
ദില്ലി: ഒരു ഫോണില്‍ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മൾട്ടി അക്കൗണ്ട് ഫീച്ചർ പരീക്ഷിച്ച് വാട്ട്സ്ആപ്പ്. നിലവിൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഒരു ഫോണിൽ ഉപയോഗിക്കാനാകൂ. അല്ലെങ്കിൽ വാട്ട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കേണ്ടി വരും. അതുമല്ലെങ്കിൽ ഒരാൾക്ക് ഒരേ ഉപകരണത്തിൽ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാനായി വാട്ട്സാപ്പുകളെ ക്ലോൺ ചെയ്യേണ്ടതുണ്ട്.
ഇത്തരത്തിലുള്ള തേഡ് പാർട്ടികൾ പല തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇതിന് പരിഹാരമായാണ് മൾട്ടി അക്കൗണ്ട് ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നത്. വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ബീറ്റ പതിപ്പിൽ ഈ ഫീച്ചർ പരീക്ഷിക്കുകയാണ് ഇപ്പോൾ വാട്ട്സ്ആപ്പ്. ഇൻസ്റ്റഗ്രാം , ഫേസ്ബുക്ക് എന്നിവയിൽ ലഭ്യമായ ഫീച്ചറിന് സമാനമായിരിക്കും പുതിയ ഫീച്ചർ. ഈ ഫീച്ചർ എല്ലാ വാട്ട്സ്ആപ്പിലേക്ക് ഉടനെത്തുമെന്നാണ് സൂചന. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ആദ്യം ലഭിക്കുക.
കൂടാതെ വാട്ട്സ്ആപ്പ് അതിന്റെ ഉപയോക്തൃ ഇന്റര്‍ഫേസില്‍ (യുഐ) മാറ്റങ്ങൾ വരുത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഉപയോക്താക്കൾക്ക് കൂടുതൽ ആധുനികമായ അനുഭവം നൽകുന്നതിനായി കമ്പനി ക്രമീകരണ ഇന്റർഫേസ് പുനർരൂപകൽപ്പന ചെയ്യുന്നുണ്ട്.
സ്റ്റാറ്റസ്, ചാറ്റുകൾ, മറ്റ് ടാബുകൾ എന്നിവയ്ക്കായുള്ള നാവിഗേഷൻ ബാറുകൾ പ്ലാറ്റ്ഫോം ആപ്പിന്റെ അടിയിലേക്ക് നീക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മ്യൂണിറ്റികൾക്കായി വാട്ട്സാപ്പ് ഒരു പുതിയ ടാബും ചേർക്കുന്നു. കൂടാതെ, കമ്പനി ആപ്പിന്റെ മുകളിൽ നിന്ന് പച്ച നിറം നീക്കം ചെയ്യും.
ലോഗോയും സന്ദേശ ബട്ടണും ഇനി പച്ചയായിരിക്കും. ചാറ്റുകൾക്ക് മുകളിൽ എല്ലാം, വായിക്കാത്തത്, വ്യക്തിഗതം, ബിസിനസ്സ് എന്നിങ്ങനെയുള്ള പുതിയ ഫിൽട്ടർ ഓപ്ഷനുകളും ഉണ്ടാകും. ഈ ഫിൽട്ടറുകൾ ആളുകൾക്ക് ആവശ്യമുള്ള സന്ദേശങ്ങൾ കണ്ടെത്തുന്നതിന് സഹായിക്കും.
Last Updated Sep 6, 2023, 3:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]