ബത്തേരി∙ ഡിസിസി മുൻ ട്രഷററായിരുന്ന എൻ.എം. വിജയന്റെ പേരിൽ ബത്തേരി അർബൻ ബാങ്കിലുള്ള വായ്പയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ നാളിതുവരെ ഒരു രീതിയിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് ബാങ്ക് ചെയർമാൻ ഡി.പി.
രാജശേഖരനും ഭരണ സമിതി അംഗങ്ങളും അറിയിച്ചു. 69 ലക്ഷം രൂപയുടെ ബാധ്യതയാണ് എൻ.എം.
വിജയന് ബാങ്കിലുള്ളത്. പലിശയിളവു നൽകിയാൽ തന്നെ അത് 63 ലക്ഷമുണ്ടാകും.
ഈ ബാധ്യതയുടെ പേരിൽ നടപടികളെടുക്കരുതെന്നും സാവകാശം നൽകണമെന്നും എംഎൽഎമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും ആവശ്യപ്പട്ടിരുന്നു.
കെപിസിസി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൽപറ്റയിൽ വച്ച് എൻ.എം.
വിജയന്റെ കുടുംബാംഗങ്ങളുമായി നേതാക്കൾ നടത്തിയ ചർച്ചയ്ക്കു ശേഷം ബാങ്കിലുള്ള വായ്പ സംബന്ധിച്ച് അവർ വിവിധ വശങ്ങൾ പരിശോധിച്ചു വരികയാണ്. ഇത്തരത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടിരിക്കെ ഒരു വിധത്തിലും എൻ.എം.
വിജയന്റെ കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കുകയോ വായ്പ വേഗത്തിൽ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയോ നോട്ടിസ് അയക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ബോർഡ് യോഗത്തിലും വായ്പ സംബന്ധിച്ച് ചർച്ച വന്നിരുന്നു. പാർട്ടിയിൽ നിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ നടപടി പാടില്ലെന്ന് ഐ.സി.
ബാലകൃഷ്ണൻ എംഎൽഎയും പറഞ്ഞിരുന്നു.2007 നവംബർ 17നാണ് എൻ.എം. വിജയൻ 10 ലക്ഷം രൂപ ബാങ്കിൽ നിന്ന് ബിസിനസ് വായ്പയെടുക്കുന്നത്.
ഒഡിയായി നൽകിയ വായ്പ 3 വർഷത്തിനു ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കി.2014 സെപ്റ്റംബർ 1ന് വീണ്ടും 25 ലക്ഷം രൂപയാക്കി ഉയർത്തി.2017 നവംബർ 10ന് ബിസിനസ് വായ്പ കാർഷികവായ്പയാക്കി മാറ്റി.2019 ഡിസംബർ 31ന് ഇത് 40 ലക്ഷമാക്കി ഉയർത്തി.
2021 ഏപ്രിൽ 26നാണ് വായ്പ അവസാനമായി പുതുക്കിയത്. പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല. അനുവദിക്കപ്പെട്ട
വായ്പയിൽ നിന്ന് ആവശ്യാനുസരണം ബിസിനസ് ആവശ്യത്തിനായി ഗഡുക്കളായാണ് എൻ.എം. വിജയൻ പണം എടുത്തിരുന്നത്.എൻ.എം.
വിജയൻ ബാങ്കിൽ നിന്നെടുത്ത വായ്പ പാർട്ടിയുടെ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതല്ല. വ്യക്തിപരമായി എടുത്തതാണ്.
തിരിച്ചടവിനായി ഏതെങ്കിലും വിധത്തിൽ സമ്മർദ്ദം ചെലുത്തുകയോ വാക്കാൽ പോലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
വായ്പാ തിരിച്ചടവിനായി ഇനിയും സാവകാശം കൊടുക്കേണ്ടതില്ലെന്ന് പാർട്ടി നേതൃത്വത്തിൽ നിന്ന് നിർദേശം വന്നാൽ തുടർ നടപടികളുമായി മുന്നോട്ടു പോകും .കടബാധ്യത സിപിഎം ഏറ്റെടുക്കുമെന്ന് പറയുന്നത് അപഹാസ്യമാണ്. അവരുടെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിൽ ലക്ഷങ്ങൾ നിക്ഷേപിച്ച നൂറുകണക്കിനാളുകൾ ഇന്ന് വഴിയാധാരമാണ്.
ആദ്യം അവരുടെ ബാധ്യതകൾ സിപിഎം തീർക്കട്ടെയെന്നും ഡി.പി. രാജശേഖരൻ പറഞ്ഞു.
ബാങ്ക് ഡയറക്ടർമാരായ സി.ബാലൻ, ബേബി വർഗീസ്, കെ.എം. ഹൈറുദ്ദീൻ, കെ.കെ.
നാരായണൻ കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായ്പ എടുത്ത സമയത്ത് ബിസിനസ് ഉണ്ടായിരുന്നില്ലെന്ന് കുടുംബം; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകുമെന്ന് പത്മജ
ബത്തേരി∙ അർബൻ ബാങ്കിൽ നിന്ന് എൻ.എം വിജയൻ വായ്പയെടുത്ത 2007 ൽ അദ്ദേഹത്തിന് ബിസിനസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും മുഴുവൻ സമയ പാർട്ടി പ്രവർത്തകനായിരുന്നെന്നും മരുമകൾ പത്മജ പറഞ്ഞു. നുണക്കഥകൾ മെനഞ്ഞുള്ള സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകും.
മുൻപ് അധിക്ഷേപിച്ച ഒരു ഡിസിസി അംഗം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഐഒബി ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പയടുത്ത് 2013 ന് ശേഷമാണ് എൻ.എം.
വിജയൻ മെഡിക്കൽ ഷോപ് തുടങ്ങിയത്.
താൻ ബിസിനസ് തുടങ്ങിയത് 2019 മുദ്ര ലോൺ എടുത്താണ്. കടബാധ്യത സംബന്ധിച്ച് അച്ഛൻ കത്തിലെഴുതി വച്ച കാര്യങ്ങളാണ് ഞാൻ പറയുന്നത്.
അത് കള്ളമാണെന്നാണോ കോൺഗ്രസ് പറയുന്നത്.പാർട്ടിക്കു വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് കത്തിൽ വ്യക്തമാണ്. ബാങ്കിൽ മാത്രമല്ല കടമുള്ളത്.
ഭീമമായ സംഖ്യ വേറെയുണ്ട്. ബാങ്കിൽ പണയമിരിക്കുന്ന രേഖകൾ കിട്ടിയാൽ മാത്രമേ വീടും സ്ഥലവും വിറ്റ് മറ്റ് കടങ്ങൾ വീട്ടാനാകൂ.
ജൂൺ 30ന് ബാധ്യത തീർത്തു തരാമെന്ന് കോൺഗ്രസ് നേതൃത്വം തന്നെയാണ് പറഞ്ഞിരുന്നത്. കോൺഗ്രസ് നേതൃത്വം കയ്യൊഴിയുന്നതു കൊണ്ടാണല്ലോ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് മനുഷ്യത്വപരമായ നിലപാടുണ്ടാകുന്നത്.
മുൻപ് എം.വി. ഗോവിന്ദൻ വന്നപ്പോൾ എൻ.എം.
വിജയന്റെ കുടുംബത്തിന് വേറൊരു പാർട്ടിയുടെ ഔദാര്യം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തന്നെയാണ് പറഞ്ഞത്. അതേ നേതൃത്വം കയ്യൊഴിഞ്ഞതു കൊണ്ടാണല്ലോ മറ്റു പാർട്ടികൾ ഇടപെടുന്നത്. കോൺഗ്രസിലുണ്ടായിരുന്ന വിശ്വാസം പൂർണമായി നഷ്ടപ്പെട്ടെന്നും പത്മജ പറഞ്ഞു.കടബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പറയുകയും എൻ.എം.
വിജയന്റെ കുടുംബം സഹായം ആവശ്യപ്പടുകയും ചെയ്താൽ ബാധ്യത സിപിഎം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ബത്തേരിയിലേത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]