റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗുഡ് ന്യൂസ്’ വൈകാതെ കേൾക്കുമെന്ന് യുകെ സന്ദർശനത്തിയ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
‘‘പുട്ടിൻ എന്നെ നിരാശപ്പെടുത്തി, 7 യുദ്ധങ്ങൾ ഞാൻ അവസാനിപ്പിച്ചു. പക്ഷേ, റഷ്യ-യുക്രെയ്ൻ യുദ്ധം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കടുപ്പമാണ്.
പുട്ടിനുമായി നല്ല ബന്ധം ഉണ്ടായിരുന്നതിനാൽ ഈ യുദ്ധം ഈസിയായി അവസാനിപ്പിക്കാനാകുമെന്ന് ഞാൻ കരുതി. പക്ഷേ, അയാൾ ശരിക്കും എന്നെ നിരാശപ്പെടുത്തി’’ – ട്രംപ് പറഞ്ഞു.
ലക്ഷക്കണക്കിന് പേരാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നും അതുകൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കേണ്ട
ഉത്തരവാദിത്തം തനിക്കുണ്ടെന്നും നല്ലൊരു വാർത്ത നിങ്ങൾ ഉടൻ കേൾക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ആയി വീണ്ടും അധികാരത്തിലെത്തിയാൽ ഒറ്റദിവസം കൊണ്ട് യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
എന്നാൽ, വെടിനിർത്തലിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ‘ഗുഡ് ന്യൂസ്’ സംബന്ധിച്ച് കൂടുതൽ വിശദീകരണത്തിന് ട്രംപ് തയാറായില്ല.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘ക്ലോസ് ഫ്രണ്ട്’ (ഉറ്റ ചങ്ങാതി) ആണെന്നുപറഞ്ഞ ട്രംപ്, ഇന്ത്യയ്ക്കുമേൽ 50% തീരുവ ചുമത്തുന്നതിനെ ന്യായീകരിച്ചു.
‘‘കഴിഞ്ഞദിവസം ഞാൻ മോദിയുമായി സംസാരിച്ചു. എന്റെ ഉറ്റ ചങ്ങാതിയാണ്.
അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്നു. പക്ഷേ, ഞാനവർക്കുമേൽ തീരുവ ചുമത്തിയ കാര്യം പറഞ്ഞു’’, ട്രംപ് വ്യക്തമാക്കി.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലാണ് ഇന്ത്യയ്ക്ക് കനത്ത തീരുവ ചുമത്തുന്നതെന്ന് ട്രംപ് പറഞ്ഞു.
ഇപ്പോഴും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ രാഷ്ട്രങ്ങളെയും ട്രംപ് വിമർശിച്ചു. റഷ്യൻ എണ്ണയുടെ വില ഇടിഞ്ഞാലേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ എന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ച 25% പിഴച്ചുങ്കം നവംബറോടെ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.
അനന്ത നാഗേശ്വരൻ പറഞ്ഞു. ഇരു രാജ്യങ്ങളും വീണ്ടും വ്യാപാര ചർച്ചയിലേക്ക് കടന്നത് ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ, ട്രംപ് ഇന്ത്യയ്ക്കുമേൽ ഏകപക്ഷീയമായ വ്യാപാരക്കരാർ കൊണ്ടുവരാൻ ശ്രമിച്ചത് ഇന്ത്യ ശക്തമായി എതിർത്തിരുന്നു.
ഇതോടെയാണ്, റഷ്യൻ എണ്ണയെ മറയാക്കി ട്രംപ് ഇന്ത്യയ്ക്കുമേൽ 25% തീരുവയും 25% പിഴത്തീരുവയും ചേർത്ത് ആകെ 50% തീരുവ പ്രഖ്യാപിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമായി പ്രഖ്യാപിച്ചതിനു സമാനമായ വ്യാപാരക്കരാർ ഇന്ത്യയുമായും നേടാനാകുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ.
ജപ്പാനും ദക്ഷിണ കൊറിയയും മറ്റും യുഎസ് ഉൽപന്നങ്ങളുടെ തീരുവ ഏതാണ്ട് പൂർണമായി ഒഴിവാക്കിയിരുന്നു. ഇതേ സമീപനം ഇന്ത്യയും സ്വീകരിക്കുമെന്ന ട്രംപിന്റെ കണക്കുകൂട്ടലുകളാണ് തെറ്റിയത്.
ഗിഫ്റ്റ് നിഫ്റ്റിയിൽ ഇടിവ്; വിപണിക്ക് ആശങ്ക
തുടർച്ചയായി 4 ദിവസം നേട്ടത്തിന്റെ പാതയിലായിരുന്ന ഇന്ത്യൻ ഓഹരി വിപണികൾ ഇന്നു നഷ്ടത്തിലേക്ക് വീണേക്കുമെന്ന സൂചന നൽകി ഗിഫ്റ്റ് നിഫ്റ്റി.
ഇന്നു രാവിലെ 50 പോയിന്റിനടുത്തുവരെ ഇടിഞ്ഞാണ് ഗിഫ്റ്റ് നിഫ്റ്റി വ്യാപാരം ചെയ്തത്. സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങിയേക്കാം.
ഇന്നലെ സെൻസെക്സ് 320 പോയിന്റ് (+0.39%) നേട്ടവുമായി 83,013ലും നിഫ്റ്റി 93 പോയിന്റ് (+0.37%) ഉയർന്ന് 25,423ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജിഎസ്ടി ഇളവ്, വീണ്ടും സജീവമാകുന്ന ഇന്ത്യ-യുഎസ് വ്യാപാരച്ചർച്ച, പലിശനിരക്ക് കുറച്ച യുഎസ് ഫെഡറൽ റിസർവിന്റെ നടപടി തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിലാണ് ഇന്നലെ ഓഹരി സൂചികകൾ നേട്ടം കുറിച്ചത്. ഇന്നുപക്ഷേ, ലാഭമെടുപ്പ് തകൃതിയായേക്കാമെന്ന സൂചനയാണ് ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത്.
∙ യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.48%, നാസ്ഡാക് 0.94%, ഡൗ ജോൺസ് 0.27% എന്നിങ്ങനെ ഉയർന്നു.
പലിശയിറക്കമാണ് പ്രധാന ഉത്തേജകം. ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ 0.2%, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.1 ശതമാനം വീതവും ഉയർന്നു; റെക്കോർഡ് ക്ലോസിങ് പോയിന്റ് തൊടാനും കഴിഞ്ഞു.
∙ ചിപ് നിർമാതാക്കളായ ഇന്റലിന്റെ ഓഹരികൾ 22.8% കുതിച്ചുകയറി.
വിപണിയിലെ എതിരാളികളായ എൻവിഡിയ ഇന്റലിൽ 5 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ ഓഹരികൾ റോക്കറ്റിലേറുകയായിരുന്നു. 1987 ഒക്ടോബറിനുശേഷം ഇന്റൽ ഓഹരികൾ കുറിക്കുന്ന ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
അരിവില താഴേക്ക്; ജപ്പാനിൽ വിലക്കയറ്റം ഇടിയുന്നു
കഴിഞ്ഞമാസങ്ങളിൽ ജപ്പാൻകാരെ വലച്ച് കത്തിക്കയറിയ അരിവില താഴേക്കിറങ്ങുന്നു.
അരിവില നിലവാരം ജൂലൈയ്ക്ക് മുന്പ് 100 ശതമാനത്തിന് മുകളിലായിരുന്നത്, ഓഗസ്റ്റിൽ 69.7 ശതമാനമായി കുറഞ്ഞു. രാജ്യത്ത് മുഖ്യ പണപ്പെരുപ്പം 2024 നവംബറിനുശേഷമുള്ള ഏറ്റവും താഴ്ചയായ 2.7 ശതമാനവും കഴിഞ്ഞമാസം രേഖപ്പെടുത്തി.
ഇതോടെ, ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് 0.5 ശതമാനത്തിൽ നിലനിർത്താനുള്ള സാധ്യതയും തെളിഞ്ഞു.
∙ ജാപ്പനീസ് ഓഹരി വിപണി നിക്കേയ് 0.71% ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി.
∙ ചൈനയിൽ ഷാങ്ഹായ് 0.13%, ഹോങ്കോങ് സൂചിക 0.05% എന്നിങ്ങനെ താഴ്ന്നു.
∙ യൂറോപ്പിൽ എഫ്ടിഎസ്ഇ 0.21% നേട്ടത്തിലേറി.
കുതിച്ചുകയറാൻ അദാനി ഓഹരികൾ
ഹിൻഡൻബർഗ് തൊടുത്തുവിട്ട ആരോപണശരങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കി, അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി സെബി.
അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികൾ ഇന്ന് ഇത് ആഘോഷമാക്കിയേക്കും. അദാനി എന്റർപ്രൈസസ്, അദാനി പവർ തുടങ്ങിയവ ഇന്ന് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകും.
വായ്പാത്തിരിമറിക്കേസിൽ യെസ് ബാങ്ക് പ്രമോട്ടർമാർ, അനിൽ അംബാനി എന്നിവർക്കെതിരെ സിബിഐ രണ്ട് ചാർജ്ഷീറ്റുകൾ കൂടി ഫയൽ ചെയ്തു.
യെസ് ബാങ്ക്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ ഓഹരികളിൽ ഇതു ചലനമുണ്ടാക്കും.
∙ വാഗണുകളുടെ നിർമാണത്തിന് അൾട്രാടെക്കിൽ നിന്ന് ടെക്സ്മാകോ റെയിൽ 86.85 കോടി രൂപയുടെ ഓർഡർ നേടി.
∙ ന്യൂയോർക്കിലെ പിയറി ഹോട്ടൽ വിൽക്കാൻ ശ്രമിക്കുന്നെന്ന റിപ്പോർട്ട് ടാറ്റാ ഗ്രൂപ്പിന് കീലിലെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി തള്ളി. പിയറി ഹോട്ടലിൽ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്നും പാട്ടക്കരാർ മാത്രമാണുള്ളതെന്നും ഇന്ത്യൻ ഹോട്ടൽസ് വ്യക്തമാക്കി.
സ്വർണം കൂടുതൽ താഴേക്ക്
യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ്, യുഎസ് ട്രഷറി യീൽഡ് എന്നിവ നേട്ടത്തിലേറിയതും ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് കനത്തതും സ്വർണത്തിന് തിരിച്ചടിയായി.
കഴിഞ്ഞദിവസം ഔൺസിന് 3,704 ഡോളർ വരെ ഉയർന്ന് സർവകാല ഉയരം തൊട്ട രാജ്യാന്തരവില, ഇപ്പോൾ വ്യാപാരം ചെയ്യുന്നത് 3,646 ഡോളറിൽ.
ഇന്നുമാത്രം 41 ഡോളർ ഇടിഞ്ഞു. കേരളത്തിൽ ഇന്നും വില ഇടിയുമെന്ന സൂചനയാണ് ഇതു നൽകുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]