കല്ലുവാതുക്കൽ ∙ ദേശീയപാത വികസനത്തിനായി കല്ലുവാതുക്കൽ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന്റെ കുറച്ചു ഭാഗം പൊളിച്ചു നീക്കേണ്ടി വന്നത് സ്ഥല പരിമിതി രൂക്ഷമാക്കി. പാർക്കിങ്ങിന് ഉൾപ്പെടെ സ്ഥലമില്ലാതെ വലയുകയാണ് പഞ്ചായത്ത്.
ആസ്ഥാന മന്ദിരത്തിനു പുറമേ പാരിപ്പള്ളി ജംക്ഷനിലെ കമ്യൂണിറ്റി ഹാൾ, ഷോപ്പിങ് കോംപ്ലക്സ്, കല്ലുവാതുക്കൽ മാർക്കറ്റ് തുടങ്ങിയവ ഭാഗികമായി നഷ്ടപ്പെട്ടു. കമ്യൂണിറ്റി ഹാൾ പുനർനിർമിക്കാൻ കഴിഞ്ഞില്ല.
8 കോടി രൂപയുടെ വികസന പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
പാത വികസനത്തിനു ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക പഞ്ചായത്തിനു ഇതുവരെ ലഭിച്ചില്ല.കല്ലുവാതുക്കൽ പാറ പൊട്ടിച്ചു മാറ്റിയ ഭാഗത്തെ പത്ത് ഏക്കറോളം വിസ്തൃതിയുള്ള പാറക്കുളം വിനോദ സഞ്ചാര പദ്ധതി ആരംഭിക്കാൻ ഒന്നര പതിറ്റാണ്ടു മുൻപ് 99 വർഷത്തേക്കു റവന്യു വകുപ്പ് പഞ്ചായത്തിനു പാട്ടത്തിനു നൽകി. എന്നാൽ പദ്ധതി കടലാസിൽ ഒതുങ്ങുകയാണ്.
ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളജ്, ഐഒസി പാചക വാതക ബോട്ടിലിങ് പ്ലാന്റ് എന്നിവ സ്ഥിതി ചെയ്യുന്ന കല്ലുവാതുക്കലിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന ആവശ്യം ലക്ഷ്യത്തിൽ എത്തിയില്ല.
ജില്ലാ അതിർത്തിയിലെ പ്രധാന ജംക്ഷനായ പാരിപ്പള്ളിയിലെ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നവീകരണം വൈകുകയാണ്. ശ്മശാനം സ്ഥാപിക്കുന്നതിനു ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമം അതത് സ്ഥലങ്ങളിൽ ഉയരുന്ന എതിർപ്പു മൂലം വൈകുകയാണ്.
ദേശീയപാത വിസനത്തിന്റെ പേരിൽ മേഖലയിലെ കുന്നുകൾ ഇടിച്ചു മണ്ണെടുക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ ഉയരുന്നുണ്ട്.
ജില്ലയിൽ ആദ്യമായി ബിജെപി അധികാരത്തിൽ വന്ന ഗ്രാമപ്പഞ്ചായത്താണ് കല്ലുവാതുക്കൽ.രണ്ടര വർഷം കഴിഞ്ഞപ്പോൾ അവിശ്വാസ പ്രമേയത്തിൽ ഭരണം നഷ്ടപ്പെട്ടു. തുടർന്നു കോൺഗ്രസിനു ഭരണം ലഭിച്ചു.പഞ്ചായത്തിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞതായി ഭരണ നേതൃത്വം പറഞ്ഞു.
ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
18 വയസ്സിനു മുകളിലുള്ളവർക്ക് ഇവിടെ തൊഴിൽ പരിശീലനം നൽകുന്നു.പഞ്ചായത്തിന്റെ അധീനതയിലുള്ള 5 സ്കൂളുകളിലെ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി. സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കി.
കാർഷിക മേഖലയിൽ എല്ലാ അപേക്ഷകർക്കും ആനുകൂല്യങ്ങൾ നൽകുന്നു.
പട്ടികജാതി കോളനികൾ ഏറെയുള്ള പഞ്ചായത്തിൽ എസ് എടി വിദ്യാർഥികൾക്ക് മേശ കസേര, സൗരോർജ വിളക്ക് എന്നിവ നൽകി. ആരോഗ്യ മേഖലയിൽ വേളമാനൂർ സബ് സെന്റർ സംസ്ഥാനത്തെ മികച്ച സബ് സെന്ററായി തിരഞ്ഞെടുക്കപ്പെട്ടു.
ആയുർവേദ, ഹോമിയോ, സിദ്ധ ആശുപത്രികളുടെ നവീകരണം അന്തിമ ഘട്ടത്തിലാണ്. വെളിച്ച വിപ്ലവം സൃഷ്ടിച്ചു സമ്പൂർണ എൽഇഡി ഗ്രാമം ആയി മാറ്റിയെന്നു പഞ്ചായത്ത് പ്രസിഡന്റ് എൻ.ശാന്തിനി, വൈസ് പ്രസിഡന്റ് പി.പ്രതീഷ് കുമാർ എന്നിവർ പറഞ്ഞു.
അതേസമയം കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ കല്ലുവാതുക്കൽ പ്രദേശം വികസനത്തിൽ പിന്നാക്കം പോയതായി എൽഡിഎഫ് ആരോപിക്കുന്നു.
ഗ്രാമീണ റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. മാർക്കറ്റുകളുടെ സ്ഥിതി ശോചനീയമാണെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.വിജയൻ പറഞ്ഞു.എന്നാൽ ഒട്ടേറെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച തങ്ങളുടെ ഭരണത്തെ അട്ടിമറിച്ചതോടെ വികസനം പ്രതിസന്ധിയിലായതായി ബിജെപി ആരോപിക്കുന്നു.
പാറയിൽ ടൂറിസം പൈലറ്റ് പദ്ധതിക്കു ഫണ്ട് അനുവദിച്ചിരുന്നു.
പാരിപ്പള്ളിയിലെ കമ്യൂണിറ്റി ഹാൾ വികസനത്തിനു പദ്ധതിയിട്ടിരുന്നു. തുടർന്നു വന്നവർക്ക് ഇതൊന്നു നടപ്പാക്കാനായില്ലെന്നു ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്.സത്യപാലൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]