കൊല്ലം∙ മുനിസിപ്പൽ കോർപറേഷൻ പോളയത്തോട് ഷോപ്പിങ് കോംപ്ലക്സിന്റെ ഭൂഗർഭ പാർക്കിങ് ഏരിയയിലെ വെള്ളക്കെട്ട് മൂലം കൊതുകു പെരുകി വ്യാപാരികൾ ബുദ്ധിമുട്ടിയപ്പോൾ കോർപറേഷൻ ഒരു എളുപ്പവഴി കണ്ടെത്തി,കൊതുകിനെ കൊല്ലാൻ കഴിയുന്ന ഗപ്പി മത്സ്യത്തെ ഇറക്കി !!! ഇപ്പോൾ പാർക്കിങ് ഏരിയയാണോ മീൻ വളർത്തുന്ന കുളമാണോ എന്നറിയാൻ പറ്റാത്ത പരുവം.
വെള്ളക്കെട്ടെന്ന അടിസ്ഥാന പ്രശ്നത്തിന് ശാശ്വത പരിഹാരമെന്തെന്ന ചോദ്യത്തിന് കൈമലർത്തുകയാണ് കോർപറേഷൻ.
7 വർഷമായി തുടരുന്ന വെള്ളക്കെട്ടിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോർപറേഷനിൽ പല തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പരാതികൾ ലഭിക്കുമ്പോൾ താൽക്കാലിക പരിഹാരമെന്ന നിലയിൽ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാറുണ്ട്.
എന്നാൽ പാർക്കിങ്ങിൽ കെട്ടിക്കിടക്കുന്നത് ഊറ്റുവെള്ളമായതിനാൽ വറ്റിച്ചാലും 2 ദിവസത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. അശാസ്ത്രീയ നിർമാണം കാരണമാണ് വെള്ളക്കെട്ടെന്നും ആരോപണമുണ്ട്.
വൈകുന്നേരങ്ങളിൽ കൊതുകുശല്യം കാരണം കടകളിൽ നിന്നു ജോലി ചെയ്യാൻ കഴിയില്ലെന്ന് വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു.
15 വർഷം മുൻപ് പോളയത്തോട് പ്രവർത്തനമാരംഭിച്ച ഷോപ്പിങ് കോംപ്ലക്സിന്റെ 3 നിലകളിലായി 48 കടമുറികളാണുള്ളത്. 72 കാറുകൾ പാർക്ക് ചെയ്യാവുന്ന വലുപ്പത്തിലാണ് പാർക്കിങ് ഏരിയ.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റേതടക്കം 3 ഗവൺമെന്റ് സ്ഥാപനങ്ങളും ആറിലധികം സ്വകാര്യ സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നുണ്ട്.
വെള്ളക്കെട്ട് കാരണം ബുദ്ധിമുട്ടുന്ന മറ്റൊരു വിഭാഗമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ. മീറ്റർ ഘടിപ്പിച്ചിരിക്കുന്നത് പാർക്കിങ് ഏരിയയിലായതിനാൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെ നടന്നുപോയെങ്കിൽ മാത്രമേ മീറ്റർ റീഡിങ് എടുക്കാൻ സാധിക്കുകയുള്ളൂ.
അതിനാൽ കഴിഞ്ഞ കുറേക്കാലമായി ഏറ്റവും അവസാനമെടുത്ത മീറ്റർ റീഡിങ്ങിനെ അടിസ്ഥാനമാക്കിയാണ് കെഎസ്ഇബി വൈദ്യുത ബിൽ ഈടാക്കുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സാമൂഹികവിരുദ്ധ ശല്യവും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.
കെട്ടിക്കിടക്കുന്ന വെള്ളത്തിലിരുന്നു മദ്യപിക്കാനെത്തുന്നവർ കുപ്പിയും പ്ലാസ്റ്റിക്കും വെള്ളത്തിൽ നിക്ഷേപിക്കുന്നതും പതിവാണ്.
കോർപറേഷനും രാഷ്ട്രീയ പാർട്ടിക്കാരും നടത്തുന്ന പൊതുപരിപാടികൾക്ക് ഉപയോഗിച്ച ബോർഡുകളുൾപ്പെടെ തള്ളുന്ന ‘ഡംപിങ് സൈറ്റായി’ മാറിയിരിക്കുന്ന പാർക്കിങ് ഏരിയയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]