മാള ∙ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. കോൺഗ്രസ് ഓഫിസിൽ നിന്നാരംഭിച്ച മാർച്ച് മാള-അന്നമനട
റോഡിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു മുൻപിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. സംഘർഷ സാധ്യതയുള്ളതിനാൽ ഡിവൈഎസ്പി പി.സി.ബിജുകുമാർ, എസ്എച്ച്ഒമാരായ വി.സജിൻ ശശി, ബി.ഷാജിമോൻ, ഇ.ആർ.ബൈജു, കെ.ജെ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
ബാരിക്കേഡിനു മുകളിൽ കയറി മറികടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.
ഇതിനിടെ ബാരിക്കേഡുകൾ മറിച്ചിടാനും ശ്രമമുണ്ടായി. ഇരുപതു മിനിറ്റ് നീണ്ട
പ്രതിരോധത്തിന് ശേഷം റോഡിലിരുന്ന് സമരം ചെയ്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം ഇക്ബാലിനെ കാലിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് ബഹളത്തിനും ഉന്തുംതള്ളിനും കാരണമായി.
ഹക്കിം ഇക്ബാലിനു പുറമേ ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ജോസ്, നിയോജക മണ്ഡലം സെക്രട്ടറി നിധിൻ മുരളീധരൻ, ഓർഗനൈസർ അനൂപ് ആനപ്പാറ, അന്നമനട
മണ്ഡലം പ്രസിഡന്റ് രാഹുൽ വിജയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമരം ചെയ്ത പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം ഇക്ബാൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എൻ.എസ്.വിജയൻ, ഇ.എസ്.സാബു, വൈസ് പ്രസിഡന്റ് കെ.കെ.രവി നമ്പൂതിരി, സന്തോഷ് ആത്തപ്പിള്ളി, ഷാജു കാട്ടിലാൻ, ബൈജു കണ്ടപ്പശേരി, പി.കെ.തിലകൻ, ജോഷി കാഞ്ഞൂത്തറ, നിർമൽ സി.പാത്താടൻ, സണ്ണി കൂട്ടാല, മഹേഷ് ആലുങ്കൽ, വി.എസ്.അരുൺരാജ്, മുസമ്മിൽ അറക്കപറമ്പിൽ, പി.വി.രമണൻ, മിഥുൻ മുരളീധരൻ, പി.ആർ.ജിനേഷ്, ചന്തു പള്ളിയിൽ, സനിൽ സത്യൻ എന്നിവർ പ്രസംഗിച്ചു.
യാത്രക്കാരെ ദുരിതത്തിലാക്കി
മാള ∙യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് തടയാനായി മാള-അന്നമനട
റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. പൊലീസ് സ്റ്റേഷനിൽ നിന്ന് അൽപം മുൻപായി മാളച്ചാലിനും കമ്യൂണിറ്റി ഹാളിനും ഇടയിലുള്ള ഭാഗത്താണ് സമരം തുടങ്ങുന്നതിനും മുക്കാൽമണിക്കൂർ മുൻപേ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്.
10.30ന് അടച്ച റോഡ് തുറന്നത് 12.10ന്. അന്നമനട
ഭാഗത്തേക്കുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെ.കെ.റോഡ് വഴിയാണ് കടത്തിവിട്ടത്.
അവിടെ വാഹനങ്ങളെ തിരിച്ചുവിടാനായി പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത്, സർക്കാർ ആശുപത്രി, സ്വകാര്യ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കാൽനടയാത്രികർ ബാരിക്കേഡിന്റെ അരികിലൂടെയുള്ള ചെറിയ വിടവിലൂടെയാണ് ഇരുഭാഗത്തേക്കും കടന്നുപോയത്.
കാൽനടയാത്രികർക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധം ബാരിക്കേഡ് സ്ഥാപിച്ചതിൽ യാത്രക്കാരിൽ ചിലർ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]