മാരാരിക്കുളം∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകളിലും നീന്തൽ പരിശീലന കേന്ദ്രത്തിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി വേണ്ട നിർദേശങ്ങൾ നൽകി.
വാട്ടർ തീം പാർക്കുകളിൽ പൂളുകൾ കൃത്യമായ സമയക്രമത്തിൽ ക്ലോറിനേഷൻ നടത്തുകയും അവയുടെ രേഖകൾ സൂക്ഷിക്കുകയും ചെയ്യണം.
സ്വിമ്മിങ് പൂളിന്റെ ഇരുവശവും തറയും ബ്രഷ് ഉപയോഗിച്ച് കഴുകണം, പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കണം, നീന്തൽകുളത്തിലെ ഫിൽറ്ററുകൾ വൃത്തിയായി സൂക്ഷിക്കണം, പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.വെള്ളത്തിന്റെ അളവ് അനുസരിച്ചു 5ഗ്രാം ബ്ലീച്ചിങ് പൗഡർ 1000 ലീറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ ഉപയോഗിക്കുക. ക്ലോറിൻ ലവൽ 2 മുതൽ 3 പിപിഎം വരെയായി നിലനിർത്തണം.
നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ.എസ്.ശ്രീദേവി അറിയിച്ചു.
മൂക്കിലൂടെ ആണ് അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. കെട്ടിക്കിടക്കുന്നതും മാലിന്യം നിറഞ്ഞതുമായ ജലാശയങ്ങൾ, പായൽ പിടിച്ച ജലാശയങ്ങൾ, കന്നുകാലികളെ കുളിപ്പിക്കുന്ന കുളങ്ങൾ എന്നിവിടങ്ങളിൽ മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യരുതെന്നും, കിണറുകൾ ശാസ്ത്രീയമായി ക്ലോറിനേഷൻ നടത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.സനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെനീഷ് തോമസ്, ടി.ടി.രതീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]