അടിമാലി ∙ ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ നവീകരണ ജോലികൾ തടസ്സപ്പെട്ടിട്ട് 2 മാസം കഴിഞ്ഞിട്ടും പ്രവൃത്തികൾ തുടങ്ങാനുള്ള തുടർനടപടികൾ സ്വീകരിക്കാതെ സർക്കാർ. കഴിഞ്ഞ ജൂലൈ 10നാണ് കോടതിവിധിയുടെ പശ്ചാത്തലത്തിൽ 14.5 കിലോമീറ്റർ ദൂരത്തിലെ നവീകരണ ജോലികൾ തടസ്സപ്പെട്ടത്.പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു വേണ്ടി അഡിഷനൽ ചീഫ് സെക്രട്ടറി നൽകിയ തെറ്റായ സത്യവാങ്മൂലത്തെ തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ നടന്നുവന്നിരുന്ന നവീകരണ ജോലികൾ തടസ്സപ്പെട്ടത്.
ഇതിനെതിരെ 3 ഹർത്താലുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അടിമാലി മേഖലയിൽ നടന്നു.
തുടരുന്ന യാത്രാദുരിതം
10 മീറ്റർ വീതിയിൽ ടാറിങ് ജോലികൾ നടത്തുന്നതിനുള്ള നവീകരണ പ്രവൃത്തികളാണ് വനമേഖലയിൽ നടന്നു വന്നിരുന്നത്. ഇതുപ്രകാരം നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ പലയിടങ്ങളിലും പാതയുടെ ഇരുവശത്തും സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചിരുന്നു.
ഇതോടൊപ്പം ചിലയിടങ്ങളിൽ മണ്ണ് നീക്കം ചെയ്ത് കോൺക്രീറ്റ് ജോലികൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരുന്നതിനിടെയാണ് കടിഞ്ഞാൺ വീണത്. നവീകരണ ജോലികൾ തടസ്സപ്പെട്ടതോടെ മണ്ണിടിഞ്ഞും മരം വീണും ഇതുവഴിയുള്ള വാഹന ഗതാഗതം ദുരിതമായി മാറുകയാണ്.
14.5 കിലോമീറ്റർ ദൂരത്തിലെ കട്ടിങ് സൈഡ് പൂർണമായി തന്നെ മണ്ണിടിച്ചിലിന്റെ പിടിയിലാണ്.
ഇതോടൊപ്പമാണ് മരങ്ങൾ കടപുഴകി വീണും ഗതാഗതം തടസ്സപ്പെടുന്നത്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിൽ 100 അടി വീതിയിലുള്ള പാതയ്ക്ക് വനം വകുപ്പ് യാതൊരു തടസ്സങ്ങളും ഉണ്ടാക്കരുതെന്ന് ഹൈക്കോടതി വിധി നിലവിലുണ്ട്. ഇത് പുനഃസ്ഥാപിക്കുന്നതിന് സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ജലരേഖയായി മാറുകയാണ്.
നിസ്സംഗതയോടെ സർക്കാർ
ദേശീയപാതയിലെ നിർമാണ തടസ്സം മാറ്റുന്നതിന് ഹൈക്കോടതിയിൽ അനുകൂലമായ സത്യവാങ്മൂലം ഉടൻ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചു 2 മാസം കഴിഞ്ഞിട്ടും നടപടിയില്ല.
അനുകൂലമായ സത്യവാങ്മൂലം കോടതിയിൽ നൽകുന്നതിന് സർക്കാർ തയാറായിട്ടില്ല. നാളെ കേസ് വീണ്ടും കോടതിയിൽ എത്തുമ്പോൾ നവീകരണ ജോലികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് കാത്തിരിക്കുകയാണ് മലയോര ജനത.
കോടതിയിൽ അനുകൂല സത്യവാങ്മൂലം നൽകുന്നില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം കടുപ്പിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്.
നേര്യമംഗലം – പാംബ്ല – കല്ലാർകുട്ടി റോഡിൽ തിരക്കേറുന്നു
ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിലെ ഗതാഗതക്കുരുക്കും ശോച്യാവസ്ഥയും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. പകരം നേര്യമംഗലത്തു നിന്ന് ലോവർപെരിയാർ – പാംബ്ല – പനംകുട്ടി വഴിയുള്ള റോഡാണ് യാത്രക്കാർ തിരഞ്ഞെടുക്കുന്നത്.
ദൂരം അൽപം കൂടുമെങ്കിലും ഗട്ടറില്ലാത്ത റോഡാണിത്. കൊന്നത്തടി, രാജാക്കാട്, രാജകുമാരി, ബോഡിമെട്ട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇതുവഴിയുള്ള യാത്ര വലിയ സമയനഷ്ടം ഉണ്ടാക്കുന്നില്ല.
ഇതോടൊപ്പം മൂന്നാറിലേക്കുള്ള യാത്രക്കാർ പനംകുട്ടി – വെള്ളത്തൂവൽ – ആനച്ചാൽ വഴിയും കൂടുതലായി ഉപയോഗിക്കുന്നു.
വിട്ടൊഴിയാതെ അപകടങ്ങൾ
കഴിഞ്ഞ 2 മാസത്തിനുള്ളിൽ ഇരുപതിലേറെ മരങ്ങളാണ് റോഡിലേക്ക് പതിച്ചത്. കൂടുതൽ മരങ്ങൾ ഏതുനിമിഷവും നിലംപൊത്തുമെന്ന സാഹചര്യത്തിലാണ്.
വാഹനാപകടങ്ങളുടെ കണക്ക് പറയേണ്ടതില്ല. ദിവസം ഒരപകടമെങ്കിലും ഉറപ്പാണ്.
എന്നിട്ടും സർക്കാരും വനം വകുപ്പും പാതയുടെ നിർമാണത്തിനു തടസ്സം നിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.മഹേഷ് വാളറ, ഹൈവേ ജാഗ്രതാ സമിതി പ്രവർത്തകൻ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]