കൊപ്പം ∙ വിളയൂരിന്റെ വളക്കൂറുള്ള മണ്ണിൽ ഇനി ചേലപ്പുറത്ത് ശശിധരന്റെ ‘ഗോപിക’ വിത്തും മുളയ്ക്കും. പേറ്റന്റ് കിട്ടിയ നിറവില്‍ നാളെയാണ് വിത്തിറക്കല്‍.
പുലാമന്തോള്‍ സ്വദേശി ചോലപ്പറമ്പത്ത് ശശിധരന് പാലക്കാട് ജില്ലയിലെ വിളയൂര്‍ കരിങ്ങനാട് പാടശേഖരത്തിലാണ് തന്റെ പുതിയ ‘ഗോപിക’ വിത്തെറിയുന്നത്. എട്ടു വര്‍ഷത്തിലേറെ നിരന്തരമായി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ വിസകിപ്പിച്ചെടുത്ത പുതിയ വിത്ത് വിതയ്ക്കൽ ചടങ്ങ് ലളിതമാണ്.
പിന്തുണ നല്കി വിളയൂര്‍ പഞ്ചായത്തും കൃഷിഭവനും ഒപ്പമുണ്ട്.
നാളെ കരിങ്ങനാട് പാടശേഖരത്തിലെ രണ്ട് ഏക്കറിലാണ് വിത്ത് പാകുന്നത്. 20 ദിവസങ്ങള്‍ക്കകം മുപ്പെത്തുന്ന ഗോപികയുടെ ഞാറു നടീല്‍ ഉത്സവാന്തരീക്ഷത്തില്‍ ഇതേ പാടത്ത് നടത്തും.
തരിശായി കിടക്കുന്ന വിളയൂര്‍ കരിങ്ങനാട്ടെ പാടങ്ങളും പാട്ടത്തിനെടുത്ത് കൃഷി നടത്താനും ആലോചനയുണ്ട്. അത്യുല്പാദന ശേഷിയുള്ള വിത്ത് ആണിത്.
പട്ടാമ്പിയില്‍ നിന്ന് വാങ്ങിയ ഐശ്വര്യ, ജ്യോതി എന്നീ വിത്തിനങ്ങള്‍ പകുതി പകുതി ചേര്‍ത്ത് ഒന്നിച്ചു വിതച്ച് അതില്‍ നിന്നാണ് പുതിയ വിത്ത് ഉല്പാദിപ്പിച്ചെടുത്തത്. പരീക്ഷണത്തിനുപയോഗിച്ച രണ്ട് വിത്തിനങ്ങളും 120 ദിവസത്തിനകം മൂപ്പെത്തുന്നതാണ്.
ഇതില്‍ നിന്നു ലഭിച്ച വിളവില്‍ നിന്ന് അടുത്ത നടീലിനുള്ള വിത്ത് ശേഖരിച്ചു. ഇങ്ങനെ ഏഴു മുതല്‍ ഒന്‍പത് തവണ കൃഷി ആവര്‍ത്തിച്ചു ശുദ്ധീകരിച്ച ശേഷമാണ് സ്വന്തം നെല്‍വിത്തായി മാറിയത്.
ഐശ്വര്യയുടെ ആകൃതിയും ജ്യോതിയുടെ ചുവപ്പു നിറവും ചേര്‍ന്ന വിത്തിന് ഒട്ടേറെ പോഷക ഗുണങ്ങളുണ്ടാകും.
ഒരു വിത്തില്‍ നിന്ന് 80 മുതല്‍ 96 വരെ ചിനപ്പൂക്കളും ഒരു കതിരില്‍ 210 മണികള്‍ വരെയും ഉണ്ടാകും. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം, ഹൈദരാബാദിലെ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പ്ലാന്റ് പ്രൊട്ടക്ഷന്‍ വെറൈറ്റി അതോറിറ്റി എന്നിവയുടെ നിരീക്ഷണത്തില്‍ ജൂണ്‍ അഞ്ചിനാണ് ഗോപിക വിത്തിനു പേറ്റന്റ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത് ജൂണ്‍ അവസാനമാണ്.
അഞ്ചു വര്‍ഷമാണ് പേറ്റന്റ് കാലാവധി.
വിത്തുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണം തുടരുകയാണ് ഈ കര്‍ഷക കുടുംബം. ബസുമതിയുടെയും ഉമ നെല്‍വിത്തിന്റെയും സവിശേഷതകളുമായി ‘ലക്ഷ്മി’ എന്ന വിത്തും ഇവരുടെ കൃഷിയിടത്തില്‍ രൂപം കൊണ്ടു കഴിഞ്ഞു.
നെല്‍വിത്തിനു പുറമേ കൂര്‍ക്കയിലും പുതിയൊരിനം ഇദ്ദേഹം കണ്ടു പിടിച്ചിട്ടുണ്ട്. പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന ഒരിനത്തില്‍ നിന്നാണ് പുതിയ കൂര്‍ക്ക ഇനം കണ്ടെത്തിയിട്ടുള്ളത്. മറ്റുള്ളതിനേക്കാള് വലിപ്പവും നിറവുമുള്ളതാണ് പുതിയ ഇനം കൂര്‍ക്ക.
ഇത് കാര്‍ഷിക സര്‍വകലാശാലയുടെ നിരീക്ഷണത്തിലാണ്. അമ്മ കോച്ചിയും ഭാര്യ സരസ്വതിയും മക്കളായ ധനേഷ്, സനേഷ്, അഭിലാല്‍, ഗോപിക എന്നിവരും അടങ്ങുന്നതാണ് കുടുംബം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]