കൊട്ടാരക്കര∙ ജോമരിയയുടെയും ജിയന്നയുടെയും ‘അച്ചൻ പപ്പ’യ്ക്ക് പുതിയ നിയോഗം. തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാനായി നിയമിതനായ റവ.ഡോ.ജോൺ കുറ്റിയിലിന്റെ കുടുംബവീടായ കിഴക്കേത്തെരുവിൽ കുറ്റിയിൽ വീടും ഒപ്പം ജന്മനാടും ആഹ്ലാദത്തിലാണ്.
മകന്റെ സ്ഥാന ലബ്ദിയിൽ അമ്മ ഓമന രാജന്റെ പ്രതികരണം ഇങ്ങനെ.‘എല്ലാം ദൈവ നിയോഗം’. 43–ാം വയസ്സിൽ മകനെ തേടിയെത്തിയ ദൈവിക പദവിയെ ആദരവോടെയാണ് അമ്മ കാണുന്നത്.
കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സമീപത്ത് തന്നെയാണ് നിയുക്ത ജോൺ കുറ്റിയിൽ അച്ചന്റെ കുടുംബ വീട്.
അമ്മ ഓമനയും സഹോദരനായ അധ്യാപകൻ രാജീവ് രാജനും രാജീവിന്റെ ഭാര്യ ആശയും മക്കളായ ജോമരിയയും ജിയന്നയുമാണ് ഇവിടെ താമസം. വിമുക്ത ഭടനായ പിതാവ് രാജൻ ഏതാനും വർഷം മുൻപാണ് മരിച്ചത്.
അപ്രതീക്ഷിതമായാണ് ഇന്നലെ ആ ഫോൺ വിളി എത്തിയത്.
വൈകാതെ അടൂർ മാർ ഇവാനിയോസ് നഗറിൽ ഉടൻ എത്തണം. കുടുംബാംഗങ്ങൾ ഉടൻ തന്നെ പുറപ്പെട്ടു.
അവിടെ എത്തിയപ്പോഴാണ് സ്ഥാനാരോഹണ വിവരം അറിയുന്നത്. ധന്യമായ ചടങ്ങുകളിൽ കുടുംബാംഗങ്ങളും പങ്കാളികളായി.
ജോൺ അച്ചന്റെ ബാല്യകാലം കുറ്റിയിൽ വീട്ടിലായിരുന്നു. സമീപത്തെ സെന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്.
സൗമ്യമായ പെരുമാറ്റത്തിന് ഉടമയായിരുന്നു.
ആരെയും ആകർഷിക്കുന്ന സ്വഭാവവും ആകാരവും പ്രത്യേകതകളായി. പത്താം ക്ലാസ് കഴിഞ്ഞതോടെ സെമിനാരിയിലേക്ക് മതപഠനത്തിന് പോയി.
ആറടിയോളം ഉയരമുള്ള ആകാരം ബാസ്കറ്റ് ബോൾ പ്ലൈയറുമാക്കി. മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ കിഴക്കേത്തെരുവിന് അഭിമാനിക്കാൻ മറ്റൊരു മുഹൂർത്തമായിരുന്നു ഇന്നലെ.
മാവേലിക്കര ഭദ്രാസനാധിപനായി വിരമിച്ച ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസും പ്രദേശവാസിയാണ്.
പരേതനായ രാജന്റെയും ഓമനയുടെ മകനായി 1982 മേയ് 30ന് ജനിച്ച സഹായമെത്രാൻ ഡോ. ജോൺ കുറ്റിയിൽ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായിൽ നിന്ന് 2008-ൽ പൗരോഹിത്യം സ്വീകരിച്ച് തിരുവനന്തപുരം മേജർ അതിരൂപതയിലെ വൈദികനായി.
വൈദിക പഠനം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങളും വൈദിക പരിശീലനവും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും പൂർത്തിയാക്കി. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം ഉണ്ട്.
കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ സെക്രട്ടറിയായിട്ടാണ് ആദ്യത്തെ നിയമനം. തുടർന്ന് റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാനിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി.
ചാല, കരമന, പാറോട്ടുകോണം, പാളയം സമാധാന രാജ്ഞി ബസിലിക്ക എന്നീ ഇടവകകളിൽ വികാരിയായി.
സെന്റ് അലോഷ്യസ് മൈനർ സെമിനാരി റെക്ടറായും തിരുവനന്തപുരം മേജർ അതിരൂപത അജപാലന സമിതി വൈദിക സെക്രട്ടറിയും സേവനം ചെയ്തിട്ടുള്ള ജോസ് അച്ചൻ നിലവിൽ ചാൻസലറായും മാസ്റ്റർ ഓഫ് സെറിമണിസായും പ്രവർത്തിക്കുന്നു. ഇംഗ്ലിഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.
തിരുവനന്തപുരത്ത് മണ്ണന്തലയിൽ വിശുദ്ധ ജോൺ പോൾ മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെയും ഉളിയാഴിത്തറ തിരുഹൃദയ ഇടവകയുടെയും വികാരിയായും മലങ്കര സഭയുടെ ദൈവ വിളി കമ്മിഷൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികെയാണ് പുതിയ നിയോഗം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]