കുറ്റൂർ∙ ആട്ടോർ –തിരൂർ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി പുറമ്പോക്ക് സ്ഥലം ഒഴിപ്പിക്കുന്നതിൽ തർക്കം. ആട്ടോർ ഭാഗത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ജോമോൻ കൊള്ളന്നൂരിന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന കടമുറിയുടെ മുൻവശവും മതിലും പൊളിച്ചു നീക്കിയ നടപടിയാണ് വിവാദത്തിലായത്.
വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ച് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോമോന്റെ മാത്രം കയ്യേറ്റമാണു പൊളിച്ചു നീക്കിയത്.
ജോമോൻ ആർഡിഒയ്ക്കു നൽകിയ പരാതി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് അധികൃതരുടെ നടപടി. പഞ്ചായത്ത് അധികൃതരും ജോമോന്റെ ബന്ധുക്കളും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.ആട്ടോർ സെന്ററിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് (30 ലക്ഷം) ഉപയോഗിച്ച് കൾചറൽ സെന്ററും വനിതാ കന്റീനും ബസ് കാത്തിരിപ്പു കേന്ദ്രവും പുറമ്പോക്ക് കയ്യേറി നിർമിക്കുന്നു എന്ന ആരോപണം കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ജോമോനും പരാതി നൽകുകയും സമരം നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ പേരിൽ വ്യക്തി വൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായാണ് ഉപജീവന മാർഗം ഇല്ലാതാക്കി ഉപദ്രവിക്കുന്നതെന്നു ജോമോൻ പറഞ്ഞു.
തലമുറകളായി ഉപയോഗിച്ച ഭൂമിയാണ് തനിക്ക് ലഭിച്ചത്. ഇതിൽ കടമുറി ഇപ്പോഴും പുറമ്പോക്കിലല്ല സ്ഥിതിചെയ്യുന്നത്.
കടയുടെ മുൻവശത്ത് കണ്ടെത്തിയ പുറമ്പോക്ക് സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും മതിയായ സമയം അനുവദിക്കാതെ മുന്നറിയിപ്പില്ലാതെ പൊളിച്ചു നീക്കുകയായിരുന്നു എന്ന് ജോമോൻ പറഞ്ഞു. അവശേഷിച്ച കെട്ടിടത്തിന് ബലക്ഷയം നേരിട്ടതിനാൽ തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും പരാതിപ്പെട്ടു.
പഞ്ചായത്തിൽ 5 കോടി രൂപ ചെലവഴിച്ച് ആട്ടോർ– തിരൂർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനാണു പുറമ്പോക്ക് ഒഴിപ്പിക്കുന്നതെന്നു കോലഴി പഞ്ചായത്തംഗം പ്രകാശ് ചിറ്റിലപ്പിള്ളി പറഞ്ഞു.
പുറമ്പോക്ക് ഒഴിയാൻ ആവശ്യപ്പെട്ട് ഓഗസ്റ്റ് 11ന് കൈവശക്കാർക്കു നോട്ടിസ് നൽകിയിരുന്നു. ഇതനുസരിച്ച് സ്ഥല ഉടമകൾ ഭൂരിഭാഗവും നിർമാണങ്ങൾ സ്വയം പൊളിച്ചു നീക്കി സഹകരിക്കുകയാണ്. എന്നാൽ ജോമോന്റെ സ്ഥലം മാത്രം അളക്കുന്ന സമയത്തും,
ഒഴിപ്പിക്കാനെത്തിയപ്പോഴും തർക്കം ഉന്നയിക്കുകയും പരാതിയുമായി കോടതിയിൽ പോകുകയും അനുകൂല നടപടിയൊന്നും ലഭിക്കാതിരിക്കുകയുമായിരുന്നു.
എന്നിട്ടും കൂടുതലായി സമയം അനുവദിച്ച ശേഷം കയ്യേറ്റം നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് തിരിച്ചയച്ച സാഹചര്യത്തിലാണ് പൊലീസിന്റെ സഹായത്തോടെ കയ്യേറ്റം ഒഴിപ്പിക്കേണ്ടി വന്നതെന്ന് പ്രകാശ് ചിറ്റിലപ്പിള്ളി പറഞ്ഞു. ആട്ടോർ സെന്ററിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ വക സ്ഥലത്താണെന്നും മറിച്ചുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും പ്രകാശ് ചിറ്റിലപ്പിള്ളി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]