ആലപ്പുഴ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) 19ന് കൈനകരി വള്ളംകളിയോടെ ആരംഭിക്കാനിരിക്കെ, ലീഗിന്റെ നടത്തിപ്പിനുള്ള തുക കണ്ടെത്താനാകുമോയെന്ന് ആശങ്ക. സിബിഎൽ അഞ്ചാം സീസണിനായി 8.96 കോടി രൂപ മാത്രമാണു ബജറ്റിൽ അനുവദിച്ചത്.
സിബിഎലിനായി ഏറ്റവും കുറവു തുക ബജറ്റിൽ അനുവദിച്ച വർഷമാണിത്. വടക്കൻ കേരളത്തിലെ ചെറുവള്ളംകളികൾ ഉൾപ്പെടെ 14 വള്ളംകളികൾ ഈ തുകയിൽ നിന്നു നടത്തേണ്ടതിനാൽ വലിയ പരസ്യ വരുമാനം ഉറപ്പാക്കണം.
ഇല്ലെങ്കിൽ ഇത്തവണ ഭീമമായ കടമുണ്ടാകാനാണു സാധ്യത.
സിബിഎൽ ആദ്യ സീസണിന് 25 കോടി രൂപ അനുവദിച്ചപ്പോൾ നാലാം സീസണിനായി 9.96 കോടി രൂപയാണു 2024ലെ ബജറ്റിൽ അനുവദിച്ചത്. മത്സരങ്ങളുടെ എണ്ണം 12ൽ നിന്ന് ആറായി കുറച്ചതോടെ സർക്കാർ ധനസഹായവും 6 കോടിയാക്കി ചുരുക്കി.
ഈ സീസൺ പൂർത്തിയായപ്പോൾ രണ്ടു കോടിയോളം രൂപയുടെ കടമുണ്ടായിരുന്നു. ഇത് 2025ലെ ബജറ്റ് വിഹിതത്തിൽ നിന്നാണു കൊടുത്തത്.
ബാക്കിയുള്ള 7 കോടിയിൽ താഴെ തുകയിലാണ് 14 വള്ളംകളികൾ നടത്തേണ്ടത്.
ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്ന 11 മത്സരങ്ങളാണുള്ളത്. ഓരോ മത്സരത്തിലും ഒരു ചുണ്ടന് 4 ലക്ഷം രൂപ വീതം ബോണസ് നൽകണം.
ഇതിനായി മാത്രം 3.96 കോടി രൂപ വേണം. ഓരോ മത്സരത്തിന്റെയും വിജയിക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും.
രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷവും വീതം ലഭിക്കും. സിബിഎൽ സമാപിക്കുമ്പോൾ സീസണിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളത്തിനു സിബിഎൽ സമ്മാനത്തുകയായി 25 ലക്ഷം രൂപ ലഭിക്കും.
രണ്ടാം സ്ഥാനത്തിന് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷവും ലഭിക്കും. സമ്മാനത്തിനായി 1.49 കോടി രൂപയും വേണം.
ബാക്കിയുള്ള തുകയിൽ വള്ളംകളിയുടെ ട്രാക്കും വേദിയും തയാറാക്കലും പരിപാടികൾ സംഘടിപ്പിക്കലുമെല്ലാം കൂടി നടക്കില്ല.
ഇത്തവണ കായംകുളം, മറൈൻഡ്രൈവ് തുടങ്ങിയ വള്ളംകളികൾ നടത്തണമെങ്കിൽ ട്രാക്കിൽ ഡ്രജിങ് ഉൾപ്പെടെ വേണ്ടിവരും. ലീഗ് നടത്തിപ്പിന്റെ ചെലവും ഇതിലൂടെ ഉയരും.
പരസ്യ വരുമാനം കണ്ടെത്താൻ ഏജൻസിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും വൻതുക കണ്ടെത്തിയെങ്കിലേ ബാധ്യതയില്ലാതെ വള്ളംകളി നടത്താനാകൂ. നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണ ഏജൻസികളെ നിയോഗിച്ചതോടെ റെക്കോർഡ് വരുമാനം ലഭിച്ചതായാണു സംഘാടകർ പറയുന്നത്.
ഇതാണു സിബിഎൽ അധികൃതർക്കും പ്രതീക്ഷ നൽകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]