തിരൂർ ∙
എന്തൊക്കെ ചെയ്യാൻ കഴിയും?. ചുമരുകൾക്കുള്ളിൽ ഒതുക്കാതെ പറത്തിവിട്ടാൽ, പൂമ്പാറ്റകളെപ്പോലെ അവർ വർണം വിതറിപ്പറക്കും – ഷലീഖിനെപ്പോലെ.
സെറിബ്രൽ പാൾസി എന്ന അവസ്ഥയ്ക്കു പുറമേ, ചെറുതായി ബുദ്ധിപരമായ വെല്ലുവിള നേരിടുന്ന ഷലീഖ് ഇന്നൊരു സിനിമയിലെ നായകനാണ്. അതിജീവനത്തിന്റെ കഥ പറയുന്ന ആഴം എന്ന സിനിമയിലാണ് ഈ യുവാവ് നായകനായി അഭിനയിച്ചത്. ഇഫ്ര അറയ്ക്കലിന്റെ കഥ മൂൺലൈറ്റ് ബാനറിൽ ഫവാസ് കല്ലനാണ് സംവിധാനം ചെയ്തത്.
സെറിബ്രൽ പാൾസിയുള്ള ഒരാളുടെ ജീവിതം തന്നെയാണ്
പറയുന്നത്.
ഷലീഖിന്റെ കഥാപാത്രത്തെ എപ്പോഴും സഹായിക്കുന്ന സംസാരശേഷിയില്ലാത്ത മറ്റൊരു കഥാപാത്രമുണ്ട് സിനിമയിൽ. പ്രവീൺ ദാസ് എന്ന പുതുമുഖമാണ് ഈ റോളിൽ അഭിനയിച്ചത്.
ഒരു ദിവസം സംസാരശേഷിയില്ലാത്ത കഥാപാത്രം ഷലീഖ് അഭിനയിച്ച കഥാപാത്രത്തെ സഹായിക്കുന്നതിനിടെ കിണറ്റിലേക്കു വീണുപോകുന്നു. ഇക്കാര്യം മറ്റുള്ളവരെ അറിയിക്കാൻ സെറിബ്രൽ പാൾസിയുള്ള കഥാപാത്രം പലതവണ ശ്രമിക്കുന്നുണ്ടെങ്കിലും ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒടുവിൽ ഉത്സവപ്പറമ്പിൽനിന്ന് ഒരു വിസിൽ വാങ്ങി കിണറ്റിലിട്ടു കൊടുക്കുന്നു.
സംസാരശേഷിയില്ലാത്തയാൾ ഇത് ഊതുന്നതോടെ, കിണറ്റിൽ ആൾ വീണുകിടക്കുന്നതായി മറ്റുള്ളവർ മനസ്സിലാക്കുകയും അയാളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതോടെ സിനിമ അവസാനിക്കും.
ഒന്നര മണിക്കൂറാണ് സിനിമ. താനൂരിലാണ് സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. താനൂർ പുത്തൻതെരുവിലെ ഷരീഫിന്റെയും ഫാത്തിമയുടെയും മകനാണ് 33 വയസ്സുള്ള ഷലീഖ്.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന തിരൂർ കിൻഷിപ്പിലെ അംഗവുമാണ്. സംവിധായകൻ ഫവാസ് കിൻഷിപ്പിലെത്തിയാണ് ഷലീഖിനെ കണ്ടെത്തിയത്.
ഈ യുവാവിന് മികച്ച അഭിനശേഷി ഉണ്ടെന്നാണ് ഫവാസ് പറയുന്നത്.
കരയുന്ന ഭാവങ്ങളും മറ്റും നന്നായി അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഡബ്ബിങ് നടക്കുകയാണ്.
ഇതു പൂർത്തിയായിക്കഴിഞ്ഞാൽ കിൻഷിപ്പിൽ ആദ്യ ഷോ നടത്തും. പിന്നീട് ഫെസ്റ്റിവലുകളിലും പ്രദർശിപ്പിക്കും.
സിനിമയിലെ ‘ദൂര വെൺമേഘ ഗഗനതീരം’ എന്നു തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിട്ടുണ്ട്. ഫൈസൽ പൊന്നാനി എഴുതിയ ഗാനങ്ങൾക്ക് ജോസ് അറയ്ക്കലാണ് സംഗീതം നൽകിയത്.
നിതിൻ കാലിക്കറ്റ് പാടി. സുരേഷ് ബാബു പുല്ലത്ത് മേക്കപ്പും രജീഷ് കൃഷ്ണയും സന്തോഷും കലാസംവിധാനവും നിർവഹിച്ചു. ഷലീഖ് അഭിനയിച്ച സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കിൻഷിപ് അംഗങ്ങളെന്ന് ഡയറക്ടർ നാസർ കുറ്റൂർ പറഞ്ഞു.
ഷലീഖും സന്തോഷത്തിലാണ്. ഇനിയൊരു ആഗ്രഹം കൂടിയുണ്ട് – മമ്മൂട്ടിയെ ഒന്നു കാണണം, സംസാരിക്കണം.
പറ്റുമെങ്കിൽ ഒന്നു തൊടണം…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]