% വരെ സംഭാവന ചെയ്യാൻ ഇതിനുകഴിയുമെന്നുമാണ് പ്രതീക്ഷകൾ.
എങ്ങനെയാണ് സ്ലാബ് മാറിയത്?
5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് ജിഎസ്ടിയിൽ ഉണ്ടായിരുന്നത്.
നാളെ മുതൽ 5% (മെറിറ്റ്), 18% (സ്റ്റാൻഡേർഡ്) സ്ലാബുകൾ മാത്രം. ആഡംബര ഉൽപന്ന/സേവനങ്ങൾക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട
സിഗരറ്റ് പോലുള്ള ഉൽപന്നങ്ങൾക്കുമായി (സിൻ) 40% എന്ന പ്രത്യേക സ്ലാബുമുണ്ട്. ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക, ജനങ്ങളുടെ പർച്ചേസിങ് പവർ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്വളർച്ച ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്കാരം.
ദാ, ആശ്വാസം ഇങ്ങനെ
∙ നിത്യോപയോഗ സാധനങ്ങൾ: സോപ്പ്, ടൂത്ത്പേസ്റ്റ്, ഷാംപൂ, വെണ്ണ, നെയ്യ്, പനീർ, ഹെയർ ഓയിൽ തുടങ്ങി ജനങ്ങൾ നിത്യേന വാങ്ങുന്ന നിരവധി ഉൽപന്നങ്ങൾക്ക് ഇനി നികുതി 12 ശതമാനമല്ല, 5%.
∙ ഇലക്ട്രോണികിസ്: എസിക്കും ടിവിക്കും റഫ്രിജറേറ്ററിനും ഡിഷ് വാഷറിനും ഇതുവരെ നികുതി 28 ശതമാനമായിരുന്നെങ്കിൽ നാളെമുതൽ 18% മാത്രം.
എസിയും ടിവിയും വാങ്ങാൻ കൊതിക്കുന്നവർക്കും നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതു നേട്ടമാകും.
∙ ഇൻഷുറൻസ്: ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പ്രീമിയം പോളിസികളുടെ നികുതിഭാരം 18 ശതമാനത്തിൽ നിന്ന് പൂജ്യമാക്കി. മെഡിക്കൽ ഉപകരണങ്ങളുടേത് 18ൽ നിന്ന് കുറഞ്ഞത് 5 ശതമാനത്തിലേക്ക്.
∙ കാറും ടൂവീലറും: ചെറുകാറുകൾ അഥവാ ഹാച്ച്ബാക്കുകൾക്ക് ഇനി 18 ശതമാനമാണ് ജിഎസ്ടി.
നേരത്തേ 28 ശതമാനമായിരുന്നു. 1,200സിസിക്ക് താഴെയുള്ള പെട്രോൾ കാറുകൾ, 1,500 സിസിക്ക് താഴെയുള്ള ഡീസൽ കാറുകൾ എന്നിവയ്ക്കാണ് നികുതിയിളവ്.
ബസ്, ട്രക്ക് എന്നിവയ്ക്കും വാഹന ഘടകങ്ങൾക്കും നികുതി 18%. 350 സിസിക്ക് താഴെയുള്ള ടൂവീലറുകളുടെ നികുതിയും 28ൽ നിന്ന് 18 ശതമാനമാക്കിയത് ഉപഭോക്താക്കൾക്കും വിപണിക്കും വൻ നേട്ടമാകും.
∙ ഹോട്ടൽ/ജിം/സലൂൺ: ജിം, സലൂൺ സേവനങ്ങളുടെ നികുതിഭാരം 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി.
ഒരു ഉദാഹരണം – ഇന്നു മുടി വെട്ടുന്നവർ 18% നികുതി കൊടുക്കണം; നാളെമുതൽ 5 ശതമാനമായി കുറയും! ഒരു രാത്രിക്ക് 7,500 രൂപയിൽ താഴെ നിരക്കുള്ള ഹോട്ടലുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനവുമാക്കിയിട്ടുണ്ട്.
വസ്ത്രം, പാദരക്ഷകൾ എന്നിവയ്ക്ക് 2,500 രൂപയ്ക്ക് താഴെയുള്ള പർച്ചേസുകൾക്ക് 5% മാത്രമാണ് ജിഎസ്ടി.
നികുതി കുറയുന്നതോടെ ഗൃഹോപകരണങ്ങളുടെ വിലയിൽ 7-8% വരെ വിലക്കുറവുണ്ടാകും. സിമന്റിനും നികുതി 5 ശതമാനമാക്കിയത് ഭവന നിർമാണ മേഖലയ്ക്ക് നേട്ടമാകും.
പുതുതായി വീടുവയ്ക്കുന്നവർക്കും ഈയിനത്തിൽ ബജറ്റ് വലിയതോതിൽ ലാഭിക്കാം.
വില കൂടുന്നതോ? ദാ, ഇവയ്ക്ക്
ജിഎസ്ടി 2.0ൽ ചില ഉൽപന്ന/സേവനങ്ങൾക്ക് വില കൂടുന്നുമുണ്ട്. ആഡംബര ഉൽപന്ന/സേവനങ്ങൾ, ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങൾ എന്നിവയ്ക്കാണ് വിലയേറുക.
പുകയില, പാൻ മസാല, കോള തുടങ്ങിയവയ്ക്ക് 40% ജിഎസ്ടിക്ക് പുറമെ സെസും ബാധകമാകും. 1,500 സിസിക്ക് മുകളിലുള്ള കാറുകൾ, 4 മീറ്ററിലധികം നീളമുള്ള എസ്യുവി എന്നിവയ്ക്കും ഇനി നികുതി 40%.
ബെറ്റിങ്, കാസിനോ തുടങ്ങി പണമിടപാടുള്ള ഗെയിമിങ് മേഖലയ്ക്കും നികുതി 40 ശതമാനം.
വാങ്ങുമ്പോൾ ശ്രദ്ധിക്കാം
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുന്ന ആദ്യദിനമാണ് ഇക്കുറി സെപ്റ്റംബർ 22. അതുകൊണ്ടാണ്, ജിഎസ്ടി ഇളവ് നാളെമുതൽ നടപ്പാക്കാനും തീരുമാനമായത്.
പുതുക്കിയ നിലവാരത്തിൽ ഉൽപന്ന/സേവനങ്ങൾ ഉപഭോക്താക്കൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കമ്പനികളും വിതരണക്കാരും പുതുക്കിയ വിലനിലവാരം അവരവുടെ സിസ്റ്റത്തിലും ഉൽപന്നങ്ങളുടെ ലേബലിലും ഉറപ്പാക്കാനും ശ്രമിക്കുന്നു.
ഉൽപന്നങ്ങൾ പഴയ വിലയും പുതുക്കിയ വിലയുമുണ്ടാകും.
ഉദാഹരണത്തിന് ഒരു ബിസ്കറ്റ് പായ്ക്കിന് ഇപ്പോൾ 40 രൂപയാണെങ്കിൽ നാളെ മുതൽ 25 രൂപയായിരിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ 40 രൂപതന്നെ നൽകിയേക്കാം.
നിലവിലെ ഉൽപന്ന പാക്കുകൾ 2026 ജനുവരി 31 വരെ ഉപയോഗിക്കാൻ കമ്പനികളെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പാക്കുകളിൽ പക്ഷേ, പുതിയ വിലയും രേഖപ്പെടുത്തിയാൽ മതിയെന്നുമാത്രം.
ഇത്, ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്നതാണ് ആശങ്ക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]