വാളയാർ ∙ ആരാധകരെ ഒന്നടങ്കം ഇളക്കിമറിച്ചു ‘ജയിലറായി’ സൂപ്പർസ്റ്റാർ രജനികാന്ത് വീണ്ടും വാളയാറിൽ. അപ്രതീക്ഷിത വരവിൽ ആവേശക്കൊടുമുടി കയറി ആരാധകർ.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തു ഹിറ്റായ ജയിലറിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായാണു രജനികാന്ത് വീണ്ടും വാളയാറിലും നടുപ്പതി ആദിവാസി ഉന്നതിയിലും മലബാർ സിമന്റ്സ് കമ്പനിയിലും എത്തിയത്.നേരത്തെ ഏപ്രിലിൽ ഒന്നാം ഷെഡ്യൂൾ പ്രകാരമുള്ള ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങിയിരുന്നു. പിന്നീട് മറ്റൊരിടത്തു നിശ്ചയിച്ചിരുന്ന വന മേഖലയിലെ ഷൂട്ടിങ് കാലാവസ്ഥാ പ്രശ്നങ്ങളാൽ മാറ്റിവയ്ക്കേണ്ടി വന്നു.
ഇതോടെയാണ് വീണ്ടും വാളയാറിലേക്ക് എത്തിയതെന്നാണു സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്. വന മേഖലയോടു ചേർന്നുള്ള നടുപ്പതി ആദിവാസി ഉന്നതിയിൽ കൂറ്റൻ സെറ്റും സിനിമയ്ക്കായി ഒരുക്കിയിട്ടുണ്ട്.
രജനികാന്ത് മലബാർ സിമന്റ്സിൽകൂടി എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.
വെള്ള ജുബ്ബയും മുണ്ടുമായിരുന്നു വേഷം. ‘തലൈവാ’ വിളികളുമായി നിറഞ്ഞ ആരാധകരെ അദ്ദേഹം കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തു.
വലിയ സ്വീകരണത്തോടെയാണു കമ്പനി മാനേജ്മെന്റും തൊഴിലാളികളും സൂപ്പർ സ്റ്റാറിന്റെ സ്വാഗതം ചെയ്തത്. മാനേജ്മെന്റ് പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അൽപനേരം ഫോട്ടോ പകർത്താനും സമയം നൽകി.മലബാർ സിമന്റ്സിനു സമീപത്തെയും നടുപ്പതി ഉന്നതിയിലെയും വനപാതയിലും മറ്റുമായിരുന്നു ഇന്നലത്തെ ഷൂട്ടിങ്. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെയാണു ചിത്രീകരിച്ചത്.
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. 3 ദിവസം കൂടി വാളയാറിൽ ഷൂട്ടിങ് തുടരുമെന്നാണു വിവരം.
സിനിമയുടെ ഒരു ഷെഡ്യൂൾ കൂടി വാളയാറിൽ നിശ്ചയിച്ചിട്ടുണ്ട്.
ക്ലൈമാക്സ് രംഗങ്ങളാണിതെന്നാണു സൂചന.കമ്പനിയുടെ മുൻ മാനേജിങ് ഡയറക്ടർ ജെ.ചന്ദ്രബോസാണു വാളയാർ മലബാർ സിമന്റ്സ് കമ്പനിയും പരിസരവും വനപാതയും കമ്പനി സംരക്ഷണത്തിലുള്ള വാളയാർ ആദിവാസി ഉന്നതിയും ഷൂട്ടിങ് ലൊക്കേഷനാക്കാൻ പദ്ധതി നടപ്പാക്കിയത്. കമ്പനിക്ക് അധിക വരുമാനമുണ്ടാക്കാനായിരുന്നു ഇത്.
തുടർന്നു മലയാളത്തിലെയും തമിഴിലെയും ഒട്ടേറെ സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തു. നേരത്തെ മമ്മൂട്ടിയും മോഹൻലാലും ഷൂട്ടിങ്ങിനായി വാളയാറിലും മലബാർ സിമന്റ്സിലെത്തിയിട്ടുണ്ട്.
പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ, ശിവയും ഗ്രേസ് ആന്റണിയും അഭിനയിച്ച ‘പറന്ത് പോ’ തുടങ്ങിയ സിനിമകൾക്കു വാളയാർ പ്രധാന ലൊക്കേഷനായി.വാളയാറിലെ കാടും മലയും ആദിവാസി ഉന്നതിയും വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കും സിനിമകളുടെ പ്രധാന ലൊക്കേഷനായി മാറുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]