തിരുവമ്പാടി ∙ ഇരുവഞ്ഞി താഴ്വാരത്തെ 5 പഞ്ചായത്തുകളിലായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ഫാം ടൂറിസം പദ്ധതിയെക്കുറിച്ചു കർഷകരുമായി സംവദിച്ചു പ്രിയങ്ക ഗാന്ധി. ഫാം ടൂറിസം പൈലറ്റ് പ്രോജക്ടിലെ സജീവ അംഗങ്ങളെ നേരിൽ കണ്ടാണു പ്രിയങ്ക ഗാന്ധി സംവദിച്ചത്.
ദേശീയ കാർഷിക അവാർഡ് ജേതാവായ ആനക്കാംപൊയിൽ ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാമിലും വീട്ടിലുമായിരുന്നു കർഷക കൂട്ടായ്മ.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പുരയിടത്തിൽ, കൃഷി വകുപ്പ് കൊടുവള്ളി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോഹൻ, തിരുവമ്പാടി കൃഷി ഓഫിസർ മുഹമ്മദ് ഫാസിൽ, പദ്ധതി കോഓർഡിനേറ്റർ അജു ഇമ്മാനുവൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. 2 മണിക്കൂറോളം കർഷകരുമായി സംവദിച്ച പ്രിയങ്ക ഗാന്ധി നിലവിലുള്ള പദ്ധതി നടത്തിപ്പിനെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും കർഷകരുടെ ആവശ്യങ്ങളെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കി.
ഈ പ്രദേശത്ത് നടപ്പാക്കിയ ക്ലസ്റ്റർ അധിഷ്ഠിത ഫാം ടൂറിസം എന്ന നവീന ആശയത്തെ പ്രത്യേകമായി അഭിനന്ദിച്ചു. പദ്ധതി വിപുലീകരണം പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ ഒരു കൺസൽറ്റന്റിനെ നിയമിക്കാൻ സഹായം നൽകാമെന്ന് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തു.
നഗരങ്ങളിലെ വിദ്യാർഥികൾക്ക് കാർഷിക രംഗത്തെയും പ്രകൃതിയെയും മനസ്സിലാക്കാൻ ഫാം ടൂറിസം പദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും എന്നും സ്കൂളുകളും കെഡറ്റ് ഫാം ടൂറിസം സൊസൈറ്റിയുമായി പരസ്പരം പരിചയപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ഫാം ടൂറിസം രംഗത്തേക്ക് കടന്നു വരുന്ന കർഷകർക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഇടപെടലുകൾ നടത്തുമെന്നും ഈ പദ്ധതി ദേശീയ തലത്തിൽ പ്രചാരണം നടത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് പുരയിടത്തിൽ കർഷകരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം എംപിക്ക് കൈമാറി. സംസ്ഥാന കാർഷിക അവാർഡ് ജേതാവായ പി.ജെ.തോമസിനെ ആദരിച്ചു.
മുഹമ്മദ് ഉമൈർ ഓമശ്ശേരി, ഷിബു തോമസ് കോടഞ്ചേരി, ജിജോ ഷാജി പുതുപ്പാടി, രാജേഷ് സിറിയക് കൂടരഞ്ഞി, സജി കൊച്ചുപ്ലാക്കൽ തിരുവമ്പാടി എന്നിവർ വിവിധ പഞ്ചായത്ത് കർഷക സംഘങ്ങൾക്ക് നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]