തൃശൂർ ∙ ഫുട്ബോൾ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി കോർപറേഷൻ സ്റ്റേഡിയത്തിൽ പുതിയ ഫുട്ബോൾ ടർഫിനു വഴിതെളിയുമ്പോൾ അത്ലറ്റിക്സ് സ്വപ്നങ്ങൾ എന്നെന്നേക്കുമായി ഇരുട്ടിലേക്കെന്നു ഭീതി. സൂപ്പർലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിനു വേണ്ടി കോർപറേഷൻ സ്റ്റേഡിയത്തിൽ പുതിയ ടർഫ് നിർമിക്കാൻ അനുമതി നൽകിയതോടെ സിന്തറ്റിക് ട്രാക്ക് നിർമിക്കാനുള്ള സാധ്യത മങ്ങിയെന്ന് അത്ലറ്റിക്സ് താരങ്ങളും പരിശീലകരും പറയുന്നു.
ഖേലോ ഇന്ത്യ പദ്ധതി വഴി സൗജന്യമായി ട്രാക്കും ഫുട്ബോൾ ടർഫും നിർമിച്ചു നൽകാൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സ്വന്തം ഫണ്ടിൽ നിന്നു നിർമിക്കുമെന്ന ‘ബഡായി’ ഉയർത്തി കോർപറേഷൻ പദ്ധതി മുടക്കിയിരുന്നു.
സൂപ്പർലീഗിനു വേദിയൊരുക്കാൻ 5 വർഷത്തേക്കാണു കോർപറേഷൻ സ്റ്റേഡിയം വിട്ടുനൽകുന്നത്.
നിലവിലുള്ള ടർഫ് പൊളിച്ചുകളഞ്ഞ് 106 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലും പുതിയ ടർഫ് ഒരുക്കാനുള്ള മുഴുവൻ ചെലവും സൂപ്പർ ലീഗ് ക്ലബ് വഹിക്കും. പുതിയ നാലു ഫ്ലഡ്ലൈറ്റുകളും സ്ഥാപിക്കും.
ചലിക്കുന്ന ഗോൾപോസ്റ്റുകൾ, ഡ്രസിങ് റൂം, കാബിനുകൾ, നവീകരിച്ച ഗാലറി, പുതിയ ബാരിക്കേഡുകൾ, പവിലിയൻ നവീകരണം എന്നിവയെല്ലാം സൂപ്പർ ലീഗ് അധികൃതർ പുതിയ ടർഫിനൊപ്പം ഒരുക്കും. ഇതേ ടർഫിനൊപ്പം അത്ലറ്റിക്സിനു സിന്തറ്റിക് ട്രാക്ക് കൂടി ഉൾപ്പെടുത്തി 14 കോടി രൂപ ചെലവിൽ ഖേലോ ഇന്ത്യ വഴി നിർമിച്ചു നൽകാമെന്ന വാഗ്ദാനം നേരത്തെ കോർപറേഷന്റെ നിസ്സഹകരണം മൂലം മുടങ്ങിയിരുന്നു.
സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്ന കാരണം ചൂണ്ടിക്കാട്ടി കോർപറേഷൻ ഫണ്ടിൽ നിന്നു 10 കോടി രൂപ മുടക്കി ടർഫ് നിർമിക്കുമെന്നായിരുന്നു ആദ്യം കോർപറേഷന്റെ പ്രഖ്യാപനം. ഇതു നടക്കുന്ന ലക്ഷണമില്ലെന്നു കണ്ടതോടെ സ്വന്തം നിലയ്ക്കു പുതിയ ധാരണാപത്രം തയാറാക്കി കേന്ദ്ര കായിക മന്ത്രാലയത്തിനു കൈമാറുകയും ട്രാക്കിനുള്ള ഫണ്ട് അനുവദിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.
ഇതിന് അംഗീകാരം ലഭിക്കാൻ സാധ്യത കുറവാണെന്നു വിദഗ്ധർ പറയുന്നു.
കേന്ദ്രഫണ്ട് ലഭിച്ചാൽ തടസ്സം കൂടാതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയാണു സ്റ്റേഡിയം സൂപ്പർ ലീഗ് കേരളയ്ക്കു വിട്ടുനൽകിയിട്ടുള്ളത്. എന്നാൽ, പുതുതായി നിർമിക്കുന്ന ടർഫിന്റെ വീതി വർധിപ്പിച്ചിട്ടുള്ളതിനാൽ 8 വരിയിൽ സിന്തറ്റിക് ട്രാക്ക് നിർമാണം നടക്കാൻ ഇനി സാധ്യതയില്ലെന്നാണു സൂചന.
ട്രാക്ക് ഇല്ലാതാകുമോ? എങ്ങനെ?
∙ കോർപറേഷൻ സ്റ്റേഡിയത്തിലെ നിലവിലുള്ള ടർഫിന്റെ പ്ലേയിങ് ഏരിയയ്ക്കു 100 മീറ്റർ നീളവും 64 മീറ്റർ വീതിയുമാണുള്ളത്.
ഔട്ടർ ഏരിയയിൽ 4 മീറ്റർ വീതി കൂടി ചേരുമ്പോൾ ടർഫിന് 68 മീറ്റർ വീതിയായി. സിന്തറ്റിക് ട്രാക്കിനുള്ളിൽ നിർമിക്കുന്ന ഫുട്ബോൾ ടർഫിനു 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമാണു രാജ്യാന്തര നിലവാരം.
നീളവും വീതിയും വീണ്ടും വർധിപ്പിച്ചാണു പുതിയ ടർഫ് നിർമാണത്തിനു കോർപറേഷൻ അനുമതി നൽകിയിട്ടുള്ളതെന്നു വിവരമുണ്ട്. ഇതോടെ ട്രാക്കിനുള്ളിലേക്കു ടർഫിന്റെ നാലു മൂലയും കയറുന്ന അവസ്ഥയുണ്ടാകും.
ലോങ് ജംപ് പിറ്റ്, ട്രിപ്പിൾ ജംപ് പിറ്റ്, ജാവലിൻ റൺവേ തുടങ്ങിയവ ഒരുക്കാൻ ബുദ്ധിമുട്ടാകും. നിലവിലുള്ള അതേ അളവിൽ ടർഫ് നിർമിച്ചാലേ രാജ്യാന്തര നിലവാരത്തിൽ ട്രാക്ക് യാഥാർഥ്യമാകാനിടയുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]