ന്യൂഡൽഹി∙ ഏറക്കുറെ സ്തംഭിച്ച ഇന്ത്യ–യുഎസ് വ്യാപാര ചർച്ച ഇന്ന് പുനരാരംഭിക്കുന്നു. യുഎസ് വ്യാപാര പ്രതിനിധിയും ചീഫ് നെഗോഷ്യേറ്ററുമായ ബ്രെൻഡൻ ലിഞ്ച് ഇന്ന് ഡൽഹിയിലെത്തി വാണിജ്യ മന്ത്രാലയ പ്രതിനിധികളുമായി ചർച്ച നടത്തും.
ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നീക്കങ്ങളെന്ന് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
5 റൗണ്ട് ചർച്ചകളാണ് ഇതിനകം കഴിഞ്ഞത്. ആറാം റൗണ്ട് ചർച്ച ഓഗസ്റ്റ് 25–29 തീയതികളിൽ നടക്കാനിരിക്കെയാണ് ഇരട്ടത്തീരുവ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുകയും വ്യാപാര ചർച്ചകൾ വഴിമുട്ടുകയും ചെയ്തത്.
ഇന്ന് നടക്കാനിരിക്കുന്നത് ആറാം റൗണ്ട് ചർച്ചയല്ലെന്നും അടുത്ത റൗണ്ടിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയാണെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു.
വ്യാപാര വിഷയങ്ങൾക്കു പുറമേ മറ്റ് ചില വിഷയങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടെന്ന സൂചനയും മന്ത്രാലയ വൃത്തങ്ങൾ നൽകി.
അവ നയതന്ത്രതലത്തിൽ പരിഹരിക്കാൻ സമാന്തരമായ ശ്രമം നടക്കുന്നുണ്ട്. വിദേശകാര്യമന്ത്രാലയം അടക്കമുള്ളവ യുഎസുമായുള്ള ചർച്ചയിൽ ഭാഗമാണ്.
ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ തുടരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ കേന്ദ്രസർക്കാർ ഒരാഴ്ച മുൻപ് പിന്തുണച്ചിരുന്നു.
ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും യുഎസും ഏറെ അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്നു പറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയൻ: അടുത്ത റൗണ്ട് ചർച്ച ഒക്ടോബർ 6ന്
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാനുള്ള 14–ാം റൗണ്ട് ചർച്ച ഒക്ടോബർ 6 മുതൽ 10 വരെ നടക്കും. 13–ാം റൗണ്ട് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
എത്രയും വേഗം കരാർ ഒപ്പിടാനാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കരാറിന്റെ ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും മുൻപ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇയു എഫ്ടിഎ യാഥാർഥ്യമായാൽ ഇന്ത്യ ഭാഗഭാക്കാകുന്ന ഏറ്റവും വലിയ വ്യാപാര കരാറായി ഇത് മാറും. വിസ്കി, വൈൻ, കാറുകൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കണമെന്നതാണ് ഇയുവിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
യൂറോപ്യൻ യൂണിയനുമായുള്ള കരാർ യാഥാർഥ്യമായാൽ ഇന്ത്യയിലെ ടെക്സ്റ്റൈൽസ് ബിസിനസിനു നേട്ടമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]