നടുവണ്ണൂർ ∙ മഴ തൽക്കാലത്തേക്കു മാറിയിട്ടും പാലോളി മുക്ക്– വാകയാട് ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ ടാറിങ് തുടർ പ്രവൃത്തി നടക്കുന്നില്ല, വഴി നടക്കാൻ പോലും വയ്യാതെ നാട്ടുകാർ. വാകയാട് എച്ച്എസ്എസ് വിദ്യാർഥികളാണ് റോഡിന്റെ ശോച്യാവസ്ഥയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്.
വാകയാട് റോഡിൽ നിന്ന് സ്കൂളിലേക്കുള്ള കയറ്റത്തിൽ ടാറിങ്ങിനായി ഏഴു മാസം മുൻപ് വിരിച്ച ഷീറ്റ് കനത്ത മഴയിൽ തകർന്നതിനാൽ കുട്ടികൾക്ക് നടക്കുന്നതിനു തടസ്സമാകുന്നുണ്ട്.
ഇരു ചക്ര വാഹനങ്ങളും ഓട്ടോയും ഈ റോഡിൽ ഭീതിയോടെയാണ് ഓടിക്കുന്നത്. മഴ പെയ്താൽ ഷീറ്റിൽ വഴുക്കൽ വന്ന് ദുരിതം ഇരട്ടിക്കും.
സ്കൂളിലെത്തുന്ന പലരും ഇരുചക്ര വാഹനങ്ങൾ താഴെ വച്ച് കയറ്റം നടന്നു കയറുകയാണ്. മഴ മാറി നിന്നാൽ പണി പുനരാരംഭിക്കുമെന്നാണ് അധികൃതർ പറഞ്ഞത്.
ഒരാഴ്ചയിലധികമായി നല്ല വെയിൽ വന്നിട്ടും പണി തുടങ്ങാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാരും പ്രദേശവാസികളും. പാലോളി, തിരുവോട് പ്രദേശത്തുകാർ യാത്രാദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലധികമായി.
2023 ഡിസംബറിലാണ് പ്രധാനമന്ത്രി സഡക് യോജനയിൽ 3.68 കോടി രൂപ ചെലവിൽ മൂന്നു കിലോമീറ്റർ റോഡ് നവീകരണം തുടങ്ങിയത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. കലുങ്ക് നിർമാണവും മറ്റ് അനുബന്ധ പണികളും നേരത്തെ നടന്നിരുന്നു.
പലയിടത്തും ഓവുചാൽ ഇല്ലാത്തതിനാൽ കാലവർഷത്തിൽ റോഡിൽ വെള്ളം പൊങ്ങിയിരുന്നു.
മലക്കാരി മുക്ക്, അങ്ങീച്ചി മീത്തൽ, കോട്ടേൻ കണ്ടി മുക്ക് എന്നിവിടങ്ങളിൽ ഓവുചാൽ നിർമിക്കാനുണ്ട് ജർമൻ സാങ്കേതിക വിദ്യയിലാണ് റോഡ് പണിയുന്നത്. റോഡിൽ ഷീറ്റ് വിരിച്ചെങ്കിലും സമയത്ത് ടാറിങ് നടക്കാത്തതിനാൽ ഇവ പൂർണമായും നശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ടാറിങ്ങിനായി ഷീറ്റ് വിരിച്ചത്. മഴക്കാലത്ത് പൊട്ടിപ്പൊളിഞ്ഞ ഷീറ്റിൽ തടഞ്ഞ് വീണ് ഒട്ടേറെ പേർക്ക് പരുക്ക് പറ്റിയിരുന്നു.
നടന്നു പോകുന്നതിനിടെ ഷീറ്റിൽ കാൽ വഴുതി വീണ് തെക്കേ അമ്മിച്ചാൽ മജീദിനു നട്ടെല്ലിനു ക്ഷതമുണ്ടായി. റോഡ് പണി അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് തരുവോട്, പാലളി ഭാഗങ്ങളിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
തുലാവർഷത്തിനു മുൻപ് ടാറിങ് പൂർത്തീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പഞ്ചായത്ത് അംഗം ഇ.അരവിന്ദാക്ഷൻ പറഞ്ഞു.
പാലോളി മുക്കിൽ നിന്ന് 600 മീറ്റർ ദൂരം മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളൂ. തുലാവർഷത്തിനു മുൻപ് പ്രവൃത്തി പുനരാരംഭിക്കുന്നില്ലെങ്കിൽ നല്ല റോഡിനായി നാട്ടുകാർ ഇനിയും കാത്തിരിക്കേണ്ടി വരും.തകർന്ന ഷീറ്റ് പൂർണമായും എടുത്തു മാറ്റി റോഡിലെ കുഴികൾ നികത്തി പുതിയ സാമി ലെയർ വിരിച്ച ശേഷം മാത്രമേ ടാറിങ് നടത്തുകയുള്ളൂ എന്നും ഒരാഴ്ചക്കുള്ളിൽ പ്രവൃത്തി തുടങ്ങുമെന്നും പിഎംജിഎസ്വൈ അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]