കൊച്ചി ∙
മർദനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ എസ്എഫ്ഐ നേതാവ് നൽകിയ ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനു നിർദേശം. എസ്എഫ്ഐ പത്തനംതിട്ട
ജില്ലാ മുൻ പ്രസിഡന്റ് കെ.ജയകൃഷ്ണനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട്
സമീപിച്ചിരിക്കുന്നത്. 2012–13ൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന സമയം അന്ന് കോന്നി സിഐ ആയിരുന്ന മധുബാബു തന്നെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. മധുബാബുവിനും കോന്നി എസ്ഐ ആയിരുന്ന കെ.ഗോപകുമാറിനുമെതിരെ കേസെടുക്കണമെന്നാണ് ജയകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് മധുബാബുവിനെതിരെ വിവിധ സ്ഥലങ്ങളിൽനിന്ന് അടുത്തിടെ പരാതികൾ ഉയര്ന്നിരുന്നു.
ഇതിലൊന്നാണ് ജയകൃഷ്ണന്റേത്. 2012 ജനുവരി ആദ്യം അർധരാത്രി മധുബാബുവും ഗോപകുമാറും മറ്റു പൊലീസുകാരുമടങ്ങുന്ന സംഘം വീട്ടിൽനിന്നു തന്നെ പിടിച്ചു കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചെന്ന് ഹർജിയിൽ പറയുന്നു.
തുടർന്ന് മർദിച്ചു, കാൽവെള്ളയിൽ ചൂരൽകൊണ്ട് അടിച്ചുപൊട്ടിച്ച ശേഷം കുരുമുളക് സ്പ്രേ അടിച്ചു. തുടർന്ന് ഹർജിക്കാരനെ പത്തനംതിട്ട
സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ കേസൊന്നുമില്ലെന്ന് മനസ്സിലായതിനു പിന്നാലെ തിരിച്ച് കോന്നിയിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് നേരത്തേ റജിസ്റ്റർ ചെയ്തിരുന്ന ഒരു കേസിൽ തന്നെ 12ാം പ്രതിയാക്കിയത്.
തനിക്ക് മർദനമേറ്റ കാര്യം കോടതിയിൽ ഹാജരാക്കിയ സമയത്ത് ജയകൃഷ്ണൻ വ്യക്തമാക്കുകയും െചയ്തിരുന്നു. അന്നു മന്ത്രിയായിരുന്ന അടൂർ പ്രകാശിന്റെ കോന്നിയിലെ ഓഫിസിലേക്കുള്ള മാർച്ചിനെ തുടർന്നായിരുന്നു ജയകൃഷ്ണന്റെ അറസ്റ്റ്.
മധുബാബുവിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുമ്പും പരാതികൾ നൽകിയിരുന്നെങ്കിലും ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നു.
തുടർന്ന് നൽകിയ ഒരു പരാതിയിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുകയും മധുബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായി ഹർജിയിൽ പറയുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് മധുബാബുവിനെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]