വിഴിഞ്ഞം∙ ഔട്ടർ റിങ് റോഡ് (ദേശീയപാത 866) നിർമാണത്തിനു ജീവൻവയ്ക്കുന്നതോടെ രാജ്യാന്തര തുറമുഖത്തിന്റെ കരവഴിയുള്ള ചരക്കുനീക്കം ഉൾപ്പെടെ തുറമുഖ പരിസരം ഉൾപ്പെട്ട മേഖലയുടെ വികസനത്തിനും വഴിതെളിയുന്നു. തുറമുഖ റോഡ് കഴക്കൂട്ടം–കാരോട് ബൈപാസുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ജോലികൾ അന്തിമഘട്ടത്തിലേക്ക് കടന്നതിനു പിന്നാലെയാണ് ഔട്ടർ റിങ് റോഡ് പദ്ധതിക്കു പച്ചക്കൊടി എന്നതാണു ശ്രദ്ധേയം.
ഈ റോഡ് പൂർത്തിയാകുന്നതിലൂടെ തുറമുഖത്തുനിന്നും തിരിച്ചും കരവഴിയുള്ള ചരക്കുനീക്കം രണ്ടു മാസത്തിനുള്ളിൽ സാധ്യമാകും. ഔട്ടർ റിങ് റോഡ് പദ്ധതി കൂടി ആരംഭിക്കുന്നതോടെ വലിയ വികസന പ്രതീക്ഷകളാണ് മേഖലയിലുണരുന്നത്.
വികസന ഇടനാഴി എന്ന നിലയ്ക്കാണിത്.
വിഴിഞ്ഞം മുല്ലൂർ തലക്കോട് ഭാഗത്തു നിന്നാണ് ഔട്ടർ റിങ് റോഡിന്റെ വിഴിഞ്ഞത്തെ തുടക്കം. ഇവിടെനിന്നു വിഴിഞ്ഞം–ബാലരാമപുരം റോഡ് കടന്നു തൈവിളാകം സിസിലിപുരം ജംക്ഷനിലെത്തി ഇടുവ വഴി മുടവൂർപ്പാറയിലേക്കു പാത നീളും.
പദ്ധതി ഭാഗമായി വിഴിഞ്ഞം മേഖലയിലെ 120 വീടുകൾ മാറ്റേണ്ടി വരുമെന്നാണ് വിവരം. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി കോർപറേഷൻ പരിധിയിൽപെട്ട
വിഴിഞ്ഞം മേഖലയിൽ നടപടികളൊന്നുമായിട്ടില്ലെന്നു ഭൂവുടമകൾ പറഞ്ഞു. എന്നാൽ, വെങ്ങാനൂർ വില്ലേജിൽനിന്ന് ഉടമകളുടെ വസ്തുരേഖകൾ ശേഖരിച്ചു തുടങ്ങിയെന്നാണ് അധികൃതരുടെ വിശദീകരണം.
സ്ഥലം ഏറ്റെടുപ്പിലെ അപാകത: ജനകീയ പ്രതിഷേധം ശക്തം
കല്ലമ്പലം ∙ സ്തംഭനാവസ്ഥയിലായ വിഴിഞ്ഞം–നാവായിക്കുളം ഒൗട്ടർ റിങ് റോഡ് പദ്ധതി മുന്നോട്ട് എന്നു പറയുമ്പോഴും നാവായിക്കുളം കരവാരം മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നു.
സ്ഥലം ഏറ്റെടുപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഒരു പഠനവും നടത്താതെ സാറ്റലൈറ്റ് വഴി രൂപരേഖ മാത്രം തയാറാക്കി അത് വച്ച് റോഡുണ്ടാക്കി സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്ന ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച് പുതുശ്ശേരിമുക്ക് കർമസമിതി പ്രതിഷേധ സമരം ആയിരം ദിവസത്തോട്ട് അടുക്കുകയാണ്.
വീടുകൾ,പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള പ്ലാൻ നടപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെയുള്ള നടപടികൾ അനുവദിക്കാൻ കഴിയില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും സ്ഥലവാസികൾ ആരോപിച്ചു. പദ്ധതി സുഗമമായി നടപ്പാകണമെങ്കിൽ നാട്ടുകാരുടെ പ്രശ്നങ്ങൾ കൂടി കേട്ട് പരിഹരിക്കാൻ തയാറാകണമെന്നാണ് സമര സമിതി ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]