ഇന്ത്യയുടെ ഏറ്റവും വലിയ ‘ശത്രു’വിനെ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭാവ്നഗറിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘സമുദ്ര സെ സമൃദ്ധി’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമുദ്ര മേഖലയുമായി ബന്ധപ്പെട്ട, മൊത്തം 34,200 കോടി രൂപ മതിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. മുംബൈ തുറമുഖത്ത് ഇന്ദിരാ ഡോക്കിലുള്ള വമ്പൻ രാജ്യാന്തര ക്രൂസ് ടെർമിനലും കൊൽക്കത്തയിൽ ശ്യാമപ്രസാദ് മുഖർജി തുറമുഖത്തെ പുതിയ കണ്ടെയ്നർ ടെർമിനലിന്റെ നിർമാണവും ഇതിലുൾപ്പെടുന്നു.
തുടർന്നാണ് പ്രധാനമന്ത്രി ‘ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു’വിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത തീരുവ ചുമത്തിയതിനു പിന്നാലെ, എച്ച്1ബി വീസയിലും ഇന്ത്യയ്ക്ക് വൻ ആഘാതമാകുന്ന തീരുമാനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസ്താവനയെന്നതും ശ്രദ്ധേയമായി.
ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു വിദേശ രാജ്യങ്ങളോടുള്ള ആശ്രയത്വമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, കപ്പലും സെമികണ്ടക്ടറുമെല്ലാം (ചിപ്) ഇന്ത്യയിൽതന്നെ നിർമിക്കണമെന്നും ആത്മനിർഭരതയ്ക്കുള്ള (സ്വയംപര്യാപ്തത) ശ്രമങ്ങൾക്ക് ഊന്നൽ കൊടുക്കണമെന്നും പറഞ്ഞു. മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണ് നമ്മുടെ പ്രധാന ശത്രു; ഒന്നിച്ചുനിന്ന് അതിനെ തോൽപ്പിക്കണം – മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ചരക്കുകൾ ലോകമെമ്പാടും എത്തിക്കാനായി വിദേശ ഷിപ്പിങ് കമ്പനികൾക്ക് നമ്മൾ 6 ലക്ഷം കോടി രൂപയാണ് ഓരോ വർഷവും കൊടുക്കുന്നത്.
രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനു തുല്യം. 50 വർഷം മുൻപ് ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉൽപന്നങ്ങളുടെ കടൽവഴിയുള്ള ചരക്കുനീക്കത്തിൽ 40 ശതമാനവും ഇന്ത്യൻ കപ്പലുകൾ ഉപയോഗിച്ചായിരുന്നു.
ഇപ്പോഴത് വെറും 5 ശതമാനമേയുള്ളൂ. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ, സ്വയംപര്യാപ്തമാകേണ്ടതിന്റെ അനിവാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു.
ചടങ്ങിൽ കോൺഗ്രസിനെതിരെയും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യക്കാരുടെ പരമ്പരാഗത വൈദഗ്ധ്യത്തെ ‘ലൈസൻസ് രാജ്’ വഴി കോൺഗ്രസ് സർക്കാരുകൾ സമ്മർദത്തിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
‘‘നവരാത്രി ആഘോഷങ്ങൾ തുടങ്ങാനിരിക്കുന്നു. ജിഎസ്ടി നിരക്കുകൾ കുറച്ചുകഴിഞ്ഞു.
ഇക്കുറി വിപണികൾ കൂടുതൽ തിളങ്ങും’’ – മോദി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]