കൊച്ചി: സർവീസ് ആരംഭിച്ച് 29 മാസം കൊണ്ട് അരക്കോടി യാത്രക്കാരെന്ന ചരിത്രനേട്ടം സ്വന്തമാക്കി കൊച്ചി വാട്ടർ മെട്രോ. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഒരു ലൈറ്റ് ട്രാൻസ്പോർട്ട് പദ്ധതി ഇത്രയധികം യാത്രക്കാരെ ആകർഷിക്കുന്നത് അപൂർവമായ നേട്ടമാണ്.
ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ ഓസ്ട്രേലിയൻ മലയാളികളായ നൈന, അമൽ ദമ്പതികൾ ടിക്കറ്റെടുത്തതോടെയാണ് യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നത്. ഈ ചരിത്രനേട്ടത്തിന് സാക്ഷിയായ നൈനയ്ക്ക് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉപഹാരം നൽകി ആദരിച്ചു.
കൊച്ചി വാട്ടർ മെട്രോ ഒരുക്കുന്ന ലോകോത്തര നിലവാരത്തിലുള്ള യാത്രാനുഭവമാണ് ഈ വിജയത്തിന് കാരണമെന്ന് ലോക്നാഥ് ബെഹ്റ ചടങ്ങിൽ പറഞ്ഞു. 2023 ഏപ്രിൽ 25-ന് കേരള സർക്കാർ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ, ചുരുങ്ങിയ കാലം കൊണ്ടുതന്നെ ദ്വീപ് നിവാസികൾക്കും നഗരത്തിലെത്തുന്ന പ്രമുഖർക്കും ഒരുപോലെ പ്രിയപ്പെട്ട
യാത്രാമാർഗമായി മാറി. കൊച്ചി വാട്ടർ മെട്രോയുടെ വിജയകരമായ നടത്തിപ്പും അതുല്യമായ സേവന മികവും രാജ്യത്തെ മറ്റ് 21 നഗരങ്ങളിൽ സമാനമായ പദ്ധതികൾ നടപ്പാക്കാൻ പ്രചോദനമായിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നും ലോക ബാങ്കിൽ നിന്നും ഈ പദ്ധതിയെക്കുറിച്ച് അന്വേഷണങ്ങൾ വരുന്നുണ്ട്. പ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങളും ഈ ചുരുങ്ങിയ കാലയളവിൽ കൊച്ചി വാട്ടർ മെട്രോ കരസ്ഥമാക്കി.
കൊച്ചി വാട്ടർ മെട്രോ: 20 ബോട്ടുകളുമായി മുന്നോട്ട് ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് സൗത്ത്, ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നീ ടെർമിനലുകളിലായി 20 ബോട്ടുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. അഞ്ച് പുതിയ ടെർമിനലുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ് ടെർമിനലുകൾ ഉടൻ പ്രവർത്തനസജ്ജമാകും. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്കകം പൂർത്തിയാക്കി സർവീസ് ആരംഭിക്കും.
24 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതൽ രാത്രി 9 വരെ പ്രതിദിനം 125 ട്രിപ്പുകളാണ് നടത്തുന്നത്. സർവീസ് തുടങ്ങി ആദ്യ 107 ദിവസം കൊണ്ട് 10 ലക്ഷം യാത്രക്കാരെയും, തുടർന്നുള്ള 95 ദിവസം കൊണ്ട് 20 ലക്ഷവും പിന്നിട്ടു.
പിന്നീടുള്ള 185 ദിവസം കൊണ്ട് 30 ലക്ഷവും, 160 ദിവസം കൊണ്ട് 40 ലക്ഷവും കടന്നു. ഒടുവിൽ 161 ദിവസം കൊണ്ടാണ് 50 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട് കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ പുതിയ കുതിപ്പിന് ഊർജം സംഭരിക്കുന്നത്.
ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി പി. ജനാർദ്ദനൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി.
ജോൺ, ജനറൽ മാനേജർ (ഡിസൈൻ) അജിത് എ., ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്) & ചീഫ് ഫിനാൻസ് ഓഫീസർ രഞ്ജിനി ആർ., സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ് & സോഷ്യൽ മീഡിയ) കെ.കെ. ജയകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) നിഷാന്ത് എൻ.
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]