പാലക്കാട്: തൃത്താലയിലെ പാലത്തറ – കൊടുമുണ്ട റോഡ് നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
റോഡിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി എം.ബി. രാജേഷ് പ്രശംസിച്ച ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന പി.എം.
അബ്ദുൽ സലീമിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നിർമ്മാണത്തിൽ അപാകതകളില്ലെന്ന മന്ത്രിയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ഹാർബർ വകുപ്പിന്റെ ഈ നടപടി.
പരുതൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തറ – കൊടുമുണ്ട റോഡിൽ, മൂന്ന് കിലോമീറ്റർ ഭാഗം തീരദേശ വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്.
ഹാർബർ വകുപ്പിന്റെ ഒരു കോടി രൂപയും ജലജീവൻ മിഷന്റെ ഒന്നരക്കോടി രൂപയും ചേർത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ, പണി പൂർത്തിയായി കേവലം രണ്ട് മാസത്തിനുള്ളിൽ റോഡിൽ വിള്ളലുകൾ രൂപപ്പെടുകയും ഗതാഗതത്തിന് അനുയോജ്യമല്ലാതാവുകയും ചെയ്തു.
റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ധനകാര്യ വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ട് ചെയ്തത്. 30 സെന്റിമീറ്റർ കനം ആവശ്യമായിരുന്നിടത്ത് അതിന്റെ പകുതി കനം മാത്രമാണ് റോഡിനുള്ളത്, സാങ്കേതിക അനുമതി പ്രകാരമുള്ള പണികൾ പൂർത്തിയാക്കും മുൻപ് കരാറുകാരന് തുക കൈമാറി, 1.53 കോടി രൂപയുടെ പദ്ധതിയെ ഒരു കോടിയുടെയും 53 ലക്ഷത്തിന്റെയും രണ്ട് പദ്ധതികളായി വിഭജിച്ച് അനുമതി നേടി, ഒരു കോടിയുടെ പദ്ധതി ടെൻഡർ നടപടികൾ ഒഴിവാക്കി കരാർ നൽകി എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
അസിസ്റ്റന്റ് എഞ്ചിനീയർ പി.എം. അബ്ദുൽ സലീമിന്റെ മേൽനോട്ടത്തിലായിരുന്നു റോഡ് നിർമ്മാണം.
മികച്ച രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയതിന് മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി എം.ബി. രാജേഷ് ഇദ്ദേഹത്തെ പരസ്യമായി അഭിനന്ദിച്ചിരുന്നു.
പിന്നീട് റോഡിൽ വിള്ളലുണ്ടായപ്പോൾ ഉദ്യോഗസ്ഥരെ ന്യായീകരിച്ചും മന്ത്രി രംഗത്തെത്തി. എന്നാൽ, ധനകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെയും പൊന്നാനി എംഎൽഎ പി.
നന്ദകുമാർ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് അബ്ദുൽ സലീമിനെ സസ്പെൻഡ് ചെയ്തത്.
കരാറുകാരനിൽ നിന്ന് ഒരു കോടി രൂപ തിരിച്ചുപിടിക്കാനുള്ള നടപടികളും ഹാർബർ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]