ന്യൂഡൽഹി∙
തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ടു പുലർച്ചെ ഒരുമണിക്ക് നടത്തിയെന്നതിൽ വിശദീകരണം നൽകി സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ഇരുട്ടിൽ ചിത്രങ്ങൾ പകർത്താനും സിവിലിയൻ നഷ്ടം പരമാവധി കുറയ്ക്കാമെന്നുമുള്ള ഇന്ത്യൻ സേനയുടെ ആത്മവിശ്വാസമാണ് ആ സമയം തിരഞ്ഞെടുക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ രാജ്ഭവനിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘‘2019ല് ബാലാക്കോട്ടെ ആക്രമണത്തിന്റെ സമയത്ത് നമുക്ക് ഉപഗ്രഹ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ഇരുട്ടിൽ ചിത്രങ്ങളെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
എന്നാൽ ഉപഗ്രഹ ചിത്രങ്ങളെടുക്കാമെന്ന ആത്മവിശ്വാസവും സിവിലിയൻ നഷ്ടം കുറയ്ക്കണമെന്ന ആഗ്രഹവും ആണ് ആ സമയം തിരഞ്ഞെടുക്കാൻ കാരണം. പ്രാർഥനകൾക്കും മറ്റുമായി അതിരാവിലെ എഴുന്നേൽക്കുന്ന സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ കൂടിയാണ് ആ സമയം തിരഞ്ഞെടുത്തത്. പുലർച്ചെ അഞ്ചരയ്ക്കോ ആറുമണിക്കോ ഉള്ള സമയം ആക്രമണത്തിനു തിരഞ്ഞെടുക്കാമായിരുന്നു.
എന്നാൽ അപ്പോഴാണ് ആദ്യ പ്രാർഥനയ്ക്കായി ആളുകൾ ഒരുങ്ങുന്നത്. അങ്ങനെവരുമ്പോൾ നിരവധിപ്പേർ കൊല്ലപ്പെട്ടേക്കാം.
അതു പൂർണമായി ഒഴിവാക്കണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം.
പുതിയ തരത്തിലുള്ള യുദ്ധമുറയാണ് അന്ന് കൊണ്ടുവന്നത്. പരമ്പരാഗത യുദ്ധത്തിൽ ചെയ്യുന്ന ഭൂമി പിടിച്ചെടുക്കൽ, ആയുധങ്ങൾ നശിപ്പിക്കൽ, യുദ്ധത്തടവുകാരെ പിടിച്ചെടുക്കൽ, സൈനികരെ വധിക്കൽ തുടങ്ങിയവയിൽ ഇന്നുവരെ നമ്മൾത്തന്നെയാണ് വിജയിച്ചുനിൽക്കുന്നത്.
ഇത്തവണ നമ്മുടെ വിജയത്തിന്റെ മെട്രിക്സിലൊന്ന് നമ്മൾ നടത്തിയ ആക്രമണത്തിന്റെ സങ്കീർണതയാണ്. രാത്രിയിൽ ദീർഘദൂര ലക്ഷ്യങ്ങളിലേക്കുള്ള കൃത്യമായ സ്ട്രൈക്കുകൾക്ക് പ്രത്യേക പരിശ്രമം ആവശ്യമായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ ഓരോ ഘട്ടത്തിലും നമ്മൾ പാക്കിസ്ഥാനെ തോൽപ്പിച്ചു.
ഉറിയിലും ബാലാക്കോട്ടും കര, വ്യോമ മാർഗമാണ് തിരിച്ചടിക്കായി ഉപയോഗിച്ചത്. എന്നാൽ ഇത്തവണ എല്ലാവരെയും ഞെട്ടിക്കുന്ന പുതിയ തന്ത്രമാണ് പുറത്തെടുത്തത്.
ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തു. അതാണ് വിജയത്തിന്റെ കാരണവും.
യുദ്ധമാർഗങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. അധിനിവേശത്തേക്കാൾ സാങ്കേതികവിദ്യയിൽ മുന്നേറിയുള്ള യുദ്ധതന്ത്രങ്ങളിലേക്കാണ് കാര്യങ്ങൾ മാറുന്നത്.
നാളെയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം നേരിടുക എന്നതാണ് ആധുനിക യുദ്ധതന്ത്രം ആവശ്യപ്പെടുന്നത്. കര, കടൽ, ആകാശം എന്നിങ്ങനെ മാത്രമായി ഇന്നത്തെ യുദ്ധ ഇടം പരിമിതപ്പെട്ടുനിൽക്കുന്നില്ല.
ബഹിരാകാശം, സൈബറിടം, ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം, കോഗ്നിറ്റീവ് ഡൊമെയ്ൻ എന്നിവിടങ്ങളും യുദ്ധസ്ഥലങ്ങളായി മാറി. മാറുന്ന യുദ്ധമേഖലകളോടു പൊരുത്തപ്പെടുക മാത്രമല്ല, ഭാവിയിലേക്കായി സജീവമായി രൂപപ്പെടുക കൂടിയാണ് നമ്മുടെ സൈന്യം ചെയ്യുന്നത്.
ഇപ്പോഴത്തെ വിജയം എല്ലാ മേഖലകളിലുമുള്ള നമ്മുടെ മേൽക്കോയ്മ നിലനിർത്താനുള്ള കഴിവു കൂടിയാണ് കാണിക്കുന്നത്.’’ – അദ്ദേഹം പറഞ്ഞു.
മേയ് ഏഴിന് പുലർച്ച് ഒന്നിനും ഒന്നരയ്ക്കും ഇടയിലായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ തിരിച്ചടി. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപതു ഭീകരതാവളങ്ങൾ ആണ് ഇന്ത്യ ലക്ഷ്യമിട്ടത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]