കടലുണ്ടി∙ പഞ്ചായത്തിലെ 2 ക്ഷേത്രങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പച്ചത്തുരുത്ത് പുരസ്കാരം. ‘ദേവഹരിതം’ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച പച്ചത്തുരുത്തായി മണ്ണൂർ ശിവക്ഷേത്രവും ‘കാവ്’ വിഭാഗത്തിൽ മികച്ച മൂന്നാമത്തെ പച്ചത്തുരുത്തായി കടലുണ്ടി വടയിൽക്കാവ് ഭഗവതി ക്ഷേത്രവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളും പഞ്ചായത്ത് അധികൃതരും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ 2019 സെപ്റ്റംബറിലാണ് ഇരു ക്ഷേത്രങ്ങളും പച്ചത്തുരുത്തിനായി തിരഞ്ഞെടുത്തത്.
പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയായിരുന്നു നടീലും പരിപാലനവും.
ശിവക്ഷേത്രത്തിലെ ജൈവവൈവിധ്യം
മണ്ണൂർ ശിവക്ഷേത്രത്തിൽ 20 സെന്റിൽ 55 വൃക്ഷത്തൈകൾ നട്ട് തുടങ്ങിയ പച്ചത്തുരുത്ത് പിന്നീട് 40 സെന്റിലേക്കു വിപുലീകരിച്ചു. സസ്യസമ്പത്ത് വർധിപ്പിക്കാൻ ക്ഷേത്രത്തിന്റെ വിവിധയിടങ്ങളിൽ 240ൽ പരം മരങ്ങളാണ് നട്ടുവളർത്തിയത്.
മരങ്ങളും കുറ്റിച്ചെടികളും പനകളും ഉൾപ്പെടെ ക്ഷേത്രവളപ്പിൽ 136 ഇനം സസ്യങ്ങളുണ്ട്. ഇവയിൽ 25 ഇനങ്ങൾ തദ്ദേശീയമാണ്.
ഇവിടെയുള്ള സാലോണിയൻ, ടർണർ, വനപ്പായൽ എന്നിവ വംശനാശഭീഷണി നേരിടുന്നവയാണ്. 9 ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയ സസ്യങ്ങളാണ്.
68 ഔഷധസസ്യങ്ങളും ക്ഷേത്രവളപ്പിൽ നട്ടുവളർത്തിയിട്ടുണ്ട്. പക്ഷികളും പൂമ്പാറ്റകളും ചേക്കേറിയ ക്ഷേത്ര വളപ്പ് ഇപ്പോൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ്.
പച്ചപുതച്ച് വടയിൽക്കാവ്
പഞ്ചായത്ത് 14–ാം വാർഡിൽ വടയിൽക്കാവിൽ 50 സെന്റിൽ 33 തൈകൾ നട്ടായിരുന്നു പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിട്ടത്.
പിന്നീട് പല ഘട്ടങ്ങളിലായി ഇവിടെ 300ൽപരം വൃക്ഷത്തൈകൾ നട്ടു. മരങ്ങളും വള്ളികളും വളർന്നു പന്തലിച്ച് ഇപ്പോൾ കാവ് വളപ്പിൽ ആകെ പച്ചപ്പാണ്. ക്ഷേത്ര കമ്മിറ്റിയും തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കേരളം മിഷൻ, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, വിവിധ കോളജ് എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ പച്ചത്തുരുത്ത് സംരക്ഷിച്ചു.
മരങ്ങളും പനയും വള്ളികളും ഉൾപ്പെടെ വടയിൽക്കാവിൽ ഇപ്പോൾ 88 ഇനം സസ്യങ്ങളുണ്ട്. ഇവയിൽ 9 എണ്ണം തദ്ദേശീയമാണ്.
വംശനാശഭീഷണി നേരിടുന്ന ഒരു ഇനമുണ്ട്. 5 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയ സസ്യങ്ങളാണ്.
ക്ഷേത്രത്തിൽ 2.25 ഏക്കറിൽ ആകെ പച്ചപ്പ് പടർന്നു നിൽക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]