കുറ്റിയാംവയലിൽ നിന്നു പൂഴിത്തോട്ടേക്കു പോകുന്ന പാതയിൽ താണ്ടിയോട് എസ്റ്റേറ്റ് എത്തുന്നതിനു മുൻപ്, വെസ്റ്റ് ലാൻഡ് എസ്റ്റേറ്റിൽ റോഡിനു വേണ്ടി കെഎസ്ഇബി സ്ഥാപിച്ച കരിങ്കൽക്കുറ്റികൾ കാണാം. 30 വർഷം മുൻപ് റോഡ് നിർമാണം തുടങ്ങിയ കാലത്ത് ബാണാസുര സാഗർ അണക്കെട്ടിന്റെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 15 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ കെഎസ്ഇബി ഇട്ടതാണവ.
പലയിടത്തും ഇങ്ങനെ കെഎസ്ഇബി റോഡ് നിർമാണം നടത്തിയിട്ടുണ്ട്. വനഭൂമിയാണെന്നും അപൂർവ സസ്യജാലങ്ങളുടെ ആവാസ മേഖലയാണെന്നും വനംവകുപ്പ് റിപ്പോർട്ട് നൽകിയ റിപ്പോർട്ട് ശരിയല്ലെന്നതിന്റെ തെളിവാണ് ആ ഭൂമിയിൽ തന്നെയുള്ള കെഎസ്ഇബി റോഡ് എന്ന് കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
2023ൽ ജില്ലാ വികസനസമിതിയുടെ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെയും കർമസമിതിയുടെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത സ്ഥലപരിശോധനയിൽ വനംവകുപ്പിന്റെ പല അവകാശവാദങ്ങളും തെറ്റായിരുന്നുവെന്നു തെളിയുകയും ചെയ്തു.
ഒരു ഈട്ടിമരവും രണ്ട് വെൺതേക്കുമൊഴികെ മറ്റു വിലപിടിപ്പുള്ള മരങ്ങളോ അപൂർവ ജീവികളെയോ കണ്ടെത്താൻ കഴിഞ്ഞില്ല. കാപ്പിയും കുരുമുളകും റബറുമെല്ലാം വിളയുന്ന പ്രദേശത്തെ ആർദ്ര ഇലപൊഴിയും വനം, ആർദ്ര നിത്യഹരിതവനം എന്നിങ്ങനെ ചിത്രീകരിക്കുകയായിരുന്നുവെന്നും സംയുക്ത പരിശോധനയിൽ വ്യക്തമായി.
ബാണാസുര ജലാശയത്തിൽ വളരെ സാധാരണമായ പുള്ളിച്ചുണ്ടൻ താറാവുകളെ വനത്തിനുള്ളിലെ അപൂർവ ഇനം താറാവുകളായാണു വനംവകുപ്പ് റിപ്പോർട്ട് ചെയ്തത്.
എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തുണ്ടാക്കിയ നിക്ഷിപ്ത വനഭൂമിയെ റിസർവ് ഫോറസ്റ്റ് എന്നും വിശേഷിപ്പിച്ചു. ഇങ്ങനെ തയാറാക്കിയ റിപ്പോർട്ടിലെ പരാമർശങ്ങൾ കൂടി കണക്കിലെടുത്താണു 1995ൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം റോഡിനു നിർമാണാനുമതി നിഷേധിച്ചത്.
വേഗതയില്ലാതെ റോഡ് വികസനം
നിർദിഷ്ട
പുറക്കാട്ടിരി–മൈസൂരു ദേശീയപാതയുടെ ഭാഗമായി പടിഞ്ഞാറത്തറ–പൂഴിത്തോട് ചുരമില്ലാ പാതയുടെ വികസനം വേഗത്തിലാക്കണമെന്ന ആവശ്യവും ഏറെ നാളായുള്ളതാണ്. ബെംഗളൂരു–മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത്മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണു റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.
പാതയ്ക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്രസർക്കാർ 2022ൽ അറിയിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.
കഴിഞ്ഞ മാർച്ചിൽ കുട്ട–മൈസൂരു ഗ്രീൻഫീൽഡ് പാതയ്ക്കു വേണ്ടി അലൈൻമെന്റുകൾ തയാറാക്കി ദേശീയപാത അതോറിറ്റിക്കു നൽകാൻ ഗാസിയാബാദ് ആസ്ഥാനമായ ചൈതന്യ പ്രോജക്ട് കൺസൽറ്റൻസിയെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. അടുത്തിടെ, ബന്ദിപ്പൂരിൽ ചരക്കുവാഹനങ്ങൾക്കുള്ള രാത്രിയാത്രാ നിയന്ത്രണം വൈകിട്ട് 6നു തന്നെ തുടങ്ങണമെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
ഇതു നടപ്പിലായാൽ ചരക്കുനീക്കം കൂടുതൽ പ്രതിസന്ധിയിലാകുമെന്നതു കൂടി കണക്കിലെടുക്കുമ്പോൾ ഈ രണ്ടു പാതകളുടെയും പൂർത്തീകരണം ഒഴിവാക്കാനാകാത്തതായി. പുറക്കാട്ടിരി–മൈസൂരു ഇടനാഴി പടിഞ്ഞാറത്തറ–പൂഴിത്തോട് പാത വഴിയാക്കിയാൽ 12 കിലോമീറ്റർ ലാഭിക്കാമെന്നും കുറ്റ്യാടി ചുരത്തിലെ ദുർഘടയാത്ര ഒഴിവാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വഴിതെളിയിക്കാൻ വഴികളേറെ
വയനാട് തരിയോട്ടേയ്ക്കുള്ള പഴയ അലൈൻമെന്റിന്റെ കണക്കുകൾ വച്ചാണു ചില ഉദ്യോഗസ്ഥർ ഇപ്പോഴും ഈ പാതയെ പറ്റി പറയുന്നതെന്നു വിവിധ കർമസമിതികളുടെ പ്രവർത്തകർ പറയുന്നു. പടിഞ്ഞാറത്തറയിലേക്ക് 27.225 കിലോമീറ്റർ വേണ്ടി വരില്ലെന്നും നേരത്തെയുള്ള അലൈൻമെന്റിൽ അനാവശ്യമായ വളവുകളുണ്ടെന്നും അവർ പറയുന്നു.
‘പുതിയ പാതയുടെ വഴിയിലൂടെ പൂഴിത്തോടു മുതൽ പടിഞ്ഞാറത്തറ വരെ നടന്നവരാണു ഞങ്ങൾ.’ കർഷകനും പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് കർമസമിതിയുടെ പ്രവർത്തകനുമായ ബോബൻ വെട്ടിക്കൽ പറഞ്ഞു.
‘19–20 കിലോമീറ്ററേ വരൂ. ഇതിൽ, വനഭൂമിയിലൂടെ കടന്നുപോകുന്നതു 4– 5 കിലോമീറ്റർ മാത്രം. 5 കിലോമീറ്റർ വനത്തിൽ 2 കിലോമീറ്റർ മാത്രമാണു റിസർവ് വനം.
ബാക്കി,3 കിലോമീറ്റർ വരുന്നതു നിക്ഷിപ്ത വനഭൂമിയിലൂടെയാണ്.
ബാണാസുര സാഗർ അണക്കെട്ടു നിർമാണ സമയത്തു കെട്ടിയ വീടുകളുടെയും ചില എസ്റ്റേറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഈ വനഭൂമിയിൽ ഞങ്ങൾ കണ്ടു. ഇതിൽ തന്നെ, വനത്തിലെ വിലങ്ങൻപാറ തുരന്ന് 100 മീറ്റർ പാത നിർമിച്ചാൽ ദൂരം 2 കിലോമീറ്റർ കണ്ടു പിന്നെയും കുറയും. കയറ്റവും കുറയ്ക്കാം.
1994ലെ കണക്കു പ്രകാരം 1500 മരങ്ങളാണു മുറിക്കേണ്ടിയിരുന്നത്. ഇന്ന് 400 മരങ്ങളേയുള്ളു.
അതും പാഴ്മരങ്ങളാണ്. വിലപിടിപ്പുള്ളതോ പരിസ്ഥിതി പ്രാധാന്യമുള്ളതോ ആയ മരങ്ങൾ മുറിക്കേണ്ടവയിലില്ല.’ ബോബൻ പറഞ്ഞു.
ഒത്തുപിടിച്ചാൽ മലയും പോരും
പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് നിർമാണം വേഗത്തിലാക്കാൻ ക്രിയാത്മക ഇടപെടൽ നടത്താനാകുക വനംവകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ്. പാത വന്നാൽ ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാകുന്നതു ടൂറിസം മേഖലയ്ക്കാണ്.
ഈ വകുപ്പുകളുടെ മന്ത്രിമാരും കോഴിക്കോട് ജില്ലയിൽനിന്നു തന്നെയുള്ള ജനപ്രതിനിധികളുമായ പി.എ. മുഹമ്മദ് റിയാസും എ.കെ.
ശശീന്ദ്രനും പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡിന്റെ കാര്യത്തിൽ താൽപര്യമെടുക്കുന്നുണ്ടെന്നതാണു പ്രതീക്ഷ. ഷാഫി പറമ്പിൽ എംപി, ടി.പി.
രാമകൃഷ്ണൻ എംഎൽഎ, ടി. സിദ്ദീഖ് എംഎൽഎ എന്നിവരും പാത യാഥാർഥ്യമാക്കാൻ ഇടപെടുന്നു.
രണ്ടു ജില്ലകളിലെയും സർവേ പൂർത്തിയായ സാഹചര്യത്തിൽ ഇനിയുള്ള ഓരോ ഘട്ടവും ശ്രദ്ധയോടെ നീക്കണം.
കൃത്യവും ശാസ്ത്രീയവുമായ വിശദപദ്ധതി റിപ്പോർട്ട് തയാറാക്കി പുതിയ പ്രപ്പോസൽ നൽകുകയാണു പ്രധാനം. അനുമതി നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഉദ്യോഗസ്ഥർ തയാറാക്കുന്നത് എന്നതിൽ ജനപ്രതിനിധികളുടെ മേൽനോട്ടമുണ്ടാകണം.
പൂഴിത്തോട്–പടിഞ്ഞാറത്തറ ചുരമില്ലാ പാത, ചിപ്പിലിത്തോട്– തളിപ്പുഴ ചുരം ബദൽപാത, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപ്പാത, മൈസൂരു–പുറക്കാട്ടിരി സാമ്പത്തിക ഇടനാഴി, അമ്പായത്തോട്–40ാം മൈൽ റോഡ് ഇവയെല്ലാം സമയബന്ധിതമായി പൂർത്തിയായാൽ മാത്രമേ വയനാടിന്റെ യാത്രാപ്രതിസന്ധിക്ക് ആശ്വാസമാകൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]