കണ്ണൂർ ∙ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് യാത്രക്കാർ തെറിച്ചുവീണ് ജീവഹാനിയും പരുക്ക് പറ്റുന്നതുമടക്കമുള്ള സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ തടയാൻ ജാഗ്രത ഇല്ല. തിരക്കുള്ള പ്രധാന റൂട്ടുകളിൽ ഓടുന്ന ബസുകളിൽ വാതിൽപടികളിൽ വരെ നിന്നു യാത്രചെയ്യുന്നവരെ കാണാം.
റോഡിലെ കുഴികളിൽ വീഴുമ്പോഴോ പെട്ടെന്ന് വെട്ടിക്കുമ്പോഴോ വാതിലിന് സമീപത്ത് നിൽക്കുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീഴാൻ സാധ്യത കൂടുതലാണ്. വാതിലുകൾ തുറന്ന് വച്ച് ഓടുന്ന ബസുകൾ ജില്ലയിൽ സ്ഥിരം കാഴ്ചയായിട്ടും മോട്ടർ വാഹന വകുപ്പും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
വിരലൊന്ന് അമർത്തിയാൽ മതി; പക്ഷേ, ചെയ്യില്ല
ഓട്ടമാറ്റിക് ഡോറുകൾ വന്നതോടെ മിക്ക ബസുകളിലും ക്ലീനർ അപ്രത്യക്ഷമായിട്ടുണ്ട്.
ഡ്രൈവറും കണ്ടക്ടറും മാത്രമുള്ള ചില ബസുകൾ വാതിൽ തുറന്ന് വച്ച് ഓടുന്നത് നിരത്തുകളിലെ കാഴ്ചയാണ്. ക്ലീനറില്ലാത്ത ബസുകളിൽ മിക്കവാറും ഓട്ടമാറ്റിക് ഡോറുകൾ തുറക്കാനും അടയ്ക്കാനുമുള്ള സ്വിച്ച് ഡ്രൈവറുടെ കാബിനിലാണ്.
ക്ലീനർ ഉള്ള ചില ബസുകളിൽ പിൻവാതിലിന് സമീപമാണ് സ്വിച്ചെങ്കിലും പലപ്പോഴും വാതിൽ അടയ്ക്കാറില്ലെന്നു യാത്രക്കാർ പറയുന്നു.
അടയ്ക്കാറുണ്ട്; പക്ഷേ, സമയത്തിനില്ല
വാതിൽ അടച്ചോടുന്ന ബസുകളിലാണെങ്കിലും യാത്രക്കാർ കയറിയ ഉടനെ വാതിലുകൾ അടയ്ക്കാത്തതും ഭീഷണിയാണ്. മത്സരയോട്ടത്തിൽ ഏർപ്പെട്ട
ബസുകളിൽ യാത്രക്കാർ കയറിയ ഉടനെ വാതിൽ അടയ്ക്കുന്നതിന് മുൻപേ ഓടിത്തുടങ്ങും. പിന്നീടാണ് ഡ്രൈവർ വാതിലുകൾ അടയ്ക്കാനുള്ള സ്വിച്ച് പ്രവർത്തിക്കുക.
പിൻവാതിലിന് സമീപമാണ് സ്വിച്ചുള്ളതെങ്കിലും ഇത്തരം ചില ബസുകളിൽ ക്ലീനറുണ്ടാവാറില്ല.
ടിക്കറ്റ് മുറിക്കുന്നതിനിടയിൽ സമയത്തിന് വാതിലിന് സമീപമെത്തി ഡോർ അടയ്ക്കാനുള്ള പരിമിതി കണ്ടക്ടർക്ക് ഉള്ളതു കൊണ്ട് ഇതും അപകട ഭീതിയുണ്ടാക്കുന്നുണ്ട്. ഓട്ടമാറ്റിക് ഡോറുള്ള ചില കെഎസ്ആർടിസി ബസുകളിലും ഇത്തരം ശ്രദ്ധക്കുറവ് ഉണ്ടാകുന്നുണ്ടെന്ന് പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]