അടൂർ ∙ പൊതുസമൂഹത്തിൽ ഇറങ്ങി സാമൂഹിക ഐക്യത്തിനായി പ്രവർത്തിച്ച നവോത്ഥാന നായകനാണു ധന്യൻ മാർ ഇവാനിയോസ് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര കത്തോലിക്കാസഭ പുനരൈക്യ വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ സഭാസംഗമവും ധന്യൻ മാർ ഇവാനിയോസിന്റെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസനം, പാവങ്ങൾക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികൾ, സ്ത്രീ ശാക്തീകരണം എന്നീ കേരളീയ സവിശേഷതകൾ ഉൾക്കൊള്ളുന്ന കേരളത്തിന്റെ യഥാർഥ പുത്രനാണു മാർ ഇവാനിയോസ്.
മലങ്കര കത്തോലിക്കാസഭ നൽകുന്ന മാർഗദർശനത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.
സംവരണ വിഷയത്തിൽ സഭയോടൊപ്പം ആർജവത്തോടെനിന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബാവാ പറഞ്ഞു.
എല്ലാവരുടെയും വിശ്വാസം നേടിയ നവോത്ഥാന നായകനാണു ധന്യൻ മാർ ഇവാനിയോസ് എന്നു ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. വിശുദ്ധ ചാവറയച്ചനോടൊപ്പം ചേർത്തുവായിക്കാവുന്ന വ്യക്തിത്വമാണു ധന്യൻ മാർ ഇവാനിയോസ് എന്നു രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയസ്, മന്ത്രി വീണാ ജോർജ് എന്നിവർ പ്രസംഗിച്ചു.
സഭയുടെ 12 രൂപതകളിൽനിന്നും ഗൾഫ് മേഖലകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുത്തു.
അടുത്ത വർഷത്തെ പുനരൈക്യ വാർഷികം ചെന്നൈയിൽ
അടൂർ ∙ 2030 സെപ്റ്റംബർ 20നു നടക്കുന്ന മലങ്കര കത്തോലിക്കാസഭ പുനരൈക്യ വാർഷികത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ചുള്ള ആരാധന ക്രമവർഷം 2026 സെപ്റ്റംബർ 19 വരെ ആചരിക്കും. ഇതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സഭാസംഗമ വേദിയിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിർവഹിച്ചു.
അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവായ്ക്ക് പ്രത്യേകം നിർമിച്ച കുരിശ് ക്ലീമീസ് ബാവാ സമ്മാനിച്ചു.
എല്ലാ ക്രൈസ്തവരും സ്നേഹത്തിൽ ഒന്നായിരിക്കണമെന്നും അതാണു ക്രിസ്തു ആഗ്രഹിക്കുന്നതെന്നും ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവാ പറഞ്ഞു. ഇറാഖ്, സിറിയ, ലബനൻ എന്നീ രാജ്യങ്ങളിൽ ക്രൈസ്തവർ പീഡനം അനുഭവിക്കുന്നുണ്ടെന്നും അവിടെയുള്ള സഭയുടെ നിലനിൽപിനായി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേൽപട്ട
സ്വീകരണത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ക്ലീമീസ് ബാവയെ പാത്രിയർക്കീസ് ബാവായും മെത്രാപ്പൊലീത്തമാരും ചേർന്ന് അനുമോദിച്ചു. രജതജൂബിലിയുടെ ഭാഗമായി 25 വീടുകൾ നിർമിച്ചു നൽകും.
പൂർവകാല ക്രൈസ്തവർ സത്യം തുറന്നുപറയാൻ തയാറായതു കൊണ്ടാണ് സമൂഹം വളർന്നതെന്നും അത്തരമൊരു കാഴ്ചപ്പാട് സഭയ്ക്ക് ഉണ്ടാകണം.
അടുത്ത വർഷത്തെ പുനരൈക്യ വാർഷികം ചെന്നൈയിൽ നടക്കുമെന്നും ക്ലീമീസ് ബാവാ പറഞ്ഞു. ചെന്നൈയിലെ സെന്റ് എഫ്രേം ഭദ്രാസനം ആതിഥേയത്വം വഹിക്കും. ഇതിനായി പുണെ – ഖഡ്കി ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ മാത്യൂസ് മാർ പക്കോമിയോസിനും പ്രതിനിധികൾക്കും ക്ലീമീസ് ബാവ കാതോലിക്കാ പതാക കൈമാറി.
ക്രിസ്തുവിൽ ഐക്യപ്പെടാനുള്ള ആഹ്വാനം പുനരൈക്യവേദിക്ക് ഉണർവേകി സഭാസംഗമം
അടൂർ ∙ മലങ്കര കത്തോലിക്കാസഭ പുനരൈക്യ വാർഷികത്തോട് അനുബന്ധിച്ചു നടന്ന സഭാസംഗമത്തിൽ അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവായ്ക്കും മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കും സ്വീകരണം നൽകി.
തുടർന്നുനടന്ന സമൂഹബലിക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
പാത്രിയർക്കീസ് ബാവാ, ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ഡോ.സാമുവൽ മാർ ഐറേനിയസ്, ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ.വിൻസന്റ് മാർ പൗലോസ്, ഡോ.തോമസ് മാർ യൗസേബിയോസ്, ഡോ.ജോസഫ് മാർ തോമസ്, ഡോ.തോമസ് മാർ അന്തോണിയോസ്, ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ്, ഗീവർഗീസ് മക്കാറിയോസ്, ഡോ.മാത്യൂസ് മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ പക്കോമിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഡോ.എബ്രഹാം മാർ യൂലിയോസ്, ക്നാനായ സഭ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ അപ്രേം എന്നിവരും കുർബാനയിൽ പങ്കെടുത്തു.
നിയുക്ത മെത്രാന്മാരായ മോൺ. ഡോ.കുര്യാക്കോസ് തടത്തിൽ, മോൺ.ഡോ.ജോൺ കുറ്റിയിൽ എന്നിവരും നാനൂറോളം വൈദികരും സഹകാർമികരായി.
തുടർന്നുനടന്ന വചന ശുശ്രൂഷയിൽ, ക്രിസ്തുവും പിതാവും തമ്മിലുള്ള ഐക്യം ക്രിസ്തു തന്റെ ശിഷ്യന്മാരിലൂടെ സഭയ്ക്കു കൈമാറിയെന്നും ആ ഐക്യത്തിന്റെ മഹത്വം പുനരൈക്യത്തിലൂടെ മലങ്കര കത്തോലിക്കാ സഭയ്ക്കു ലഭിച്ചെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]