തൃശൂർ ∙ കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ തസ്തികകൾ വെട്ടിക്കുറച്ച എൽഎസ്ജിഡി ഉത്തരവ് 7 ദിവസത്തിനകം റദ്ദാക്കുമെന്നു മേയർ എം.കെ.വർഗീസ് വീണ്ടും ഉറപ്പുനൽകി. ഉത്തരവു റദ്ദാക്കുക മാത്രമല്ല, ജീവനക്കാരുടെ ശമ്പളപരിഷ്കരണവും നടപ്പിൽ വരുത്തുമെന്നു മേയർ പറഞ്ഞു.
ഈ വിഷയം പ്രധാന അജൻഡയാക്കി നടത്തിയ കൗൺസിൽ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മേയർ. കോർപറേഷൻ വൈദ്യുതി വിഭാഗം തൃശൂർ കോർപറേഷന്റെ സ്വകാര്യ അഹങ്കാരമാണ്.
അടിയന്തര ഘട്ടങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവരാണു ജീവനക്കാർ. ഉത്തരവിനെക്കുറിച്ചു കോർപറേഷനോ കൗൺസിലിനോ ഒരു മുന്നറിവുമില്ല.
ഉത്തരവ് ലഭിച്ച അന്നു മുതൽ അതു റദ്ദാക്കുന്നതിനു വേണ്ട നടപടികൾ മേയർ എന്ന നിലയിൽ സ്വീകരിച്ചു.
സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യുന്നതിനുള്ള ചുമതല സർക്കാരിനും എൽഎസ്ജിഡിക്കും മാത്രമാണ്. അതിനുള്ള നടപടികൾ ആരംഭിച്ച വിവരവും ലഭിച്ചു.
വിഷയത്തിൽ മന്ത്രി എം.ബി.രാജേഷുമായി 23ന് നിയമപരമായ ചർച്ച നടത്തും.
പ്രതിപക്ഷം ഈ വിഷയത്തിൽ ഒപ്പം നിൽക്കേണ്ടതിനു പകരം ചർച്ച അനുവദിക്കാതെ യോഗം ബഹിഷ്കരിച്ചതു ശരിയായ നടപടിയല്ല. കൗൺസിൽ അലങ്കോലപ്പെടുത്താനും തന്നെ ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചതു ഗുരുതരമായ ക്രിമിനൽ നടപടിയും ജനാധിപത്യ വിരുദ്ധവുമാണെന്നും മേയർ പറഞ്ഞു.
പ്രശ്നം പരിഹരിക്കാതെ തൊഴിലാളികളെക്കൊണ്ടു സമരം ചെയ്യിക്കുന്നതിനും തൃശൂർ നഗരം ഇരുട്ടിലാക്കുന്നതിനുമുള്ള ഗൂഢതന്ത്രമാണു പ്രതിപക്ഷത്തിന്റേത്. രാജ്യത്തു പൊതുമേഖലയെ സ്വകാര്യവൽക്കരിക്കുന്ന നിലപാടുകൾ ഇതുവരെ സ്വീകരിച്ചിട്ടുള്ളതു കോൺഗ്രസ് സർക്കാരാണ്.
ബിജെപിയും ഇതേ നിലപാടു പിന്തുടരുന്നുവെന്നും മേയർ ആരോപിച്ചു.
കോർപറേഷൻ വൈദ്യുതി വിഭാഗം ജീവനക്കാരുടെ ക്രമീകരണം പരിഷ്കരിച്ചു പുറപ്പെടുവിച്ച ഉത്തരവ് ഇറങ്ങി 7 ദിവസം പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാതെ മേയറും എൽഡിഎഫ് കോർപറേഷൻ ഭരണസമിതിയും പൊതുജനങ്ങളെ വഞ്ചിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ ആരോപിച്ചു. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രസ്താവന സംസ്ഥാന സർക്കാരും എൽഡിഎഫ് കോർപറേഷൻ ഭരണസമിതിയും തമ്മിലുള്ള ഗൂഢാലോചനയെയാണു കാണിക്കുന്നതെന്നും രാജൻ പല്ലൻ പറഞ്ഞു.
ഊരാളുങ്കൽ സൊസൈറ്റിക്കു കോർപറേഷൻ വൈദ്യുതി വിഭാഗവും കുടിവെള്ള വിതരണവും ഏൽപിച്ചുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫിസും ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.ഊരാളുങ്കൽ സൊസൈറ്റിക്കു വൈദ്യുതി വിഭാഗം കൈമാറുന്നുവെന്നതു പ്രതിപക്ഷത്തിന്റെ ഊഹാപോഹം മാത്രമാണെന്നു വർഗീസ് കണ്ടംകുളത്തി മറുപടി പറഞ്ഞു.
കൗൺസിലിൽ കയ്യാങ്കളി
∙ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ നടത്തിയ വാഗ്വാദങ്ങൾ കയ്യാങ്കളിയുടെ വക്കിലെത്തി.
പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലനും കൗൺസിലർ ജോൺ ഡാനിയേലും സംസാരിച്ചതിനു ശേഷം പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. വൈദ്യുതി വിഭാഗത്തിലെ തസ്തികകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളുമായി പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം.
ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടതോടെ യുഡിഎഫ് ഗോ ബാക്ക് വിളികളുമായി സിപിഎം കൗൺസിലർമാരും രംഗത്തിറങ്ങി.
ഉത്തരവു റദ്ദാക്കാതെ മേയറെ ചേംബറിൽ നിന്നു വിടില്ല എന്നു പ്രഖ്യാപിച്ചു രാജൻ പല്ലനും യുഡിഎഫ് കൗൺസിലർമാരും ചേർന്നു മേയറെ തടഞ്ഞുവച്ചു. അതോടെ വർഗീസ് കണ്ടംകുളത്തി അടക്കമുള്ള സിപിഎം കൗൺസിലർമാർ ഭരണപക്ഷ കൗൺസിലർമാരുടെ ഇടയിലൂടെ ചെന്നു മേയറെ പുറത്തിറക്കാൻ ശ്രമിച്ചപ്പോഴാണു കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് എത്തിയത്.
അതിനിടയിൽ മേയറെ കൗൺസിൽ ഹാളിനു പുറത്ത് എത്തിച്ചു.
ഉച്ചയ്ക്ക് രണ്ടിനു വീണ്ടും ആരംഭിച്ച കൗൺസിൽ യോഗത്തിൽ നിന്നു പ്രതിപക്ഷം വിട്ടുനിന്നു. വിഷയം ചർച്ച ചെയ്യാൻ കൂടിയ കൗൺസിൽ യോഗത്തിൽ ചർച്ച അനുവദിക്കാതെ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ സിപിഎം കൗൺസിലർമാരും വിനോദ് പൊള്ളഞ്ചേരി അടക്കമുള്ള ബിജെപി കൗൺസിലർമാരും കുറ്റപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]