കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മേൽത്തട്ടിലെ പ്ലാസ്റ്ററിങ് അടർന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിക്കു പരുക്ക്. കുമരകം ചീപ്പുങ്കൽ കല്ലുതറ വീട്ടിൽ കൊച്ചുമോൾക്കാണു (50) കാലിൽ പരുക്കേറ്റത്.
മെഡിസിൻ ബ്ലോക്കിലെ മൂന്നാം വാർഡിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന കൊച്ചുമോളുടെ കാലിലേക്ക് ഇന്നലെ പുലർച്ചെ 5നാണു പ്ലാസ്റ്ററിങ് വീണത്. ഉടൻ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകി.
പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കൊച്ചുമോളുടെ അമ്മയെ മെഡിസിൻ ഐസിയുവിലും സഹോദരന്റെ കുട്ടിയെ നെഫ്രോളജി ഐസിയുവിലും പ്രവേശിപ്പിച്ചിരുന്നു. ഇരുവർക്കും കൂട്ടിരിപ്പിനായി എത്തിയതാണ്.
2 ഐസിയുവിന്റെയും ഇടയിലുള്ള വരാന്തയിലാണ് കുഞ്ഞുമോൾ കിടന്നത്. ഇവിടെ മറ്റ് ആളുകളുമുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ ഉടനെത്തി കൊച്ചുമോളെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.
ഒഴിവായത് വലിയ അത്യാഹിതമാണെന്നു മറ്റു കൂട്ടിരിപ്പുകാർ പറഞ്ഞു. പ്ലാസ്റ്ററിങ് ഭാഗങ്ങൾ ഉടൻ വൃത്തിയാക്കി.
തകർച്ച ആദ്യകാല കെട്ടിടത്തിൽ
1975–78 കാലത്ത് നിർമിച്ചതാണ് ഇന്നലെ പ്ലാസ്റ്ററിങ് വീണ മെഡിസിൻ ബ്ലോക്ക്.
മെഡിക്കൽ കോളജിൽ ആദ്യകാലത്ത് നിർമിച്ച 3 കെട്ടിടങ്ങളിൽ ഒന്നാണിത്.3 നിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിലെ വരാന്തയിലാണ് ഇന്നലെ പ്ലാസ്റ്ററിങ് വീണത്. 4 പതിറ്റാണ്ടു പഴക്കമുള്ള കെട്ടിടത്തിൽ പല സ്ഥലങ്ങളിലും അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്.
താഴത്തെ നിലയിൽ വരാന്തയിലെ ജനലിന്റെ തടികൾ ഈർപ്പം മൂലം ദ്രവിച്ചിട്ടുണ്ട്. മെഡിസിൻ ബ്ലോക്കിലെ പ്രധാന കെട്ടിടത്തോടു ചേർന്നു നിർമിച്ച 3 നില ശുചിമുറിയും അപകടാവസ്ഥയിലാണ്.
ഈ ശുചിമുറികൾ അടച്ചിട്ടിരിക്കുകയാണ്. ഈ ശുചിമുറി കെട്ടിടം പൊളിക്കുന്നതിനുള്ള ഫയൽനീക്കം മാസങ്ങളായി നടക്കുന്നുണ്ടെങ്കിലും എങ്ങുമെത്തിയില്ല.
ഉയർന്ന തുക ക്വോട്ട് ചെയ്തതിനാലാണ് ടെൻഡറിൽ ആരും പങ്കെടുക്കാത്തതെന്നാണ് ആക്ഷേപം. ഇതേ കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഇസിജി മുറിയിൽ 2 മാസം മുൻപ് മുകൾഭാഗത്തുനിന്നു പ്ലാസ്റ്ററിങ് വീണിരുന്നു. അന്ന് ഭാഗ്യത്തിന് അപകടം ഒഴിവായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]