കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ‘ഹനു-മാൻ’ എന്ന ചിത്രം തെലുങ്ക് യുവതാരം തേജ് സജ്ജയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. 40 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
ഇപ്പോൾ തേജ് സജ്ജയുടെ ഏറ്റവും പുതിയ ചിത്രമായ ‘മിറൈ’യും ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയാണ്. കാർത്തിക് ഗട്ടംനേനി രചനയും സംവിധാനവും നിർവഹിച്ച ഫാന്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രമാണിത്.
സിനിമയുടെ വിജയത്തിൽ നിർമ്മാതാവ് നായകനും സംവിധായകനും സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 12-ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു.
മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനൊപ്പം ഹിന്ദി പതിപ്പും മികച്ച പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഇന്ത്യയിൽ നിന്ന് ഇതുവരെ 50.87 കോടി രൂപയും ഹിന്ദി പതിപ്പ് 13.05 കോടി രൂപയും നെറ്റ് കളക്ഷനായി നേടിയിട്ടുണ്ട്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബുധനാഴ്ച വിജയവാഡയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ വിശ്വ പ്രസാദ്, നായകൻ തേജ് സജ്ജയ്ക്കും സംവിധായകൻ കാർത്തിക് ഗട്ടംനേനിക്കും സമ്മാനങ്ങൾ പ്രഖ്യാപിച്ചു. ഇരുവർക്കും കാറുകളാണ് സമ്മാനമായി നൽകുന്നത്.
ഇഷ്ടമുള്ള മോഡൽ അവർക്ക് തന്നെ തിരഞ്ഞെടുക്കാമെന്നും നിർമ്മാതാവ് വേദിയിൽ വ്യക്തമാക്കി. “പീപ്പിൾ മീഡിയ ഫാക്ടറിയെ സംബന്ധിച്ചിടത്തോളം ‘മിറൈ’ ഒരു സുപ്രധാന നാഴികക്കല്ലാണ്.
വാണിജ്യവിജയത്തിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. ഞാൻ ഏറെ സന്തോഷവാനാണ്, ഈ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു,” വിശ്വ പ്രസാദ് പറഞ്ഞു.
60 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. പീപ്പിൾ മീഡിയ ഫാക്ടറിക്ക് ലഭിച്ച ഈ വിജയം തേജ് സജ്ജയുടെ കരിയറിനും വലിയ നേട്ടമാകും.
‘ഹനു-മാന്’ ശേഷം തുടർച്ചയായി മറ്റൊരു 100 കോടി ചിത്രം കൂടി ലഭിക്കുന്നതോടെ കൂടുതൽ മികച്ച പ്രോജക്റ്റുകൾ താരത്തെ തേടിയെത്തുമെന്നാണ് വിലയിരുത്തൽ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]