ആലപ്പുഴ ∙ നഗരത്തിൽ രണ്ടുദിവസമായി ശുദ്ധജലമില്ല. മുല്ലയ്ക്കൽ, തിരുമല ഭാഗങ്ങളിലെ ശുദ്ധജല വിതരണമാണു തടസ്സപ്പെട്ടത്.
ജില്ലാക്കോടതിപ്പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ബോട്ട്ജെട്ടി റോഡിൽ ജലഅതോറിറ്റിയുടെ പൈപ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങിയതോടെയാണ് ശുദ്ധജലവിതരണം താറുമാറായത്.
50 വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനുകളാണ് ഇവിടെയുള്ളത്. ഇത് മാറ്റുമ്പോൾ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങാനുള്ള സാധ്യത മനസ്സിലാക്കി ജനങ്ങൾക്കു മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു.
പക്ഷേ അത് ഉണ്ടായില്ലെന്നാണ് ആക്ഷേപം. 19 മുതൽ പൈപ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു.
പ്രവൃത്തികൾക്കിടെ അപ്രതീക്ഷിതമായി പൈപ്പ് ലൈൻ പൊട്ടിയതോടെ ശുദ്ധജലവിതരണം നിർത്തേണ്ടി വന്നു.
തുടർന്നു മുല്ലയ്ക്കൽ, തിരുമല ഭാഗങ്ങളിൽ ശുദ്ധജലം ലഭിക്കാതായി. മുന്നറിയിപ്പില്ലാതെ ശുദ്ധജലം തടസ്സപ്പെട്ടത് വീട്ടുകാരെയും നഗരത്തിലെ കച്ചവടക്കാരെയും ദുരിതത്തിലാക്കി.
പഴവങ്ങാടി പമ്പ് ഹൗസിൽ നിന്നാണ് ഈ പ്രദേശങ്ങളിലേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്.
മുല്ലയ്ക്കൽ, ബസ് സ്റ്റാൻഡ് പരിസരം, ഫയർഫോഴ്സ് പരിസരം, തിരുമല, ചുങ്കം, കല്ലുപാലം കിഴക്ക് എന്നിവിടങ്ങളിലെല്ലാം ശുദ്ധജലവിതരണം തടസ്സപ്പെട്ടതായി നഗരസഭ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ എം.ജി.സതീദേവി പറഞ്ഞു. അതേസമയം പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരത്തിന്റെ പലയിടങ്ങളിലും മൂന്നുദിവസമായി കുറഞ്ഞ അളവിലാണ് വെള്ളം പമ്പ് ചെയ്യുന്നതെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
പൈപ്പ് മാറ്റുമ്പോൾ അപ്രതീക്ഷിതമായി പൊട്ടുന്ന സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ല.
2 മണിക്കൂർ സമയം വെള്ളം പമ്പ് ചെയ്തിരുന്നത് മുക്കാൽ മണിക്കൂറായി കുറച്ചിരിക്കുകയാണ്. നാളെയോടെ ജോലികൾ തീർത്ത് കൃത്യമായ അളവിൽ കുടിവെള്ളം പമ്പ് ചെയ്യുന്നത് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പൈപ്പ് പൊട്ടി; റോഡിൽ വെള്ളക്കെട്ട്
കോടതിപ്പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് നിർമിച്ച ഡീവിയേഷൻ റോഡിന്റെ സമീപം പൈപ്പ് പൊട്ടി വെള്ളക്കെട്ടായി.
ഈ ഭാഗത്തെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ശുദ്ധജലക്ഷാമവും നേരിട്ടു.
നഗരചത്വരത്തിലേക്കും തത്തംപള്ളിയിലേക്കും വാഹനങ്ങളും കാൽനടക്കാരും പോകുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി ചെളിയും വെള്ളവും നിറഞ്ഞത്. വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ തന്നെ ജലഅതോറിറ്റിയെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന്റെ (ടിആർഎ) ഭാരവാഹികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]