ചേർത്തല∙ ദേശീയപാത ചേർത്തല പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ പുലർച്ചെ കെഎസ്ആർടിസി ബസ് അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസ് ഇടിച്ചുകയറിയത് ഒപ്പമുള്ള അടിപ്പാത നിർമാണം പൂർത്തിയായ റോഡിന്റെ കിഴക്ക് ഭാഗത്തുള്ള കോൺക്രീറ്റ് ഭിത്തികളിലായിരുന്നെങ്കിൽ ബസ് പൂർണമായി തകർന്ന് വലിയ അപകടമുണ്ടായേനെ.
നിർമിച്ചുകൊണ്ടിരിക്കുന്ന അടിപ്പാതയുടെ പടിഞ്ഞാറു ഭാഗത്ത് താഴെ ഭാഗത്തു മാത്രം കോൺക്രീറ്റും മുകളിലേക്ക് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പികളും സ്ഥാപിച്ചതിലാണ് ബസ് ഇടിച്ചുകയറിയത്. റോഡിൽ നിന്ന് ബസ് തെന്നിമാറിയതോടെ മണൽ നിറഞ്ഞ ഭാഗത്ത് വേഗത കുറഞ്ഞു.
അടിഭാഗത്തു മാത്രമുള്ള കോൺക്രീറ്റിലും മുകളിലേക്ക് കെട്ടിവച്ചിരുന്ന കമ്പികളിലും ഇടിച്ചതിനെത്തുടർന്ന് കമ്പികൾ വളഞ്ഞു പോയതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞു.
അടിപ്പാത നിർമാണം :സുരക്ഷ ഒരുക്കണം
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അടിപ്പാത നിർമിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷയും മുന്നറിയിപ്പുകളും വേണമെന്ന ആവശ്യം ശക്തമാണ്. അടിപ്പാത നിർമിക്കുന്ന സ്ഥലങ്ങളിൽ ഒരു ഭാഗത്തു കൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
പൊലീസ് സ്റ്റേഷനു സമീപത്തും റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് വീതി കുറഞ്ഞ ഭാഗത്തും കൂടിയാണ് ഇരു വശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. വാഹനങ്ങൾ തിരിയുന്ന സ്ഥലത്ത് ശക്തമായ സുരക്ഷയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തതിനാൽ വേഗത്തിൽ കടന്നു വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നു.
വീതി കൂടിയ ഭാഗത്തുകൂടി കടന്നു വരുന്ന വാഹനങ്ങൾ പെട്ടെന്ന് വീതി കുറഞ്ഞ ഭാഗത്തേക്ക് തിരിയുമ്പോൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളിൽ ഇടിക്കാനും സാധ്യതയേറെയാണ്.
രക്ഷാപ്രവർത്തനം വേഗത്തിൽ
പൊലീസിന്റെയും അഗ്നിശമനസേനയുടെയും പ്രദേശവാസികളുടെയും അവസരോചിതമായ ഇടപെടൽ രക്ഷപ്രവർത്തനത്തിന് വേഗത കൂട്ടി. റോഡിൽ വലിയ തിരക്കില്ലായിരുന്ന സമയത്താണ് ഇന്നലെ പുലർച്ചെ അപകടം നടന്നത്. വലിയ ശബ്ദം കേട്ടതോടെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം സ്ഥലത്തെത്തിയത്.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാരും അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും എത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നതിനാൽ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ബസ് ഡ്രൈവർ ശ്രീരാജിനെയും കണ്ടക്ടർ സുജിത്തിനെയും മുൻസീറ്റുകളിലുണ്ടായിരുന്ന യാത്രക്കാരെയും പുറത്തെത്തിച്ചത്.
പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു.
ദേശീയപാത നിർമാണ സ്ഥലത്ത് ബസ് അപകടം; 28 പേർക്ക് പരുക്ക്
ചേർത്തല∙ ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷനു സമീപം പാലത്തിന്റെയും അടിപ്പാതയുടെയും നിർമാണം നടക്കുന്ന സ്ഥലത്തേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഉൾപ്പെടെ 28 പേർക്ക് പരുക്കേറ്റു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
കോയമ്പത്തൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ കൊല്ലം നീണ്ടൂർ എടത്തറ വീട്ടിൽ ശ്രീരാജ് സുരേന്ദ്രൻ(33), കണ്ടക്ടർ തിരുവനന്തപുരം സുജിന ഭവനിൽ സുജിത്(38) എന്നിവർ ഉൾപ്പെടെ 10 പേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അടിപ്പാതയുടെ രണ്ടാംഘട്ടം ഭാഗത്ത് കോൺക്രീറ്റിലും ഇതിനു മുകളിൽ കെട്ടിയ കമ്പികളിലേക്കുമാണ് ബസ് ഇടിച്ചുകയറിയത്.
നിർമാണം നടക്കുന്നതിനാൽ ഇവിടെ വാഹനങ്ങൾ തിരിച്ചു വിടാൻ താൽക്കാലിക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതെല്ലാം തകർത്താണ് ബസ് ഇടിച്ചു കയറിയത്. ബസിന്റെ വേഗവും വഴി തിരിച്ചുവിട്ട
മുന്നറിയിപ്പ് കാണാതെ മുന്നോട്ടു പോയതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഇതര സംസ്ഥാനക്കാരുമുണ്ട്.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ചേർത്തലയിൽ നിന്നും അഗ്നിശമന സേനയെത്തി മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും മുൻ സീറ്റുകളിൽ ഉണ്ടായിരുന്നവരെയും പുറത്തെത്തിച്ചത്. ബസിൽ തന്നെ തെറിച്ചു വീണും സീറ്റിലും കമ്പികളിലും തലയിടിച്ചുമാണ് മറ്റുള്ളവർക്കു പരുക്കേറ്റത്.
കൊല്ലം മേച്ചേരി പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻ (57), ബിഹാർ സ്വദേശി മുഹമ്മദ് ബഷീർ (31), കാലടി ചേരാനല്ലൂർ തൈക്കാത്ത് സിജി ബാബു (42), തിരുവനന്തപുരം ആര്യങ്കാവ് പാറവിള പുത്തൻ വീട്ടിൽ അജിത് കുമാർ (52), പാലക്കാട് ഹെഡ് ഓഫിസ് പോസ്റ്റൽ ക്വാർട്ടേഴ്സിൽ അനൂപ് (40), ചെർപ്പുളശേരി തറയിൽവീട്ടിൽ അരുൺ കുമാർ (36), കോയമ്പത്തൂർ സ്വദേശിനികളായ ഉഷ (32), ശൈലജ (45) എന്നിവരാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ശൈലജ ട്രോമാ ഐസിയുവിലാണ്. കാലടി സ്വദേശി സിജി ബാബു, ആലപ്പുഴ സ്വദേശി ടി.
വിനോദ് കുമാർ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവർ: തകഴി സ്വദേശി അനന്തകൃഷ്ണൻ (21), ആലപ്പുഴ സ്വദേശി അമൽരാജ് (25), ശ്രീലത (50), റോഷൻ (22) ഉല്ലാസ് (26), ജെസി (56), ജോബി (42), ജൂഡ് (59), അരവിന്ദ് (57), ജയകൃഷ്ണൻ (29), ഹരികൃഷ്ണൻ (22) ഫൈസൽ (21), മാത്യു (51), ജോർജ് (50), മുഹമ്മദ് ഫൈസൽ (21), റിയാസ് (28), മേഴ്സി (55). കൂടുതൽ പേരും പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]