ആലപ്പുഴ: പ്രദേശത്ത് മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു.
തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. എന്താണ് മുണ്ടിനീര്? ലക്ഷണങ്ങൾ എന്തൊക്കെ? മുണ്ടിനീര്, മുണ്ടിവീക്കം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മംപ്സ് പാരാമിക്സോവൈറസ് എന്ന രോഗാണു വഴിയാണ് ഉണ്ടാകുന്നത്.
രോഗബാധിതനായ വ്യക്തിയുടെ ശ്വാസനാളത്തിൽ നിന്നുള്ള സ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ രോഗം പടരുന്നു. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
ഉമിനീർ ഗ്രന്ഥികളുടെ വീക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. നേരിയ പനി, തലവേദന, പേശി വേദന, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
ഉമിനീർ ഗ്രന്ഥികളുടെ വീക്കം വേദനയുണ്ടാക്കുന്നതിനാൽ വായ തുറക്കുന്നതിനും ഭക്ഷണം ചവച്ചിറക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടാം. ചെറിയ കുട്ടികളിലാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും കൗമാരക്കാരും മുതിർന്നവരും അണുബാധയ്ക്ക് ഇരയാകുന്നു.
ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം. എംഎംആർ വാക്സിൻ എടുക്കുക എന്നതാണ് മുണ്ടിനീര് തടയാനുള്ള ഏറ്റവും നല്ല മാർഗം.
രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും പ്രധാനമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]