ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബൈപാസിൽ നിർമിക്കുന്ന സമാന്തര പാലത്തിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു. 4 കിലോമീറ്ററോളം ദൂരമുള്ള പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 95% പിന്നിട്ടതോടെയാണു ടാറിങ് ആരംഭിച്ചത്.
തൂണുകൾക്കു മുകളിൽ ഗർഡറുകൾ സ്ഥാപിച്ച് അവയ്ക്കു മുകളിൽ കോൺക്രീറ്റ് ചെയ്യുന്നതു മിക്കയിടത്തും പൂർത്തിയായി. ഇതിനു മുകളിലാണു മൂന്നു പാളികളായി ടാറിങ് ചെയ്യുന്നത്.96 തൂണുകൾക്കു മുകളിൽ നിർമിക്കുന്ന ബൈപാസ് പാലത്തിൽ ഗർഡറുകൾക്കു മുകളിൽ 225 മില്ലിമീറ്റർ കനത്തിലാണു കോൺക്രീറ്റ് ചെയ്തത്.
കോൺക്രീറ്റിനു മുകളിലെ ആദ്യ പാളിയായ ബിറ്റുമിൻ മിശ്രിതമാണ് കഴിഞ്ഞ ദിവസം പാലത്തിൽ ഉറപ്പിച്ചത്. ഇതിനു മുകളിൽ ബിറ്റുമിൻ കോൺക്രീറ്റും അതിനു മുകളിൽ ടാർ മിശ്രിതവും ഉറപ്പിക്കും.
നിലവിൽ കുതിരപ്പന്തി, കാഞ്ഞിരംചിറ റെയിൽവേ മേൽപാലങ്ങളുടെ ഭാഗത്തു തൂണുകളുടെ നിർമാണം പൂർത്തിയായി.
ഇവിടെ റെയിൽപാതയ്ക്കു മുകളിലായി ഗർഡറുകൾ സ്ഥാപിക്കുന്നതിനു റെയിൽവേയുടെ അനുമതി ലഭിക്കാനുണ്ട്. നടപടികൾ പൂർത്തിയായി അനുമതി ലഭിക്കാൻ സമയമെടുത്തേക്കും.
തുടർന്നു ട്രെയിൻ ഗതാഗതം നിയന്ത്രിച്ചാകും ഗർഡർ ഉയർത്തി സ്ഥാപിക്കുക. പാലത്തിൽ തൂണുകൾക്കു മുകളിൽ സ്ഥാപിച്ച ഗർഡർ തകർന്നു വീണ ഭാഗത്തു പുതിയത് സ്ഥാപിക്കാനുമുണ്ട്.
ഇതൊഴികെയുള്ള ഭാഗങ്ങളിൽ ഗർഡറുകൾക്കു മുകളിൽ കോൺക്രീറ്റിങ് പൂർത്തിയായി.
അപ്രോച്ച് റോഡ് ഒന്നുമായില്ല
ബൈപാസിന്റെ ഭാഗമായ പാലത്തിന്റെ നിർമാണം ഏറെ മുന്നേറിയെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണം പിന്നിലാണ്. കളർകോട്, കൊമ്മാടി ഭാഗങ്ങളിൽ നിലവിലെ നിരപ്പിൽ നിന്നു മണ്ണിട്ട് ഉയർത്തി വേണം അപ്രോച്ച് റോഡ് നിർമിക്കാൻ.
എന്നാൽ ഇവിടങ്ങളിൽ ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിൽ ചെറിയ തോതിൽ കയ്യേറ്റമുണ്ട്. ഇത് ഒഴിപ്പിച്ചു തരണമെന്നു കലക്ടർക്കു പാത നിർമാണക്കമ്പനി കത്തു നൽകിയിട്ടുണ്ട്.
ഭൂമി പൂർണമായി ലഭിച്ചാലാകും ഓടയും ഭിത്തികളും കെട്ടിയ ശേഷം മണ്ണിട്ട് ഉയർത്താനാകുക. പാലം പണി ടാറിങ് വരെ എത്തിയെങ്കിലും ആലപ്പുഴ ബൈപാസിന്റെ ആകെ ജോലികളിൽ 55% മാത്രമാണു പൂർത്തിയായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]