കൈനകരി ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) അഞ്ചാം സീസണിൽ കൈനകരിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് ഇനി 2 നാളുകൾ കൂടി. പമ്പയാറ്റിൽ 19ന് ആണു മത്സരം നടക്കുന്നത്.
ജലോത്സവം വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് ആലോചിക്കാൻ ഇന്നലെ അടിയന്തര സംഘാടക സമിതി യോഗം കൂടി. പഞ്ചായത്ത്, പൊലീസ്, അഗ്നിരക്ഷാസേനാ, റവന്യു അടക്കമുള്ള വകുപ്പുകളിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. വള്ളംകളിയോട് അനുബന്ധിച്ചു സുശക്തമായ പൊലീസ് വിന്യാസം ഒരുക്കും.
കലക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ജലോത്സവം നടക്കുക. ജലോത്സവവുമായി ബന്ധപ്പെട്ടു കൈനകരി പഞ്ചായത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം 19ന് അവധി നൽകിയിട്ടുണ്ട്.
കലക്ടർ അലക്സ് വർഗീസ് ഓൺലൈനായി യോഗം ഉദ്ഘാടനം ചെയ്തു.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. പൊലീസ് മേധാവി മോഹനചന്ദ്രൻ, ടെക്നിക്കൽ കമ്മിറ്റി അംഗം സി.കെ.സദാശിവൻ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രഭാത്, ഡിടിപിസി സെക്രട്ടറി അജേഷ്, എഡിഎം ആശാ സി.ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷീലാ സജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദ മിനിൽ കുമാർ, സ്ഥിരസമിതി അധ്യക്ഷരായ കെ.എ.പ്രമോദ്, നോബിൻ പി.ജോൺ, സബിത മനു എന്നിവർ പ്രസംഗിച്ചു.
ജലോത്സവത്തിനു മുന്നോടിയായി നാളെ ഘോഷയാത്രയും സമ്മേളനവും നടത്തും.
പഞ്ചായത്തിന്റെ 4 മേഖലയിൽ നിന്നു ഘോഷയാത്ര നടത്തും. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, വിദ്യാർഥികൾ അടക്കം ഘോഷയാത്രയിൽ അണിചേരും.
ഉച്ചയ്ക്കു 2.30ന് ആരംഭിക്കുന്ന 4 ഘോഷയാത്രകളും സമ്മേളന വേദിയിൽ എത്തിച്ചേരുന്നതോടെ ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ നടത്തും.
7ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ നാടകം.
19ന് ഉച്ചയ്ക്കു 2നു മന്ത്രി മുഹമ്മദ് റിയാസ് ജലോത്സവം ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.
മന്ത്രി സജി ചെറിയാൻ മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി.പ്രസാദ് സമ്മാനങ്ങൾ നൽകും.
കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. കലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]