തിരുവനന്തപുരം∙ ആരോ അപകടത്തിൽപ്പെട്ടു. മരണക്കണക്കിലേക്ക് ഒരാൾ കൂടി… ഇതാണ് അപകടക്കണക്ക് പെരുകുമ്പോൾ സർക്കാർ സംവിധാനത്തിന്റെ ചിന്ത.
നമ്മുടെ റോഡുകൾക്ക് മരണത്തിന്റെ മണമാണിപ്പോൾ. മരണത്തിന് കണക്കുണ്ടാകുമ്പോൾ അപകടത്തിൽ പരുക്കേറ്റ് കിടപ്പായവരുടെ കണക്കുകൾ കാണാതെ പോകുന്നു. വീട്ടിലെ ഒരാൾ റോഡിൽ പൊലിഞ്ഞപ്പോൾ ചിതറിപ്പോയ ജീവിതങ്ങളും എണ്ണാനാകില്ല.
ഭയാനകമായ ഇൗ ദുരന്തകഥകൾക്കു പിന്നിൽ ദേശീയപാത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയും അമിതവേഗവുമൊക്കെയുണ്ട്.
മരണം കൂടുമ്പോൾ റോഡിന്റെ ആ ഭാഗത്തിന് ബ്ലാക്ക് സ്പോട്ട് എന്ന് പേരിടും. അപകടം കുറയ്ക്കാൻ പരിഹാരങ്ങൾ നിശ്ചയിക്കും.
പക്ഷേ പണമില്ലാത്തതിനാൽ എല്ലാം സൂചനാബോർഡുകളിൽ ഒതുക്കും. തെരുവ് വിളക്കുപോലും സ്ഥാപിക്കാൻ വർഷങ്ങളെടുക്കും. നടപടികൾക്കുള്ള ഇൗ കാലതാമസമാണ് ജനങ്ങളുടെ കാലനാകുന്നത്.
അപകടക്കണക്കേറുന്ന ചില സ്ഥലങ്ങൾ… വാഴമുട്ടം, വെള്ളാർ, കോവളം ജംക്ഷൻ
വാഴമുട്ടം, വെള്ളാർ, കോവളം ജംക്ഷൻ എന്നിവയും അപകട
മേഖലകളാണ്. മിക്ക അപകടങ്ങളും രാത്രിയാണ്.
വഴി വിളക്കില്ലാത്തതാണ് പ്രധാന കാരണം. ഏറെയും അപകടത്തിൽ പെടുന്നത് ഇരുചക്ര–കാൽനട
യാത്രികർ. ഒന്നിലധികം റോഡുകൾ സംഗമിക്കുന്ന തിരുവല്ലം ജംക്ഷനു സമീപം വാഹനങ്ങൾ ബൈപാസിലേക്കും തിരിച്ചും കയറുന്നതിനിടെയാണ് പലപ്പോഴും അപകടം.
ജംക്ഷനുകളിൽ ഹൈമാസ്റ്റും പാതയുടെ ശേഷിച്ച ഭാഗങ്ങളിൽ വഴി വിളക്കുകളും സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാം. പോറോട് പാലത്തിനു സമീപത്തെ മിക്ക അപകടങ്ങളും പാത മുറിച്ചു കടക്കുന്നതിനിടെയാണ്. സർവീസ് റോഡുകൾ പാതിവഴിക്കു നിലച്ചതാണ് പാത കുറുകെ കടക്കാൻ നിർബന്ധിതരാക്കുന്നത്.
പൊന്മുടി സംസ്ഥാന ഹൈവേ
വിതുര/ നെടുമങ്ങാട്∙ പാതി വഴിയിൽ അനിശ്ചിതത്വത്തിലായ പൊന്മുടി സംസ്ഥാന ഹൈവേയിലെ വിവിധ ഭാഗങ്ങൾ അപകട
മേഖലകളാണ്. കൊടും വളവുകളും ചില ഭാഗങ്ങളിലെ തകർച്ചയുമാണ് പ്രശ്നം. പത്തോളം അപകട
ഹോട്ട്സ്പോട്ടുകളുണ്ട്. കല്ലാർ, ആനപ്പാറ, ചേന്നൻപാറ, പേരയത്തുപാറ, തോട്ടുമുക്ക്, തൊളിക്കോട്, സ്കൂൾ ജംക്ഷൻ, പൂങ്കാവനം, ഐഎസ്ആർഒ ജംക്ഷൻ, ചുള്ളിമാനൂർ, നാഗച്ചേരി, നെടുമങ്ങാട് പുത്തൻപാലം, കൊല്ലങ്കാവ്, പഴകുറ്റി വരെയുള്ള വിവിധ മേഖലകളിൽ അപകടങ്ങൾ തുടർക്കഥയാണ്.
ഹൈവേ നവീകരണ പദ്ധതിയുടെ ഭാഗമായി പലയിടവും വെട്ടിപ്പൊളിച്ചു. റോഡിന്റെ കുറഞ്ഞ ഗുണനിലവാരവും അപകട സാധ്യത കൂട്ടുന്നു.
കഴക്കൂട്ടം– ശ്രീകാര്യം
ദേശീയ പാതയിൽ കഴക്കൂട്ടം മുതൽ ശ്രീകാര്യം ഇളംകുളം വരെയുള്ള ഭാഗങ്ങളും അപകട
മേഖലകളാണ്. എന്നാൽ ദേശീയ പാത അധികൃതർ അപകട
മുന്നറിയിപ്പുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. കഴക്കൂട്ടത്തു നിന്നു കാര്യവട്ടത്തേക്കു പോകുമ്പോൾ ദേശീയ പാതയുടെ വീതി കുറയും.
മരണങ്ങളുടെ തുടർക്കഥയാണിവിടെ. ശ്രീകാര്യം ഇളംകുളം റോഡും അപകട മേഖലയാണ്.
4 മാസം മുൻപ് കെഎസ്ആർടിസി ബസ് ഇടിച്ച് ഇടവുക്കോട് സ്വദേശി വയോധികൻ മരിച്ചിരുന്നു. ഇവിടെയും ദേശീയ പാത അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിട്ടില്ല.
കടമ്പാട്ടുകോണത്തിനും ആലംകോടിനും ഇടയിൽ
കല്ലമ്പലം∙ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനും ആലംകോടിനും ഇടയിൽ ഹൈ റിസ്ക് മേഖലയായ തോട്ടക്കാട് ദേശീയപാത നവീകരണത്തിന് നടപടിയില്ല.
2021ൽ പൂവൻപാറ പാലം മുതൽ തോട്ടയ്ക്കാട് പാലം വരെയുള്ള ദേശീയപാത നവീകരണത്തിന് 7.7 കോടി രൂപ അനുവദിച്ചിരുന്നു. വാഗ്ദാനങ്ങൾ ജലരേഖയായി. ചാത്തൻപാറയിൽ 2 ദിവസം മുൻപും ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചിരുന്നു മണമ്പൂർ മുതൽ മാമം വരെ ബൈപാസ് റോഡ് വരുന്നതിനാൽ അതിനിടയിലുള്ള തോട്ടയ്ക്കാട് ഉൾപ്പെടെയുള്ള ദേശീയപാത വികസനം സ്തംഭിച്ചു. തോട്ടയ്ക്കാട് മേഖലയിൽ വാഹനങ്ങളെ മറയ്ക്കുന്ന മൺതിട്ടകൾ മാറ്റി വീതി കൂട്ടണമെന്നും വെളിച്ചക്കുറവ് പരിഹരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ദേശീയപാത വിഭാഗത്തിന് നിർദേശം നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
കുണ്ടമൺകടവ്പാലം –പേയാട് പള്ളിമുക്ക്
മലയിൻകീഴ് ∙ തിരുവനന്തപുരം – കാട്ടാക്കട
റോഡിൽ കുണ്ടമൺകടവ്പാലം മുതൽ പേയാട് പള്ളിമുക്ക് വരെ വാഹനാപകടങ്ങൾ പതിവാണ്. രാത്രിയിലാണ് ഏറെയും അപകടം. വാഹനങ്ങളുടെ അമിത വേഗം, സ്പീഡ് ബ്രേക്കർ സംവിധാനങ്ങളുടെ അഭാവം, റോഡ് കയ്യേറിയുള്ള വഴിയോര കച്ചവടം, അനധികൃത പാർക്കിങ് എന്നിവ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
പേയാട് – വിളപ്പിൽശാല റോഡിൽ പുന്നശ്ശേരി ഭാഗത്തും വാഹനാപകടങ്ങൾ പതിവാകുന്നു. കൊടും വളവും ഇറക്കവും കൃത്യമായ സൂചന ബോർഡുകൾ ഇല്ലാത്തതും അപകട
കാരണം.
പാച്ചല്ലൂർ ചുടുകാട്, പോറോട്–മുക്കോല–പയറുംമൂട് ഭാഗങ്ങൾ
കോവളം∙കഴക്കൂട്ടം–കാരോട് ബൈപാസിന്റെ തിരുവല്ലത്തിനും പയറുംമൂടിനും മധ്യേ പല സ്ഥലങ്ങളും സ്ഥിരം അപകട കേന്ദ്രങ്ങളാണ്. അപകടങ്ങൾ തുടർ സംഭവമാകുമ്പോഴും പരിഹാര നടപടികളൊന്നും സ്വീകരിക്കാതെ നിസംഗത തുടരുന്ന ദേശീയ പാത അതോറിറ്റിയുടെ നിലപാടിനെതിരെ ജനരോഷം ശക്തമാണ്,.
തിരുവല്ലം ജംക്ഷനു സമീപം, പാച്ചല്ലൂർ ചുടുകാട്, പോറോട് പാലം, കല്ലുവെട്ടാൻകുഴി, പയറുംമൂട് എന്നിവിടങ്ങളാണ് സ്ഥിരം അപകട സ്ഥലങ്ങൾ.
ഇതിൽ പാച്ചല്ലൂർ ചുടുകാട്, പയറുംമൂട് എന്നിവിടങ്ങൾ ശരിക്കും ബ്ലാക് സ്പോട്ടുകളാണ്. മേഖലയിൽ ഏറ്റവുമധികം അപകടങ്ങൾ ഇവിടെയാണ്.
കഴക്കൂട്ടം– ഇൻഫോസിസ് (തമ്പുരാൻ മുക്ക്)
കഴക്കൂട്ടം മുതൽ ഇൻഫോസിസ് (തമ്പുരാൻ മുക്ക്)വരെയുള്ള ഭാഗത്ത് ഒരു വർഷത്തിനിടെ പത്തിലേറെ മരണങ്ങളാണ് നടന്നത്. ബൈപാസിൽ എറ്റവും കൂടുതൽ അപകടം കുളത്തൂർ അറ്റിൻകുഴി മുതൽ തമ്പുരാൻ മുക്കുവരെയുള്ള ഭാഗത്താണ്.
ബൈപാസ് കടക്കവേ ഒരു വർഷത്തിനുള്ളിൽ 5 പേരാണ് അമിത വേഗത്തിൽ വന്ന വാഹനങ്ങൾ ഇടിച്ചു മരിച്ചത്. പൊലീസ് പട്രോളിങ് ഇല്ലെന്നു നാട്ടുകാർ. അപകട
മുന്നറിയിപ്പു ബോർഡുകളും ഇല്ല. കുളത്തൂർ ഗുരുനഗറിൽ അടിപ്പാത നിർമിക്കാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഏറ്റവും തിരക്കുള്ള ആറ്റിൻകുഴി ജംക്ഷനിലും തമ്പുരാൻ മുക്ക് ജംക്ഷനിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ല.
ദേശീയപാത അധികൃതർ റോഡിൽ മഞ്ഞവര ഇട്ടതല്ലാതെ അപകടങ്ങൾ ഒഴിവാക്കാൻ സംവിധാനമൊന്നും ഉണ്ടാക്കിയിട്ടില്ല.
ഉദിയൻകുളങ്ങര– കൊറ്റാമം
ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകളിൽ പെട്ട ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിലുള്ള ഇറക്കത്തിൽ അപകടങ്ങൾ കുറയ്ക്കാൻ ദേശീയപാത അധികൃതർ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ നാലുവർഷം കഴിഞ്ഞിട്ടും പ്രവർത്തിച്ചിട്ടില്ല.
ബ്ലാക്ക് സ്പോട്ടുകളിൽ വഴിയാത്രികർ റോഡിൽ കയറി നടക്കുന്നത് ഒഴിവാക്കാൻ കോടികൾ ചെലവിട്ട് സ്ഥാപിച്ച ഫുട്പാത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും തകർന്നു കഴിഞ്ഞു. ദേശീയപാതയിലെ പരശുവയ്ക്കൽ മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]