റാസൽഖൈമ: യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച (സെപ്തംബര്‍ 12) റാസൽഖൈമ നഗരത്തിൽ നിന്ന് 96 കിലോമീറ്റർ തെക്ക് മാറി വാദി എസ്ഫിതയിലുള്ള ഒരു വീട്ടിലാണ് സംഭവം ഉണ്ടായത്.
സ്ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 40 വയസ്സ് പ്രായമുള്ള ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിക്കാണ് ഗുരുതര പരിക്കേറ്റത്.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് തൻ്റെ കുടുംബവും കുട്ടികളും രക്ഷപ്പെട്ടതെന്ന് ആ വീട്ടിലെ താമസക്കാരനായ മുസബഹ് മുഹമ്മദ് അൽ-ലൈലി ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. കുടുംബാംഗങ്ങൾ മറ്റൊരു വീട്ടിലായത് കാരണം വലിയൊരു ദുരന്തം ഒഴിവായി.
എല്ലാ വെള്ളിയാഴ്ചകളിലും പതിവ് പോലെ മുസബഹ് മുഹമ്മദ് അൽ-ലൈലിയുടെ മരണപ്പെട്ട പിതാവിൻ്റെ വീട്ടിൽ കുടുംബാംഗങ്ങൾ ഒത്തുകൂടാറുണ്ട്.
ഈ സമയത്താണ് സ്ഫോടനം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ വീട്ടുജോലിക്കാരി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇവരെ ആദ്യം ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ശൈഖ് ഖലീഫ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സന്ധ്യാസമയത്തെ ബാങ്കിന്റെ സമയത്ത് താനും സഹോദരിയും പുറത്തായിരുന്നുവെന്ന് അൽ ലൈലി പറഞ്ഞു. വലിയ ശബ്ദം കേട്ടപ്പോൾ വാതിൽ അടയുന്ന ശബ്ദമാണെന്നാണ് ആദ്യം കരുതിയത്.
പക്ഷേ പിന്നീട് വീട്ടുജോലിക്കാരിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ച് പറയുകയായിരുന്നെന്നും ഞങ്ങൾ ഓടിയെത്തിയപ്പോൾ വീട് തകർന്ന നിലയിലായിരുന്നെന്നും അൽ-ലൈലി പറഞ്ഞു. അടുക്കളയിലാണ് സ്ഫോടനം ഉണ്ടായത്.
ഒരു എലി ഗ്യാസ് സിലിണ്ടറിൻ്റെ ഹോസ് കടിച്ചു മുറിച്ചതാണ് സ്ഫോടനത്തിന് കാരണം. ഗ്യാസ് ചോർച്ചയുണ്ടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
‘വിശ്വസിക്കാൻ കഴിയാത്തത്ര ശക്തിയിലായിരുന്നു സ്ഫോടനം. അടുക്കളയുടെ വാതിൽ ഏകദേശം 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുപോയി.
പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റെഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിംഗ് തകർന്നു വീണു, ഫാനുകളും മറ്റ് ഉപകരണങ്ങളും ചിതറിപ്പോയിരുന്നു. ഇത് തീപിടിത്തം മാത്രമല്ല, എല്ലാം തകർന്നുപോയ അവസ്ഥയായിരുന്നു’- അൽ-ലൈലി പറഞ്ഞു.
സ്ഫോടനസമയത്ത് വീട്ടുജോലിക്കാരി അടുക്കളയിലായിരുന്നു. ശരീരത്തിൻ്റെ ഭൂരിഭാഗത്തും രണ്ടാം ഡിഗ്രിയും മൂന്നാം ഡിഗ്രിയും പൊള്ളലേറ്റ ഇവർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഏകദേശം 20 ശസ്ത്രക്രിയകൾ ഇവർക്ക് വേണ്ടിവരും. റാസൽഖൈമ പൊലീസിലെയും സിവിൽ ഡിഫൻസിലെയും ഫയർ ഇൻവെസ്റ്റിഗേഷൻ വിദ്ഗധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]