തൃക്കരിപ്പൂർ (കാസർകോട്) ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറും (എഇഒ) ആർപിഎഫ് ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതിൽ 7 പേരെ കോടതി റിമാൻഡ് ചെയ്തു.
ബേക്കൽ എഇഒ പടന്നക്കാട്ടെ വി.കെ.സൈനുദ്ദീൻ (52), ആർപിഎഫ് ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ് (48), വെള്ളച്ചാലിലെ സുകേഷ് (30), വടക്കേകൊവ്വലിലെ റയീസ് (40), തൃക്കരിപ്പൂർ കാരോളത്തെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സൽ (23), പടന്നക്കാട്ടെ റംസാൻ (65), ചെമ്പ്രകാനത്തെ നാരായണൻ (60), ചീമേനിയിലെ ഷിജിത്ത് (30) എന്നിവരാണു പിടിയിലായത്.
എഇഒ വി.കെ.സൈനുദ്ദീനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ആകെ 16 പ്രതികളുള്ള കേസിൽ യൂത്ത് ലീഗ് പ്രാദേശികനേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജുദീൻ (46) ഉൾപ്പെടെ ഏഴുപേർ ഒളിവിലാണ്.
സിറാജുദീന്റെ 2 മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. ഇയാൾ ഒഴികെയുള്ള 6 പേർ കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ്.
ഇവരുടെ വിവരങ്ങൾ അതതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയിട്ടുണ്ട്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർഥിയെ സ്വവർഗാനുരാഗികൾ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ് വഴി ബന്ധം സ്ഥാപിച്ചാണ് ഇവർ 2 വർഷത്തോളം പീഡിപ്പിച്ചത്.
ജില്ലയിലെ പല സ്ഥലങ്ങളിലെത്തിച്ച് ഇവർ വിദ്യാർഥിയെ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം വീട്ടിൽ ഒരാളെ സംശയാസ്പദമായി കണ്ട വിദ്യാർഥിയുടെ മാതാവ് ചന്തേര പൊലീസിൽ പരാതി നൽകി.
പിന്നാലെ ചൈൽഡ്ലൈൻ പ്രവർത്തകർ വിദ്യാർഥിയിൽനിന്നു വിവരം ശേഖരിച്ചതോടെയാണു പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നിലവിൽ ചന്തേര, നീലേശ്വരം, ചീമേനി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകൾക്കാണ് അന്വേഷണച്ചുമതല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]