യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച്1ബി വീസയ്ക്കുമേൽ കനത്ത ഫീസ് ചുമത്താൻ തീരുമാനിച്ചതിനു പിന്നാലെ കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ ഐടി കമ്പനികളുടെ എഡിആർ. ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളുട
അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ് (എഡിആർ) അഥവാ യുഎസിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വില ഒരുഘട്ടത്തിൽ 7.5% വരെയാണ് കൂപ്പുകുത്തിയത്. ഇൻഫോസിസിന്റെ എഡിആർ 7.5% ഇടിഞ്ഞ് 16.24 ഡോളറും വിപ്രോയുടേത് 3.14% താഴ്ന്ന് 16.97 ഡോളറുമായിരുന്നു.
വ്യാപാരാന്ത്യത്തിൽ ഇൻഫോസിസ് 3.5 ശതമാനത്തിലേക്കും വിപ്രോ 2.76 ശതമാനത്തിലേക്കും നഷ്ടംകുറച്ചു.
ട്രംപിന്റെ നടപടി ഏറ്റവുമധികം ഉലയ്ക്കുക ഇന്ത്യൻ ടെക്കികളെയും ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ്, ടിസിഎസ് തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളെയുമായിരിക്കും. അമേരിക്കയിലെ നിക്ഷേപകർക്ക് ഡോളറിൽതന്നെ വിദേശ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ സഹായിക്കുന്നതാണ് എഡിആർ.
ഇതിനായി വിദേശ ഓഹരി വിപണികളെയോ വിദേശ കറൻസികളെയോ ആശ്രയിക്കേണ്ടെന്നതാണ് നേട്ടം.
ട്രംപിന്റെ കടന്നാക്രമണം, ഐടി മേഖലയിൽ ഞെട്ടൽ
രണ്ടാമതും യുഎസ് പ്രസിഡന്റ് ആയി ചുമതലയേറ്റശേഷം ട്രംപ് ‘അമേരിക്ക ഫസ്റ്റ്’, ‘മെയ്ക്ക് അമേരിക്ക ഗ്രേയ്റ്റ് എഗെയ്ൻ (മാഗ)’ എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന നയങ്ങൾ രാജ്യാന്തര സമ്പദ്വ്യവസ്ഥയെതന്നെ പിടിച്ചുലയ്ക്കുന്നതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് എച്ച്1ബി വീസ അനുവദിക്കാൻ ഏർപ്പെടുത്തിയ ഒരുലക്ഷം ഡോളർ (88 ലക്ഷം രൂപ) വാർഷിക ഫീസ്. വിദേശ രാജ്യങ്ങളിൽനിന്ന് യോഗ്യതയും വൈദഗ്ധ്യവുമുള്ളവരെ താൽക്കാലിക വീസയിൽ അമേരിക്കയിൽ, പ്രധാമായും എൻട്രി-ലെവൽ ജോലിയ്ക്കെത്തിക്കാനുള്ള വീസയാണിത്.
നിലവിൽ വെറും 1,000-5,000 ഡോളർ (ഏകദേശം 4.5 ലക്ഷം രൂപവരെ) മാത്രമുള്ള ഫീസാണ് ട്രംപ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറാക്കിയത്.
പുതുക്കിയ ഫീസ് നാളെ മുതൽ പ്രാബല്യത്തിൽവരും. 12 മാസത്തേക്കാണ് ട്രംപിന്റെ പുതിയ ഓർഡർ ബാധകം.
നിലവിൽ, എച്ച്1ബി വീസയുള്ളവർക്ക് പുതിയ ഫീസ് ബാധകമല്ല. എന്നാൽ, വീസ പുതുക്കുമ്പോൾ പുതുക്കിയ ഫീസ് നൽകേണ്ടിവരും.
വിദേശത്തുനിന്ന് ജീവനക്കാരെ അമേരിക്കയിലെത്തിക്കാനായി അതത് കമ്പനികളാണ് വീസയ്ക്ക് അപേക്ഷ സമർപ്പിക്കുന്നത്.
ഇത്തരത്തിൽ അപേക്ഷിക്കുമ്പോൾ ഇനി ഒരുലക്ഷം ഡോളർ വീതം ഫീസടയ്ക്കണം. അമേരിക്കയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുക, രാജ്യത്തെ കമ്പനികളിൽ അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്രംപിന്റെ പുതിയ നീക്കം.
അതിവൈദഗ്ധ്യമുള്ളവർക്ക് മാത്രം അമേരിക്കയിലേക്ക് സ്വാഗതമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്.
എന്നാൽ, ഇതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഒരുലക്ഷം ഡോളർ പ്രതിവർഷം നേടാൻ യോഗ്യതയുള്ളയാൾ ആയിരിക്കണം വിദേശ ജീവനക്കാരൻ.
അല്ലാത്തപക്ഷം, തിരികെ നാട്ടിലേക്ക് പോകേണ്ടിവരും.
ആഘാതം ഇന്ത്യയ്ക്കും ചൈനയ്ക്കും
പ്രതിവർഷം 65,000 എച്ച്1ബി വീസകളാണ് അമേരിക്ക അനുവദിക്കുന്നത്. ഐടി, ഹെൽത്ത്കെയർ, എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ വിദേശത്തുനിന്ന് വൈദഗ്ധ്യമുള്ളവരെ അമേരിക്കയിലെ ഓഫിസുകളിൽ താൽക്കാലികമായി ജോലിക്ക് നിയമിക്കാനുള്ളതാണ് എച്ച്1ബി വീസ.
ഈ 65,000 കൂടാതെ, ഉയർന്ന ബിരുദങ്ങളുള്ളവർക്കാ.യി 20,000 വീസ കൂടി അനുവദിക്കാറുണ്ട്; ആകെ 85,000.
∙ 2025ന്റെ ആദ്യ പകുതി പരിഗണിച്ചാൽ ഏറ്റവുമധികം എച്ച്1ബി വീസയ്ക്ക് അപേക്ഷിച്ചത് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ ഉപകമ്പനി എഡബ്ല്യുഎസ് ആണ്; 12,000. മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയാണ് 5,000ലേറെ അപേക്ഷകളുമായി തൊട്ടുപിന്നിൽ.
∙ ഓരോ വർഷവും അനുവദിക്കുന്ന എച്ച്1ബി വീസയിൽ മുന്തിയപങ്കും നേടുന്നത് ഇന്ത്യക്കാരാണ്.
2024ൽ 71 ശതമാനവും ഇന്ത്യക്കാർക്കായിരുന്നു. 11.7 ശതമാനവുമായി ചൈനക്കാരാണ് രണ്ടാമത്.
അതുകൊണ്ടുതന്നെ ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവുമധികം ബാധിക്കുക അമേരിക്കയിൽ പ്രഫഷൻ കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ ടെക്കികളെയായിരിക്കും.
∙ എച്ച്1ബി വീസ എന്നത് 3 വർഷത്തെ കാലാവധിയുള്ള വീസയാണ്. 6 വർഷത്തേക്കുവരെ പുതുക്കാം.
അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് സ്വന്തമാക്കാൻ പലരുടെയും ആദ്യപടി കൂടിയാണിത്. നിലവിൽ, ഫീസ് കുത്തനെ കൂട്ടിയത് ഈ മോഹത്തിനും തടയിടും.
കമ്പനികൾക്ക് വൻ തിരിച്ചടി
അമേരിക്കയിൽ തൊഴിൽമോഹങ്ങളുള്ളവർക്ക് മാത്രമല്ല, കമ്പനികൾക്കും ഫീസ് വർധന കനത്ത തിരിച്ചടിയാണ്.
ഇന്ത്യൻ വംശജരായ ജീവനക്കാരുടെ വൈദഗ്ധ്യമാണ് നിലവിൽ അമേരിക്കൻ ഐടി കമ്പനികളുടെ വളർച്ചയുടെ നെടുംതൂൺ. എച്ച്1ബി വീസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും കംപ്യൂട്ടർ മേഖലയിലെ വിദഗ്ധരുമാണ്.
ട്രംപിന്റെ നീക്കം ഈ ‘കൂട്ടുകെട്ടി’നാണ് തടയിടുക.
വിദേശികൾക്ക് പകരം അമേരിക്കയിൽ നിന്നുതന്നെ ‘ടാലന്റ്’ ഉള്ളവരെ കണ്ടെത്തുകയെന്നത് കമ്പനികൾക്ക് പ്രയാസമാകും. മാത്രമല്ല, വിദേശ ജീവനക്കാർക്ക് പൊതുവേ വാർഷിക വേതനം 60,000 ഡോളർ മുതലാണ് (52 ലക്ഷം രൂപ).
അമേരിക്കൻ പൗരന്മാർക്ക് ഒരുലക്ഷം ഡോളർ മുതലും (88 ലക്ഷം രൂപ).
അനുകൂലിച്ച് മസ്കിന്റെ ഇരട്ടത്താപ്പ്
അതിവൈദഗ്ധ്യമുള്ളവരെ മാത്രം അമേരിക്കയിൽ തൊഴിലിനായി നിയമിക്കാൻ എച്ച്1ബി ഫീസ് വർധന സഹായിക്കുമെന്ന അഭിപ്രായവുമായി ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവി ഇലോൺ മസ്ക് രംഗത്തെത്തി. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്, ഒരുകാലത്ത് എച്ച്1ബി വീസയിൽ അമേരിക്കയിൽ എത്തിയയാളാണ്.
അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപും എച്ച്1ബി വീസ ഉടമയായിരുന്നു. സ്ലൊവേനിയയിൽ നിന്നാണ് മെലാനിയ ട്രംപ് അമേരിക്കയിലെത്തിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]