കടപ്ര ∙ കണ്ണശ്ശ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടം അടച്ചു. കെട്ടിടം സുരക്ഷിതമല്ലെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഇവിടെ പ്രവർത്തിച്ചിരുന്ന യുപി ക്ലാസുകൾ സമീപത്തെ ഗവ. എൽപി സ്കൂളിലേക്കും ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി കെട്ടിടത്തിലേക്കും മാറ്റി.
പ്രഥമ അധ്യാപികയുടെ മുറി, ഓഫിസ്, ലാബ് എന്നിവയ്ക്ക് സ്ഥലം ലഭിക്കാത്തതിനാൽ ഇതേ കെട്ടിടത്തിൽ തന്നെയാണിപ്പോഴും പ്രവർത്തിക്കുന്നത്. ഹൈസ്കൂളിനു വേണ്ടി 1968ൽ നിർമിച്ച കെട്ടിടമാണ് അടച്ചുപൂട്ടിയത്.
കെട്ടിടത്തിന്റെ മേൽക്കൂരയുടെ സിമന്റ് പാളികൾ 4 വർഷത്തോളമായി തുടർച്ചയായി അടർന്നു വിഴുകയായിരുന്നു.
ഹൈസ്കൂൾ വിഭാഗത്തിനു കെട്ടിടം നിർമിക്കുന്നതിനു നിലവിൽ തുക ഒന്നും അനുവദിച്ചിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗം കെട്ടിടം നിർമിക്കുന്നതിന് കിഫ്ബിയിൽ 5 കോടി രൂപ അനുവദിച്ചതിൽ മൂന്നരക്കോടി രൂപയുടെ പണി മാത്രമേ നടത്തിയിട്ടുള്ളു.
ബാക്കി പണം ചെലവഴിച്ചിട്ടില്ല. സ്കൂളിൽ പൊളിച്ചുനീക്കിയ ഓഡിറ്റോറിയത്തിനു പകരം പുതിയത് നിർമിക്കാൻ മാത്യു ടി.തോമസ് എംഎൽഎ അനുവദിച്ച 83 ലക്ഷം രൂപ ഉപയോഗിക്കാതെ തിരികെ നൽകിയിരുന്നു.
ഇതോടെ ഓഡിറ്റോറിയത്തിന്റെ നിർമാണവും നടന്നില്ല.
അധ്യയന വർഷത്തിന്റെ ആരംഭത്തിൽ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് എടുത്ത എൻജിനീയർ 21 ലക്ഷം രൂപ മതിയെന്ന് അറിയിച്ചതോടെ ബാക്കി പണം നെടുമ്പ്രം പുതിയകാവ് സ്കൂളിനു നൽകി.
അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന ഉറപ്പിൽ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെട്ടിടത്തിനു ഫിറ്റ്നസ് നൽകി.
കൊല്ലത്ത് സ്കൂളിൽ വൈദ്യുത ലൈനിൽനിന്നു ഷോക്കേറ്റു വിദ്യാർഥി മരിച്ച സംഭവത്തിനുശേഷം സർക്കാർ നിർദേശപ്രകാരം വീണ്ടും പരിശോധന നടത്തിയപ്പോൾ കെട്ടിടം സുരക്ഷിതമല്ലെന്നു കണ്ടെത്തി പ്രവർത്തനാനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് സ്കൂളിന്റെ പ്രവർത്തനം മാറ്റിയതും കെട്ടിടം പൂട്ടിയതും.
ഹയർ സെക്കൻഡറിക്കു വേണ്ടി നിർമിച്ച കെട്ടിടത്തിൽ ഹൈസ്കൂളിനു ആവശ്യമായ ക്ലാസ് മുറികൾ ഇല്ല.
എച്ച്എസ്എസ് ക്ലാസുകൾ ലാബിലേക്കു മാറ്റി 2 മുറികളാണ് 3 ക്ലാസുകൾക്കു വേണ്ടി നൽകിയത്. ഹൈസ്കൂളിലെ 2 ക്ലാസുകൾ ഒരു മുറിയിലാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂളിലെ കംപ്യൂട്ടർ ലാബ് അടച്ചുപൂട്ടിയ കെട്ടിടത്തിലാണ്.
ഇതിൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്നു നിർദേശം ഉള്ളതിനാൽ കംപ്യൂട്ടറുകൾ ഇതിൽ നിന്ന് അധ്യാപകർ പുറത്തെടുത്ത് ക്ലാസ് മുറികളിൽ എത്തിച്ചാണ് പഠിപ്പിക്കുന്നത്.
ഗവ. എൽപി സ്കൂളിലെ ഹാളിനെ 3 മുറികളാക്കി തിരിച്ചാണ് യുപി വിഭാഗം സൗകര്യം കണ്ടെത്തിയത്.
സ്കൂളിലെ ലാബ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന കെട്ടിടവും സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതു പൊളിച്ചുനീക്കാൻ നേരത്തേ നിർദേശം ഉണ്ടെങ്കിലും നടപടിയായിട്ടില്ല. എച്ച്എസ്എസ് ബ്ലോക്കിന്റെ തൊട്ടു മുൻപിലുള്ള പഴയ കെട്ടിടത്തിലാണ് സ്കൂളിലെ പുതിയ പരിശീലന കേന്ദ്രത്തിന്റെ ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]