തിരുവനന്തപുരം ∙ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിനെ (കെ.അനിൽകുമാർ–58 ) വാർഡ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വലിയശാലയിൽ അനിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന ജില്ലാ ഫാം ടൂർ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസികസംഘർഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.മൃതദേഹം കോർപറേഷനിൽ പൊതുദർശനത്തിനുവച്ചു.
ഇന്ന് രാവിലെ 10ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലും 11ന് തിരുമല ജംക്ഷനിലും വീട്ടിലും പൊതുദർശനത്തിനു ശേഷം 1 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തും.
ഐ.എസ്.ആശ (കാപ്പിൽ ഗവ. എച്ച്എസ്എസ് അധ്യാപിക) ആണ് ഭാര്യ.
മക്കൾ: അമൃത അനിൽ (പിജി വിദ്യാർഥി), ദേവനന്ദ(എട്ടാം ക്ലാസ് വിദ്യാർഥി).ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജംക്ഷനിലുള്ള വാർഡ് കമ്മിറ്റി ഓഫിസിൽ അനിൽ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്.
ഓഫിസിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും.അത് പിരിച്ചു നിക്ഷേപകർക്ക് നൽകണം.
കുടുംബത്തെ ഒറ്റപ്പെടുത്തരുത്.
താൻ എല്ലാവരെയും സഹായിച്ചു. പ്രതിസന്ധി വന്നപ്പോൾ ഒറ്റപ്പെട്ടു’ എന്ന് കുറിപ്പിലുണ്ടെന്നു പൂജപ്പുര പൊലീസ് അറിയിച്ചു. നിക്ഷേപം തിരികെ നൽകാത്തതു സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.സംഘത്തിലെത്തി ബഹളംവച്ചതിന് ഒരു നിക്ഷേപകനെതിരെ ഭാരവാഹികൾ നൽകിയ പരാതി പിന്നീട് ഒത്തുതീർപ്പായിരുന്നു.
കോർപറേഷൻ മുൻ കൗൺസിലിൽ തൃക്കണ്ണാപുരം വാർഡിനെയും അനിൽ പ്രതിനിധീകരിച്ചിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും നേമം മണ്ഡലം പ്രസിഡന്റുമായിരുന്നു.
ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ജില്ലാ ഫാം ടൂർ സഹകരണ സംഘം: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയത് തിരിച്ചടിയായി
തിരുവനന്തപുരം ∙ വായ്പ എടുത്തവർ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘം തകർച്ചയിലേക്ക് നീങ്ങിയതെന്ന് സൂചന. പത്ത് വർഷം മുൻപാണ് വലിയശാലയിൽ സംഘം പ്രവർത്തനം ആരംഭിച്ചത്.
അന്നു മുതൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി തിരുമല അനിൽ ആണ് പ്രസിഡന്റ്.കെട്ടിടം ഉൾപ്പെടെ 11 കോടി മൂല്യമുള്ള ആസ്തി ഉണ്ടായിരുന്നെങ്കിലും വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിക്ഷേപകർക്കു പണം നൽകാൻ കഴിയാതെ വന്നു.
അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനിൽ ചിലരുടെ നിക്ഷേപം തിരികെ നൽകിയതായും സൂചനയുണ്ട്. 6 കോടിയോളം സംഘത്തിന് പിരിഞ്ഞു കിട്ടാനുണ്ടെന്നാണ് കണക്ക്.നിക്ഷേപം തിരികെ ചോദിച്ചവരോട് പല അവധി പറഞ്ഞെങ്കിലും സമയത്തിന് പണം കൊടുക്കാൻ കഴിയാതെ വന്നതോടെ അനിൽ സമ്മർദത്തിലായി.
മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ കണ്ടു സഹായം അഭ്യർഥിച്ചെങ്കിലും പണമായി ആരും സഹായിച്ചില്ല എന്നാണു സൂചന.അതേസമയം, സഹകരണ സംഘം തട്ടിപ്പിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആരാണ് സഹകരണ സംഘത്തിൽ സാമ്പത്തിക തിരിമറി നടത്തിയതെന്ന വിവരങ്ങൾ പുറത്തു വരേണ്ടിയിരിക്കുന്നു. തട്ടിപ്പിൽ ബിജെപി ജില്ലാ, സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ വാർഡുകളിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി അറിയിച്ചു.
റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം
തിരുവനന്തപുരം ∙ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് മർദനം.
ദേശാഭിമാനി ഫൊട്ടോഗ്രഫർ ജി.പ്രമോദിന്റെ ക്യാമറ ലെൻസ് തകർന്നു. തിരുമല ജംക്ഷനിലെ വാർഡ് കമ്മിറ്റി ഓഫിസിലാണ് അനിലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവിടെനിന്ന് റിപ്പോർട്ടിങ് നടത്തുന്നതിനിടെയാണ് ബിജെപി പ്രവർത്തകരുടെ ആക്രമണമുണ്ടായത്. രണ്ടാംനിലയിൽനിന്ന് മാധ്യമ പ്രവർത്തകർ താഴേക്ക് ഇറങ്ങുന്നതിനിടെ പിന്നിൽനിന്ന് പിടിച്ചു തള്ളുകയായിരുന്നു.
വീണ് പലർക്കും പരുക്കേറ്റു. രാജ് കിരൺ (24 ന്യൂസ്), സി.
സന്തോഷ് കുമാർ (ന്യൂസ് 18), എം.എസ്.സുജിത് (മാതൃഭൂമി ന്യൂസ്), സഫ്വാൻ (മീഡിയ വൺ), നന്ദു (റിപ്പോർട്ടർ ടിവി) എന്നിവർക്കാണ് മർദനമേറ്റത്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു. മര്യാദ ലംഘിച്ചുള്ള കയ്യേറ്റമാണ് ബിജെപി പ്രവർത്തകർ നടത്തിയതെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]