ഇരിട്ടി ∙ കേരളത്തിലെ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ബഫർസോൺ പ്രഖ്യാപിച്ചു പുറത്തിറക്കിയ ഉത്തരവ് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിനെത്തുടർന്നു സർക്കാർ പിൻവലിച്ചതായി മന്ത്രി അറിയിച്ച് 6 മാസം കഴിയുമ്പോഴും വീട് നിർമാണത്തിനു ഉൾപ്പെടെ നിരാക്ഷേപപത്രം നൽകാതെ പഴശ്ശി ജലസേചന വിഭാഗം. പ്രതിഷേധമുയർന്നതോടെ മാർച്ച് 25ന് നിയമസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉത്തരവ് പിൻവലിച്ചതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് പിൻവലിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.
എന്നാൽ, നിയമസഭയിൽ മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ നിർദേശത്തിനും സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർ പുല്ലുവില കൽപിക്കുന്നതാണു പ്രദേശവാസികളുടെ അനുഭവം.
പഴശ്ശി പദ്ധതി സ്ഥലത്തിനു സമീപം അളപ്ര മാവില വീട്ടിൽ എം.സുരേഷ്കുമാറിന്റെയും വട്ടപ്പാറ മഹേഷ്, ഭാര്യ വി.എസ്.ദീപ എന്നിവരുടെയും വീടിനു ബഫർസോൺ ഉത്തരവിനെത്തുടർന്ന് പഴശ്ശി അധികൃതർ നിരാക്ഷേപപത്രം നിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവും എംഎൽഎമാരായ സണ്ണി ജോസഫും മോൻസ് ജോസഫും ഉൾപ്പെടെയുള്ളവർ ഇതടക്കം ചൂണ്ടിക്കാട്ടിയതോടെയാണു സാധാരണക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന നിർദേശത്തോടെ മന്ത്രി റോഷി അഗസ്റ്റിൻ ഉത്തരവ് പിൻവലിച്ചത്.
ഇതോടെ പഴശ്ശി ജലസേചന വിഭാഗത്തെ സമീപിച്ചെങ്കിലും സുരേഷ്കുമാറിനും നിരാശയാണ് അനുഭവം. ഓഫിസ് കയറിയിറങ്ങി ചെരിപ്പുതേഞ്ഞതു മാത്രം മിച്ചം.
ഉത്തരവ് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ
∙ ബഫർസോൺ നിർദേശം പിൻവലിച്ച ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ അവസാനം നൽകിയ മറുപടിയെന്നു നിരാക്ഷേപത്രത്തിനായി ഓഫിസുകൾ കയറിയിറങ്ങുന്നവർ പറയുന്നു.
ഉത്തരവ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെങ്കിൽ, നിയമസഭയിലെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായിരുന്നെന്ന് ആരോപണമുയരുന്നുണ്ട്.
പഴയ നിയമം പൊടിതട്ടിയെടുത്തും ജനദ്രോഹമെന്ന് ആരോപണം
∙ ബഫർസോൺ ഉത്തരവ് പിൻവലിച്ചതോടെ നിരാക്ഷേപപത്രത്തിനായി എത്തിയവരെ പുതിയ ആവശ്യങ്ങൾ ഉയർത്തിയാണ് ഉദ്യോഗസ്ഥർ ആദ്യം മടക്കിയത്. താലൂക്ക് സർവേയറെ കൊണ്ടു അളവ് നടത്തി പഴശ്ശി സ്ഥലം കയ്യേറിയില്ലെന്നു സാക്ഷ്യപത്രം വേണമെന്നായിരുന്നു ആദ്യ നിർദേശം.
ഇതുനൽകിയതോടെ ജില്ലയിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് പ്രതിനിധികൾ ഉൾപ്പെടെയുള്ള 7 പേരുടെ കമ്മിറ്റി അനുമതി നൽകണമെന്നായി. ഈ കമ്മിറ്റി ചേർന്നു നിരാക്ഷേപപത്രം നൽകാൻ തടസ്സമില്ലെന്നു തീരുമാനമെടുക്കുകുയും അതിന്റെ കോപ്പിയും ഹാജരാക്കുകയും ചെയ്തു.
ഈ തീരുമാനം ഉൾപ്പെടെ കോഴിക്കോട് ചീഫ് എൻജിനീയർ ഓഫിസിലേക്കു ഫയൽ അയച്ചു.
അവിടെനിന്ന് പഴശ്ശി അണക്കെട്ടിൽ പരമാവധി റിസർവോയർ ലവലിൽ വെള്ളം എത്തിയാൽ തീരത്തുനിന്ന് അപേക്ഷകരുടെ വീട്ടിലേക്കു എത്ര ദൂരമുണ്ടെന്നും പഴശ്ശിയുടെ റോഡാണോ ഇവർ ഉപയോഗിക്കുന്നതെന്നുമുള്ള വിവരം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും അപേക്ഷകരോടു പറഞ്ഞു. ഇതോടെ സുരേഷ്കുമാറും മഹേഷും കുടുംബസമേതം പഴശ്ശി ജലസേചന വിഭാഗം ഓഫിസിൽ കുത്തിയിരുപ്പ് നടത്തി.
ഇതോടെയാണ് ബഫർസോൺ നിർദേശം പിൻവലിച്ച് ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിൽ ഉദ്യോഗസ്ഥരെത്തിത്തിയത്.
പുതിയ നിർദേശങ്ങൾ ബഫർസോൺ ഉത്തരവിന്റെ ഭാഗം അല്ലെന്നും 2023ലെ സ്റ്റേറ്റ് ഡാം സേഫ്റ്റി ഓർഗനൈസേഷന്റെ നിബന്ധനകൾ പ്രകാരം ഉള്ളതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേസമയം, ബഫർസോൺ ഉത്തരവ് വരുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ ഈ വിധം തടസ്സപ്പെടുത്തിയിരുന്നില്ലെന്നാണു പ്രദേശത്തുള്ളവർ പറയുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]