ഒടുവിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ ‘അറ്റൻഡ്’ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുന്ന മോദിക്ക് ആശംസകൾ നേരാനായിരുന്നു വിളി.
ട്രംപ് പലവട്ടം ഫോൺ ചെയ്തിട്ടും സംസാരിക്കാൻ മോദി തയാറായില്ലെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഇക്കുറി അദ്ദേഹം പക്ഷേ, ട്രംപുമായി സംസാരിച്ചു.
മോദിയുമായി നല്ല ഫോൺ സംഭാഷണമായിരുന്നെന്നും അദ്ദേഹത്തിന് ജന്മദിനാശംസ നേർന്നെന്നും പറഞ്ഞ ട്രംപ്, മോദി ഗംഭീരമായ ജോലിയാണ് ചെയ്യുന്നതെന്നും യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മോദി നൽകുന്ന പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതിനെ ഇന്ത്യ-യുഎസ് ഭിന്നതയുടെ മഞ്ഞുരുകുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
യുക്രെയ്ൻ പ്രശ്നം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി മോദിയും പറഞ്ഞു. പുറമേ, ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്ക് വീണ്ടും തുടക്കമായതും നേട്ടമാകും.
ഇന്ത്യയുമായി ഇനിയൊരു ചർച്ചയില്ലെന്ന് നേരത്തേ പറഞ്ഞ ട്രംപ്, ഇപ്പോൾ നിലപാട് മയപ്പെടുത്തി. യുക്രെയ്നുമേലുള്ള റഷ്യയുടെ യുദ്ധത്തിന് ‘ഇന്ധനം’ പകരുന്നത് ഇന്ത്യയാണെന്നായിരുന്നു നേരത്തേ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും വിമർശിച്ചിരുന്നത്.
ചൈനയുമായും യുഎസിന്റെ വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്. നവംബറിനകം കരാർ യാഥാർഥ്യമാക്കാനാണ് ശ്രമമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു.
കമ്പനികളുടെ ‘പാദഫല’ ശീലം മാറ്റാൻ ട്രംപ്
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ ഓരോ പാദത്തിലും (ത്രൈമാസം) പ്രവർത്തനഫലം പുറത്തുവിടുന്ന ശീലം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ഓരോ 3 മാസം കൂടുമ്പോഴും പ്രവർത്തനഫലം പ്രസിദ്ധീകരിക്കുത് നല്ല ശീലമല്ല. 6 മാസത്തിലൊരിക്കൽ മതി.
അത് പണം ലാഭിക്കാനും ജീവനക്കാർക്ക് കമ്പനിയുടെ പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. കമ്പനികൾക്കുണ്ടാവേണ്ടത് ദീർഘകാല ലക്ഷ്യങ്ങളാകണമെന്നും ട്രംപ് പറഞ്ഞു.
നിലവിൽ ഇന്ത്യയിലുൾപ്പെടെ കമ്പനികൾ ഓരോ 3 മാസം കൂടുമ്പോഴാണ് പ്രവർത്തനഫലം പ്രസിദ്ധീകരിക്കുന്നത്.
അമേരിക്കൻ ‘പലിശ’ നയം ഇന്ന്, ഡോളർ വീഴുന്നു
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം ഇന്ന് ഇന്ത്യൻ സമയം വൈകിട്ടാണ്. അടിസ്ഥാന പലിശനിരക്ക് 0.25% കുറയ്ക്കാനാണ് സാധ്യത.
അമേരിക്കയിൽ പണപ്പെരുപ്പം കൂടിയെങ്കിലും തൊഴിലവസരങ്ങൾ വൻതോതിൽ ഇടിഞ്ഞത് പലിശയിറക്കത്തിന് വഴിതെളിച്ചിട്ടുണ്ട്.
അതേസമയം, പലിശ കുറയാനുള്ള സാധ്യത ശക്തമായതോടെ ഡോളറും ബോണ്ട് യീൽഡും കനത്ത ഇടിവിലായി. യൂറോ, യെൻ, പൗണ്ട് എന്നിങ്ങനെ ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് രണ്ടരമാസത്തെ താഴ്ചയായ 96.60 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
ആഴ്ചകൾക്ക് മുൻപ് 4.6 ശതമാനമായിരുന്ന 10-വർഷ യുഎസ് ട്രഷറി യീൽഡ് 4.02ലേക്ക് നിലംപൊത്തി.
പലിശനിരക്ക് കുറയുന്നത് ഡോളറിനെയും ബോണ്ടിനെയും അനാകർഷകമാക്കും. ഇതോടെ, സ്വർണനിക്ഷേപങ്ങൾക്ക് സ്വീകാര്യത കൂടുകയും വില കത്തിക്കയറുകയുമാണ്.
രാജ്യാന്തര സ്വർണവില ഔൺസിന് 3,700 ഡോളർ എന്ന നാഴികക്കല്ലിലേക്ക് ഏറക്കുറെ എത്തിക്കഴിഞ്ഞു.
3,695.20 ഡോളർ വരെയെത്തിയ വില, ഇപ്പോഴുള്ളത് പക്ഷേ, ലാഭമെടുപ്പ് തകൃതിയായതിനെ തുടർന്ന് 3,678.6 ഡോളറിൽ. കേരളത്തില് ഇന്നലെ പവൻവില ചരിത്രത്തിലാദ്യമായി 82,000 രൂപ കടന്നിരുന്നു.
ഇന്നും നേരിയ മാറ്റം പ്രതീക്ഷിക്കാം. രൂപ ഇന്നലെ ഡോളറിനെതിരെ 8 പൈസ ഉയർന്ന് 88.08ൽ എത്തി.
ഓഹരികൾക്ക് ചാഞ്ചാട്ടം, ഉയരാൻ ഇന്ത്യ
പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷ ശക്തമാണെങ്കിലും യുഎസ്, ഏഷ്യൻ ഓഹരി വിപണികൾ നഷ്ടത്തിലായി.
പലിശ കുറയ്ക്കുമെങ്കിലും, വരുംമാസങ്ങളിലേക്കുള്ള നിലപാട് (ഫോർകാസ്റ്റ്) എന്തായിരിക്കുമെന്ന സൂചനയും ഫെഡറൽ റിസർവ് നൽകും. ഇതെന്തായിരിക്കുമെന്ന ആശങ്കയാണ് അലടയിക്കുന്നത്.
∙ യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.13%, നാസ്ഡാക് 0.07%, ഡൗ ജോൺസ് 0.27% എന്നിങ്ങനെ താഴ്ന്നു.
∙ ജപ്പാന്റെ കയറ്റുമതി ഓഗസ്റ്റിൽ 0.1% കുറഞ്ഞു.
നിരീക്ഷകർ വിലയിരുത്തിയ 1.9% ഇടിവിനെ അപേക്ഷിച്ച് ഏറെ കുറവാണിത്. ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 0.17% ഉയർന്നു.
∙ ചൈനയിൽ ഷാങ്ഹായ് 0.05% താഴ്ന്നെങ്കിലും ഹോങ്കോങ് സൂചിക 0.71% കയറി.
ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടമാണ് കൊയ്തത്.
സെൻസെക്സ് 0.73% (595 പോയിന്റ് ) കയറി 82,380ൽ എത്തി. നിഫ്റ്റി 0.68% (170 പോയിന്റ്) ഉയർന്ന് 25,29ലും.
ഗിഫ്റ്റ് നിഫ്റ്റി 56 പോയിന്റ് (+0.22%) ഇന്നു രാവിലെ ഉയർന്നെന്നത് മികച്ച പ്രതീക്ഷയാണ് നൽകുന്നതും. ഇന്ത്യ-യുഎസ് വ്യാപാര ചർച്ച വീണ്ടും പോസിറ്റീവ് ട്രാക്കിലായതും യുഎസ് പലിശ കുറയാനുള്ള സാധ്യതകളും ഇന്ത്യയ്ക്ക് നേട്ടമാകും.
ശ്രദ്ധയിൽ ഇവർ
ജർമൻ കമ്പനിയായ ടിസ്സെൻക്രൂപ്പിന്റെ യൂറോപ്യൻ ബിസിനസ് (ടിസ്സെൻക്രൂപ് സ്റ്റീൽ യൂറോപ്) ഏറ്റെടുക്കാൻ ജിൻഡൽ സ്റ്റീൽ ഒരുങ്ങുകയാണ്.
ഡ്രീം11ന് പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായി കേരളം ആസ്ഥാനമായ അപ്പോളോ ടയേഴ്സ് 3 വർഷത്തെ കരാർ നേടി. ടെക് മഹീന്ദ്രയിൽ ഓഹരി പങ്കാളിത്തം 2.004% കൂടി ഉയർത്തി എൽഐസി 10.84 ശതമാനമാക്കി.
സ്വർണവില കുത്തനെ കൂടുന്നത് ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികൾക്ക് ആവേശമായി. സ്വർണപ്പണയ വായ്പകൾക്ക് ഇപ്പോൾ നല്ല ഡിമാൻഡുണ്ട്.
മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടത്തിന്റെ ട്രാക്ക് പിടിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]